16 January Saturday
ഹിറ്റായി ബ്രേക്ക്‌ ദ ചെയിൻ

നമ്മൾ രക്ഷിച്ചു പതിനായിരത്തിലധികം പേരെ ; ക്വാറന്റൈൻ, റൂട്ട്‌ മാപ്പ്‌: മുമ്പേ പറന്ന്‌ നമ്മൾ

അശ്വതി ജയശ്രീUpdated: Saturday Nov 28, 2020

ലോകത്തെ മൊത്തം കോവിഡ്‌ രോഗികൾ: 6,14,12,579
മരണം: 14,39,993 (മരണ നിരക്ക്‌: 2.34 ശതമാനം).

ഈ നിരക്കിൽ കേരളത്തിൽ മരണം സംഭവിച്ചിരുന്നെങ്കിൽ 13,659 പേർ നമ്മെ വിട്ടുപിരിഞ്ഞേനെ! പക്ഷെ മരിച്ചത്‌ 2149 മാത്രം. ശരിയായ ആരോഗ്യ നയവും ഫലപ്രദമായ  സർക്കാർ ഇടപെടലും ഇതുവരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌  
പതിനായിരത്തിലധികം പേരെ

ക്വാറന്റൈൻ, റൂട്ട്‌ മാപ്പ്‌: മുമ്പേ പറന്ന്‌ നമ്മൾ
ചൈനയിൽ കോവിഡ്‌ റിപ്പോർട്ട്‌ ചെയ്തത്‌ 2019 ഡിസംബറിലാണ്‌, ഏകദേശം ഒരു വർഷംമുമ്പ്‌. എന്നാൽ, ഇന്ത്യയിൽ രോഗം സ്ഥിരീകരിക്കുന്നതിനു‌മുമ്പ്, കേരളത്തിൽ ഒരുക്കം തുടങ്ങി. ജനുവരി 24ന്‌ സംസ്ഥാന കൺട്രോൾ സെൽ ആരംഭിച്ചു. സംസ്ഥാനതല ദ്രുത പ്രതികരണ സേന യോഗംചേർന്ന് പ്രതിരോധ പ്രവർത്തനത്തിനുള്ള മാർഗനിർദേശം ജില്ലകൾക്ക്‌ നൽകി. നവംബർ അവസാനിക്കുമ്പോൾ കോവിഡുമായുള്ള സംസ്ഥാനത്തിന്റെ നീണ്ട യുദ്ധത്തിന് പത്ത്‌ മാസമാകും.

ജനുവരിയാദ്യം തൊട്ട്  ചൈനയിൽനിന്നുള്ള യാത്രക്കാർക്ക്‌ ശരീര താപനില പരിശോധനയും ക്വാറന്റൈനും നടപ്പാക്കി. വിമാനത്താവളത്തിൽനിന്നുതന്നെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും മാറ്റി. വുഹാനിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിയാണ് രാജ്യത്തെ ആദ്യ കോവിഡ് രോഗി. നിരീക്ഷണത്തിലായിരുന്ന തൃശൂരുകാരിക്ക് ജനുവരി 30നാണ് കോവിഡ്‌ സ്ഥിരീകരിച്ചത്. ഇവർക്കൊപ്പമെത്തിയ ആലപ്പുഴ, കാസർകോട്‌ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു സ്രവ പരിശോധന. ഫെബ്രുവരി മൂന്നിന്‌ കോവിഡിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. രാജ്യത്ത്‌ ആദ്യമായി റൂട്ട്‌ മാപ്പ് സംവിധാനവും ക്വാറന്റൈനും കേരളം പ്രാവർത്തികമാക്കി. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും സ്രവ പരിശോധന ആരംഭിച്ചു. മാർച്ച്‌ എട്ടിന്‌ റാന്നി സ്വദേശികളായ അഞ്ചുപേർക്ക്‌കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം ജാഗ്രത ശക്തമാക്കി.


 

മുഖ്യമന്ത്രിക്ക് കാതോർത്ത്
പ്രതിദിന ഉന്നതതല അവലോകന യോഗങ്ങൾക്കു‌ശേഷം വൈകിട്ട്‌ ആറിനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനങ്ങൾ മലയാളികൾ കാത്തിരുന്നു കണ്ടു. ഓരോ ദിവസത്തെയും കണക്കും സംസ്ഥാനത്തെ സാഹചര്യവും പ്രതിരോധപ്രവർത്തനങ്ങളും മുൻകരുതലുകളും അക്കമിട്ടുതന്നെ മുഖ്യമന്ത്രി ജനങ്ങളെ ബോധിപ്പിച്ചു.

ഹിറ്റായി ബ്രേക്ക്‌ ദ ചെയിൻ
ബ്രേക്ക്‌ ദി ചെയിൻ, എസ്‌എംഎസ്‌ (സോപ്പ്‌, മാസ്ക്‌, സാനിറ്റൈസർ), ജീവന്റെ വിലയുള്ള ജാഗ്രത, തുപ്പരുത്‌ തോറ്റുപോകും തുടങ്ങി സർക്കാർ ആവിഷ്‌കരിച്ച എല്ലാ പ്രതിരോധ ക്യാമ്പയിനുകളും വലിയ സ്വാധീനം ചെലുത്തി. പൊതുയിടങ്ങളിൽ ഇപ്പോഴും ഇവ തുടരുന്നു.

‘ദിശ’യിലൂടെ പൊതുജനങ്ങൾക്ക്‌ മാനസിക പിന്തുണ നൽകി. ജില്ലാ മാനസികാരോഗ്യ പരിപാടിയിലൂടെയും ഇത്‌ സാധ്യമാക്കി. ഒപ്പം കോവിഡ്‌ ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകർക്കും പ്രത്യേക കൗൺസലിങ്‌ നൽകി. കുടുംബശ്രീ, ആശാ, വളന്റിയർമാർ പ്രായമുള്ളവരെയും കുട്ടികളെയും കിടപ്പുരോഗികളെയും പ്രത്യേകം ശ്രദ്ധിച്ചു. ഇതിനായി  പ്രത്യേക പരിശീലനം നൽകി തുടക്കംമുതൽ പ്രവർത്തിച്ചു. വയോമിത്രം പദ്ധതിയിലൂടെ മരുന്നെത്തിച്ചു. ഗുരുതരമല്ലാത്ത രോഗങ്ങൾക്ക് ചികിത്സ തേടി ആശുപത്രികളിൽ പോകാതെ ഡോക്ടർമാരെ ഓൺലൈനിൽ കാണാൻ ഇ സഞ്ജീവനി ഒരുക്കി.

20 രൂപയ്‌ക്ക്‌ ഊണ്
കുടുംബശ്രീ നേതൃത്വത്തിൽ 20 രൂപയ്ക്ക്‌ പൊതിച്ചോറേകുന്ന ജനകീയ ഹോട്ടലുകളിലൂടെ ആയിരങ്ങളുടെ വിശപ്പടക്കി. അടച്ചുപൂട്ടലിൽ പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടലുകൾ സംസ്ഥാനത്തെങ്ങും പ്രവർത്തിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ സാമൂഹ്യ അടുക്കളകളും നടത്തി. നാട്ടിലേക്ക്‌ മടങ്ങാനാകാതെ തൊഴിലിടങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക്‌ സാമൂഹ്യ അടുക്കളയിൽ നിന്ന്‌ ഭക്ഷണം എത്തിച്ചു. തെരുവ്‌ പട്ടികൾക്ക്‌ വരെ മുഖ്യമന്ത്രിയുടെ കരുതൽ കരങ്ങൾ നീണ്ടു.

പ്രവാസികൾക്കൊപ്പം
കോവിഡ്‌ വ്യാപിക്കുമെന്ന പൂർണ ബോധ്യത്തോടെതന്നെ സംസ്ഥാന സർക്കാർ പ്രവാസികളെ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിച്ചത്‌ ഏറെ പ്രശംസ പിടിച്ചുപറ്റി. നോർക്കയുടെ സഹായത്തോടെ വിവിധ രാജ്യങ്ങളിൽ ഹെൽപ്‌ ഡെസ്‌ക്‌ ആരംഭിച്ച് പ്രവർത്തനം ഏകോപിപ്പിച്ചു. ഇതോടൊപ്പം അതിഥിത്തൊഴിലാളി ക്ഷേമത്തിന് പ്രത്യേക പദ്ധതികളും ആവിഷ്‌കരിച്ചു.

കിറ്റ്‌ വിതരണം
കോവിഡ്‌ പ്രതിസന്ധി സമൂഹത്തിനെ ഒന്നാകെ ബാധിച്ചതോടെ മുഴുവൻ റേഷൻ കാർഡ്‌ ഉടമകൾക്കും കിറ്റ്‌ വിതരണംചെയ്തു. ഓണത്തിനുൾപ്പെടെ കിറ്റ്‌ നൽകി. സ്കൂൾ, അങ്കണവാടി വിദ്യാർഥികൾക്കും അരിയും പയറും ശർക്കരയുമുൾപ്പെടെ കിറ്റിലൂടെ നൽകി. 

സാമൂഹ്യവ്യാപനം
രാജ്യത്താദ്യമായി സാമൂഹ്യവ്യാപനം ഉണ്ടായതായി ജൂലൈ 17ന്‌ സർക്കാർ പ്രഖ്യാപിച്ചു. പൂന്തുറയിലും പുല്ലുവിളയിലുമായിരുന്നു ഇത്.

സൗജന്യ ചികിത്സ
രാജ്യത്ത്‌ മറ്റെവിടെയുമില്ലാത്ത സൗകര്യങ്ങളാണ്‌ കോവിഡ്‌ രോഗികൾക്ക്‌ കേരളത്തിൽ ലഭിച്ചത്‌. സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകി. സ്വകാര്യ ആശുപത്രികളിൽ പ്രത്യേക ചികിത്സാ നിരക്കും നിശ്ചയിച്ചു. രാജ്യത്ത് ഏറ്റവും കുറഞ്ഞ ചികിത്സാ നിരക്കും സംസ്ഥാനത്താണ്‌. മാർച്ചിൽ ദിനംപ്രതി പരിശോധന 500 ആയിരുന്നു. സെപ്‌തംബർ–-ഒക്‌ടോബറോടെ ഇത്‌ 70,000 വരെയെത്തി. സർക്കാർ, സ്വകാര്യ ലാബ്– ആശുപത്രികളുടെ പരിശോധനാ നിരക്ക്‌ ഏകീകരിച്ചു. ഒക്‌ടോബറിൽ ഈ നിരക്ക്‌ പകുതിയോളം കുറച്ചു. ശബരിമല മണ്ഡലകാലം മുന്നിൽകണ്ട്‌ പൊതുയിടങ്ങളിൽ പരിശോധനാ കിയോസ്കുകളും സ്ഥാപിച്ചു.

വ്യാജപ്രചാരണവും തുടർന്നു
കോവിഡ്‌ വ്യാപനംതൊട്ട് സർക്കാരിനും ആരോഗ്യ വകുപ്പിനുമെതിരെ നിരവധി വ്യാജ വാർത്തകൾ പടച്ചുവിട്ടു. അതെല്ലാം പൊളിച്ചടുക്കി സർക്കാർ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകി. മുഖ്യധാരാ മാധ്യമകുത്തിത്തിരിപ്പുകളെ സമൂഹമാധ്യമങ്ങൾ തകർത്ത് തരിപ്പണമാക്കി. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും വരെ മന്ത്രിമാരെ അപഹസിക്കാൻ മുന്നിട്ടിറങ്ങി.

രാജ്യാന്തര മാധ്യമങ്ങളും കൈയടിച്ചു
കോവിഡ്‌ പ്രതിരോധത്തിൽ സംസ്ഥാനം കൈവരിച്ച പുരോഗതിയും ആരോഗ്യവകുപ്പിന്റെ സമയോചിത ഇടപെടലുകളും ദേശീയ, അന്തർദേശീയ മാധ്യമങ്ങളിലുൾപ്പെടെ വാർത്തയായി. ബിബിസി, ദി ഗാർഡിയൻ, ദി വാഷിങ്‌ടൺ പോസ്റ്റ്‌, അൽ ജസീറ, ദി ട്രിബ്യൂണൽ മാഗസിൻ, ദി ഇക്കണോമിസ്റ്റ്‌, സിഎൻഎൻ, വോഗ്‌, ഗൾഫ്‌ ന്യൂസ്‌, അറബ്‌ ന്യൂസ്‌, ഖലീജ്‌ ടൈംസ്‌ തുടങ്ങി നൂറിലധികം അന്താരാഷ്‌ട്രമാധ്യമങ്ങളിൽ കേരളവും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളും വാർത്തയായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top