26 May Tuesday

ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥിത്തൊഴിലാളികൾ തെരുവിൽ; ഗൂഢാലോചന അന്വേഷിക്കും : കലക്‌ടർ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

ചങ്ങനാശേരി> ലോക്ക് ഡൗണ്‍ ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് നാലായിരത്തോളം അതിഥിത്തൊഴിലാളികള്‍ തെരുവിലിറങ്ങി. നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടാണ് പത്തനംതിട്ട,- കോട്ടയം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ പായിപ്പാട് കവലയില്‍ ഇരു ജില്ലകളിലുമായി താമസിക്കുന്ന അതിഥിത്തൊഴിലാളികള്‍ സംഘടിച്ചത്. എന്നാൽ ഇവരെ തെറ്റിദ്ധരിപ്പിച്ച്‌ തെരുവിലിറിക്കിയതാണെന്ന്‌ ആരോപണമുണ്ട്‌. ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സ്ഥലത്തെത്തിയ കോട്ടയം കലക്ടർ പി കെ സുധീർബാബു പറഞ്ഞു.

ഞായറാഴ്ച രാവിലെ പത്തോടെയാണ്‌ വിവിധ ഭാഗങ്ങളില്‍ നിന്നായി തൊഴിലാളികള്‍ പായിപ്പാട് കവലയിലേക്ക്എത്തിയത്‌. പൊലീസ്‌ ഇവരെ പിരിച്ചുവിടാന്‍ ശ്രമിച്ചു. തൊഴിലാളികള്‍ പൊലീസിനു നേരെ മുദ്രാവാക്യവും പ്രതിഷേധവുമായി തിരിഞ്ഞു.  മൈക്കിലൂടെ പൊലീസ് ഹിന്ദി, ബംഗാളി, ആസാമി ഭാഷകളിലൂടെ സംസാരിച്ചെങ്കിലും ഇവര്‍ പിരിഞ്ഞുപോയില്ല.  കൂടുതല്‍ തൊഴിലാളികള്‍ എത്തിക്കൊണ്ടിരുന്നു.  കോട്ടയം കലക്ടര്‍ പി കെ സുധീര്‍ബാബു എസ് പി ജി ജയദേവ് തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി. വീണ്ടും മൈക്കിലൂടെ സംസാരിച്ചെങ്കിലും പ്രതിഷേധം തുടർന്നു. ചാഞ്ഞോടി ഭാഗത്തേക്ക് നീങ്ങിയ നൂറോളം വരുന്ന തൊഴിലാളികള്‍ പൊലീസിനെ കയ്യേറ്റംചെയ്യാൻ ശ്രമിച്ചു.  പൊലീസിന്‌ ലാത്തി വീശേണ്ടിവന്നു. പത്തനംതിട്ട കലക്ടര്‍ പി ബി നൂഹ്, മാത്യു ടി തോമസ് എംഎൽഎ തുടങ്ങിയവരും സ്ഥലത്തെത്തി.
പായിപ്പാട് സെന്‍ട്രല്‍ ജങ്ഷനിലേക്ക് കൂട്ടമായെത്തിയ തൊഴിലാളികളോട്‌ തഹസില്‍ദാര്‍ ജിനു പുന്നൂസ് കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. സാമൂഹ അടുക്കളകളില്‍ തയ്യാറാക്കുന്ന ഭക്ഷണം വേണ്ടാത്തവര്‍ക്ക് സ്വയം ഭക്ഷണം പാകം ചെയ്യാൻ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുമെന്നും അറിയിച്ചു. മന്ത്രി പി തിലോത്തമനും സ്ഥലത്തെത്തി.
തുടർന്നാണ്‌ നാലു മണിക്കൂർ നീണ്ട പ്രതിഷേധം അവസാനിച്ചത്‌.

അതിഥിത്തൊഴിലാളി ക്യാമ്പിലെ സൗകര്യം വിലയിരുത്തും

സംസ്ഥാനത്ത്‌  അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ അടിയന്തരമായി സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന്‌ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ  ജില്ലാ പൊലീസ് മേധാവിമാർക്ക്‌ നിർദേശം നൽകി. ഇതിനായി ജനമൈത്രി പൊലീസിന്റെ സേവനം വിനിയോഗിക്കണമെന്നും നിർദേശിച്ചു.

ഗൂഢാലോചനയാണോ എന്ന്‌ പരിശോധിക്കും

ചങ്ങനാശേരി> പായിപ്പാട് അതിഥിത്തൊഴിലാളികളുടെ പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. പ്രതിഷേധത്തിന്‌ കാരണം അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാത്തതോ വെള്ളവും ഭക്ഷണവും ലഭിക്കാത്തതോ അല്ല.   അവര്‍ ആവശ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനൽകുമെന്നും മന്ത്രി പറഞ്ഞു. പായിപ്പാട് പഞ്ചായത്തില്‍  നാലായിരത്തോളം പേരാണ് ക്യാമ്പുകളിലുള്ളത്. ഇവരുടെ ക്ഷേമം അന്വേഷിക്കാൻ കലക്ടര്‍, പഞ്ചായത്ത് പ്രസിഡന്റ്, തഹസില്‍ദാര്‍ എന്നിവര്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ക്യാമ്പിലെത്തിയിരുന്നു.

ഭക്ഷണകാര്യത്തില്‍ അവര്‍ക്ക് പരാതികളില്ലെന്നാണ്   പറഞ്ഞത്.  ഏതെങ്കിലും രീതിയിൽ ഇവരെ ഇളക്കിവിടാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ  അവരെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top