04 July Saturday

‘ഭാഗ്യം’ തിരിച്ചെത്തി; ആദ്യദിനം വിറ്റത്‌ 1.40 ലക്ഷം ടിക്കറ്റ്‌ ; കൂപ്പൺ അടുത്താഴ്‌ച മുതൽ

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020


തിരുവനന്തപുരം
‘ഭാഗ്യം’ തിരിച്ചെത്തിയ സന്തോഷത്തിൽ സംസ്ഥാനത്തെ ഭാഗ്യാന്വേഷകരും ഏജന്റുമാരും. പ്രിയപ്പെട്ട ‘പൗർണമി’യെയും ‘നിർമലി’നെയും ഏറ്റുവാങ്ങിയപ്പോൾ മനസ്സിൽ നിറഞ്ഞത്‌ പ്രതീക്ഷ. അടിച്ചുമോനെ എന്നുപറയാൻ ജൂൺ രണ്ടുവരെ കാക്കണമെങ്കിലും ലോട്ടറി സ്വന്തമാക്കാൻ അതൊന്നും തടസ്സമായില്ല. ലോക്ക്‌ഡൗൺ കാരണം നിർത്തിവച്ച ഭാഗ്യക്കുറി വിൽപ്പനയാണ്‌ വ്യാഴാഴ്‌ച പുനരാരംഭിച്ചത്‌. ലോട്ടറി ഓഫീസുകളിൽ രാവിലെ തന്നെ ചെറുകിട ഏജന്റുമാരടക്കം ടിക്കറ്റ്‌ വാങ്ങാനെത്തി. വീണ്ടും തൊഴിലെടുക്കാൻ കഴിയുന്നതിന്റെ ആശ്വാസമായിരുന്നു എല്ലാവർക്കും. പൗർണമി, നിർമൽ, വിൻവിൻ, അക്ഷയ, കാരുണ്യ പ്ലസ്‌, സമ്മർ ബമ്പർ തുടങ്ങിയ ടിക്കറ്റുകളാണ്‌ വിറ്റത്‌. ജൂൺ രണ്ടിനു പൗർണമിയുടെ നറുക്കെടുപ്പ്‌ നടക്കും.

1,39,940 ടിക്കറ്റാണ്‌ ലോട്ടറി ഓഫീസുകൾ വഴി വ്യാഴാഴ്‌ച വിറ്റത്‌. 45,59,375 രൂപയാണ്‌ (ജിഎസ്‌ടി കൂടാതെ) ആദ്യ ദിനത്തിലെ വരുമാനം.  ലോക്ക്‌ഡൗണിനു മുമ്പ്‌ 35 കോടി രൂപയായിരുന്നു പ്രതിദിന വരുമാനം. കൂപ്പൺ വഴിയുള്ള ടിക്കറ്റ്‌ വിതരണംകൂടി ആരംഭിക്കുന്നതോടെ വിൽപ്പന ഉയരുമെന്നാണ്‌ കണക്കുകൂട്ടൽ. സാമ്പത്തിക പ്രയാസത്തെ തുടർന്ന്‌ സ്വന്തം പണം മുടക്കി ടിക്കറ്റ്‌ വാങ്ങാൻ ശേഷിയില്ലാത്ത ക്ഷേമനിധി അംഗങ്ങൾക്കാണ്‌ 3500 രൂപയുടെ കൂപ്പൺ നൽകുന്നത്‌. ഇതുപയോഗിച്ച്‌ ലോട്ടറി ഓഫീസുകൾ, വൻകിട ഏജന്റുമാർ എന്നിവിടങ്ങളിൽനിന്ന്‌ ലോട്ടറി വാങ്ങി വിൽപ്പന ആരംഭിക്കാം. സന്നദ്ധപ്രവർത്തകർ വഴി കൂപ്പൺ, സാനിറ്റൈസർ, മാസ്‌ക്‌ എന്നിവയടങ്ങിയ കിറ്റ്‌ വീട്ടിലെത്തിക്കും. വാർഡടിസ്ഥാനത്തിൽ അർഹരുടെ ലിസ്റ്റ്‌ തയ്യാറാക്കി. അരലക്ഷം പേർക്ക്‌ പ്രയോജനം ലഭിക്കും. കൂപ്പൺ തുക മൂന്നുമാസത്തിനുള്ളിൽ തിരിച്ചടയ്‌ക്കണം. വിൽക്കാൻ  കഴിയാതിരുന്ന ടിക്കറ്റുകളുടെ 30 ശതമാനം  അടുത്താഴ്‌ചമുതൽ തിരിച്ചെടുക്കും. ഇതിനുള്ള സോഫ്‌റ്റ്‌വെയർ ക്രമീകരണം പുരോഗമിക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top