19 January Tuesday
വോട്ടെടുപ്പ് അവസാനിക്കുന്നതിനുമുമ്പുള്ള ഒരു മണിക്കൂറാണ് കോവിഡ് രോഗികൾക്കുള്ള സമയം

കോവിഡ്‌ വോട്ടിന്‌ തലേദിവസം വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

 

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും വോട്ടു ചെയ്യാം. വോട്ടെടുപ്പിന് 10 ദിവസം മുമ്പുമുതൽ തലേദിവസം വൈകിട്ട് മൂന്നുവരെ അപേക്ഷിക്കുന്നവർക്ക്‌ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റിലൂടെ തപാൽവോട്ട്‌ അനുവദിക്കും. തപാൽ വോട്ടിന് അർഹരാകുന്നവർക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. വോട്ടെടുപ്പിന് തലേദിവസം വൈകിട്ട്‌ മൂന്നിനുശേഷം അപേക്ഷിക്കുന്നവർക്കാണ് ബൂത്തുകളിൽ നേരിട്ടെത്തി വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുക‌.

ഓരോ ജില്ലയിലും പ്രത്യേക ചുമതലയുള്ള ഹെൽത്ത് ഓഫീസർക്കായിരിക്കും ഈ വോട്ടർമാരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരം. ഈ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് മാത്രമെ തപാൽ വോട്ട്‌ ചെയ്യാനാകു.   വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള ഒരു മണിക്കൂറാണ് കോവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും വോട്ട് ചെയ്യാനുള്ള സമയം. കോവിഡ്‌ രോഗികൾക്ക്‌ തപാൽവോട്ട്‌ മാത്രമാണ്‌ നേരത്തേ അനുവദിച്ചിരുന്നത്‌. എന്നാൽ, പോസ്‌റ്റൽ ബാലറ്റിന്‌ അപേക്ഷിക്കാനുള്ള സമയത്തിനുശേഷം രോഗി ആകുന്നവർക്ക്‌ വോട്ടവകാശം നഷ്ടമാകുന്നത്‌ തടയാനാണ്‌ പ്രത്യേക സൗകര്യം. ഇതിനായി കോവിഡ് രോഗികളെ സ്പെഷ്യൽ വോട്ടർമാർ എന്ന നിർവചനം നൽകി  നിയമത്തിൽ ഭേദഗതി വരുത്തും.

പിൻവാങ്ങലും ചിഹ്നവും നാളെ
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്‌ച വൈകിട്ട് മൂന്നിന് അവസാനിക്കും. അതിനുശേഷം  സ്ഥാനാർഥികൾക്ക്‌ ചിഹ്നം അനുവദിക്കും. തിങ്കളാഴ്‌ചതന്നെ അന്തിമ സ്ഥാനാർഥിപ്പട്ടിക തയാറാകും. 

പേരുകൾ മലയാളം അക്ഷരമാല ക്രമത്തിലാണ് സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കുക. സ്ഥാനാർഥിയുടെ പേരിനൊപ്പം വിലാസവും മത്സരിക്കുന്ന ചിഹ്നവും ഉണ്ടാകും. സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഓരോ സ്ഥാനാർഥിക്കും  തിരിച്ചറിയൽ കാർഡും നൽകും.

കണ്ടെയ്ൻമെന്റ് സോണിൽ 20 പേർ മതി
കണ്ടെയ്ൻമെന്റ് സോണുകളിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ 20 പേരിൽ കൂടുതലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന്‌ വിലക്ക്‌. ഗൃഹസന്ദർശനത്തിന്‌ സ്ഥാനാർഥി ഉൾപ്പെടെ അഞ്ചുപേർ മാത്രമേ പാടുള്ളൂ. രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ കർശനമാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ നിർദേശം നൽകി. ഇവ നിരീക്ഷിക്കാൻ പ്രത്യേക  സ്‌ക്വാഡുകളെ നിയോഗിച്ചു‌. രാഷ്ട്രീയ കക്ഷികളും മറ്റു സംഘടനകളും വഴിയോരങ്ങളിലും മറ്റും സ്ഥാപിച്ച പ്രചാരണേതര ബോർഡുകളും പോസ്റ്ററുകളും രണ്ടു ദിവസത്തിനകം നീക്കണം. പ്രചാരണം നിയമാനുസൃതമാണോ എന്നു പരിശോധിക്കുന്ന  സ്‌ക്വാഡുകളുടെ പ്രവർത്തനം വരും ദിവസങ്ങളിൽ ഊർജിതമാക്കും.

വിളിപ്പേരും സ്വന്തമാക്കാം
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തിരിച്ചറിയാൻ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾ നടത്താൻ തിങ്കളാഴ്‌ച വൈകിട്ട് മൂന്നിന് മുമ്പ്‌ വരണാധികാരിക്ക് അപേക്ഷ നൽകണം. ഒരേ വാർഡിൽ സമാന പേരുള്ള സ്ഥാനാർഥികൾ വന്നാൽ പേരിനൊപ്പമോ മുന്നിലോ പിന്നിലോ കൂട്ടിച്ചേർക്കൽ അനുവദിക്കും. ജോലി സംബന്ധമായ വിശേഷണം (അഡ്വക്കേറ്റ്, ഡോക്ടർ, പ്രൊഫസർ), വീട്ടുപേര്, രക്ഷിതാക്കളുടെ പേര്, സ്ഥലപ്പേര് എന്നിവ ചേർക്കാം.

നാട്ടിൽ മറ്റ് പേരുകളിൽ അറിയപ്പെടുന്നവർക്ക് ആ പേരും ചേർക്കാം. നാമനിർദേശ പത്രികയിൽ നൽകിയതിൽനിന്നും പൂർണമായും വ്യത്യസ്തമായ പേര് ആവശ്യപ്പെടുകയാണെങ്കിൽ അത്‌ ബ്രാക്കറ്റിൽ നൽകും. ഉദാഹരണം: അബ്ദുൽ ജബ്ബാർ എന്ന വ്യക്തിക്ക് അബ്ബാസ് എന്ന പേര് ചേർക്കണമെങ്കിൽ അബ്ദുൽ ജബ്ബാർ (അബ്ബാസ്) എന്ന് വേണം ചേർക്കേണ്ടത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top