17 January Sunday

ഇടതു കാറ്റ്‌ ഹൈ റേഞ്ചിൽ ; ദൃഢനിശ്ചയവുമായി എൽഡിഎഫ്‌ ; ആശങ്കയിൽ യുഡിഎഫ്‌

എ ആർ സാബുUpdated: Thursday Dec 3, 2020


ഇടുക്കി  
ശിശിരകാലം, ഇടുക്കിയിൽ മഞ്ഞ്‌ പെയ്‌തുതുടങ്ങിയെങ്കിലും മലയോരമണ്ണിന്‌ ചൂടുപിടിച്ചിരിക്കുകയാണ്‌. ലോറേഞ്ചും ഹൈറേഞ്ചുമെല്ലാം പോരാട്ടച്ചൂടിലാണ്‌. തദ്ദേശതെരഞ്ഞെടുപ്പിൽ, കർഷകഭൂമി തിരിച്ചുപിടിക്കാനുള്ള ദൃഢനിശ്ചയവുമായി എൽഡിഎഫ്‌ മുന്നേറുമ്പോൾ കഴിഞ്ഞതവണത്തെ സീറ്റുകളെങ്കിലും നിലനിർത്താനാവുമോയെന്ന ആശങ്കയിലാണ് യുഡിഎഫ്‌.

16 ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിൽ പത്തിടത്ത്‌ യുഡിഎഫിനും ആറിടത്ത്‌ എൽഡിഎഫിനുമായിരുന്നു കഴിഞ്ഞതവണ വിജയം. കേരള കോൺഗ്രസ്‌ (എം) ജോസ്‌ വിഭാഗം ഇടതുമുന്നണിയിലെത്തിയതും കോൺഗ്രസും ബിജെപിയുമടക്കം വിവിധ പാർടികളിൽനിന്ന്‌ രാജിവച്ച്‌ ആയിരങ്ങൾ സിപിഐ എമ്മിൽ ചേർന്നതും‌ എൽഡിഎഫിന്റെ അടിത്തറ വിപുലമാക്കി‌. വേർപിരിഞ്ഞ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ ജോസഫ്‌ വിഭാഗത്തിന്‌ ശക്തി തെളിയിക്കുകയെന്ന കടമ്പയുമുണ്ട്‌‌. മൂന്ന്‌ സീറ്റാണ്‌ കേരള കോൺഗ്രസിന്‌ ഉണ്ടായിരുന്നത്‌.

ജില്ലയുടെ വികസനമാകെ പിന്നോട്ടടിപ്പിച്ചതായിരുന്നു തുടർച്ചയായ രണ്ട്‌ ഊഴങ്ങളിലെ യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത്‌ ഭരണം. അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും അരങ്ങുതകർത്താടി. ഫണ്ടുകൾ പാഴാക്കിയും പദ്ധതികൾ വച്ചുതാമസിപ്പിച്ചും ജനങ്ങളെ പരീക്ഷിച്ചു. പ്രബല കക്ഷിയായ കേരള കോൺഗ്രസ്‌ എം മുന്നണി വിട്ടതോടെ ഏറെ ദുർബലമാണ്‌ യുഡിഎഫ്‌. ആത്മവിശ്വാസം നഷ്ടപ്പെട്ടതോടെ ബിജെപിയുമായി പരക്കെ ധാരണയുണ്ടാക്കിയിട്ടുമുണ്ട്.

മതനിരപേക്ഷതയിൽനിന്നു പിന്നോട്ടുപോയ കോൺഗ്രസിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ അണികൾക്കിടയിൽ പ്രതിഷേധമുണ്ട്. ജില്ലയിൽ 203 ഗ്രാമപഞ്ചായത്ത്‌ വാർഡിൽ‌ ബിജെപി സഖ്യത്തിന്‌‌ സ്ഥാനാർഥിയില്ല‌. 104 ബ്ലോക്ക്‌ ഡിവിഷനിൽ 21ലും രണ്ട്‌ നഗരസഭകളിലെ 69 വാർഡിൽ ഏഴിടത്തും അവർക്ക്‌ മത്സരിക്കാനാളില്ല. സ്ഥാനാർഥിനിർണയം വൈകിയത്‌ യുഡിഎഫിനെ ഏറെ പുറകോട്ടടിപ്പിച്ചു‌. പരിഹരിക്കാനാവാത്ത വിമതശല്യമാണ്‌ മറ്റൊരു കീറാമുട്ടി.


 

വർധിത ശക്തിയോടെയാണ്‌ എൽഡിഎഫ് മത്സരത്തിന്‌ ഇറങ്ങിയിരിക്കുന്നത്‌. സ്ഥാനാർഥികളെ നേരത്തെ നിശ്ചയിച്ചു, ഒന്നാം ഘട്ടം സ്ഥാനാർഥിപര്യടനവും പൂർത്തിയാക്കി. രണ്ടാംഘട്ടം പ്രചാരണം അവസാന ഘട്ടത്തിലാണ്‌. കേരള കോൺഗ്രസിന്റെ വരവോടെ കൂടുതൽ മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പമാകും. പതിവായി ജയിക്കുന്ന മണ്ഡലങ്ങൾ കൂടുതൽ ഉറപ്പുള്ളതുമാവും.

സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനവുമാണ്‌ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം. 31,850 കൈവശക്കാർക്ക്‌ പട്ടയം നൽകിയ സർക്കാർ ഹൈറേഞ്ചിലെ ജനങ്ങളുടെ വിശ്വാസംകാത്തു. പട്ടയമെന്നുപറഞ്ഞ്‌ 16 ഉപാധികൾ അടിച്ചേൽപ്പിച്ച്‌ രേഖ നൽകിയ യുഡിഎഫ്‌ സർക്കാരല്ല എൽഡിഎഫ് സർക്കാരെന്ന ബോധ്യം മലയോര ജനതയ്‌ക്കുണ്ട്‌. മരംമുറിക്കാൻ അനുമതി, ജലസംഭരണികളുടെ വൃഷ്ടിപ്രദേശങ്ങളിലെ താമസക്കാർക്കും പട്ടയം, ആദിവാസി മേഖലകളിൽ പട്ടയം എന്നിവ നൽകി. വനാതിർത്തി നിർണയിച്ച്‌ ജണ്ടയ്‌ക്കു പുറത്ത്‌ താമസിക്കുന്നവർക്കെതിരെ കാലങ്ങളായി തുടരുന്ന അതിക്രമത്തിന്‌ അന്ത്യംകുറിച്ചു. പച്ചക്കറികൾക്ക്‌ താങ്ങുവില പ്രഖ്യാപിച്ചതും നെൽകർഷകർക്ക്‌ റോയൽറ്റി നൽകിയതും കർഷകർക്ക് കൈത്താങ്ങായി. തോട്ടം തൊഴിലാളികൾക്ക്‌ വീട് നൽകുന്ന പദ്ധതിയും മുന്നേറുന്നു.

മലയോര ഹൈവേയടക്കം ജില്ലയിലെ യാത്രാദുരിതം തീർക്കുന്ന പ്രവൃത്തികളുമായി സർക്കാർ മുന്നോട്ടുപോകുന്നു.  നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന അത്യാധുനിക റോഡുകളും കിഫ്‌ബിയിലൂടെ യാഥാർഥ്യമാകുന്നു. ഇടുക്കി മെഡിക്കൽ കോളേജും നെടുങ്കണ്ടം സ്‌റ്റേഡിയവുമെല്ലാം മലയോര ജില്ലയുടെ കിരീടത്തിലെ പൊൻതൂവലുകളായി മാറുന്നു. പ്രളയങ്ങളും മഹാമാരിയും നേരിടുന്നതിൽ സർക്കാർ കൈക്കൊണ്ട ആർജവം എൽഡിഎഫിന്‌ കരുത്തായി‌. സൗജന്യ റേഷനും ഭക്ഷ്യകിറ്റ്‌ വിതരണവും സാമൂഹ്യക്ഷേമ പെൻഷനുകൾ വീട്ടിലെത്തിക്കുന്നതും രാഷ്ട്രീയ എതിരാളികൾക്കുപോലും അംഗീകരിക്കേണ്ടിവരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top