കൊച്ചി
കുവൈത്ത് മനുഷ്യക്കടത്ത് കേസിൽ കൂടുതൽ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. ഒന്നാംപ്രതി അജുമോൻ നടത്തിയ രവിപുരത്തെ ‘ഗോൾഡൻ വയ’ സ്ഥാപനത്തിന്റെ മാനേജരായിരുന്ന കൊല്ലം സ്വദേശി ആനന്ദിനെതിരെ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ കേസിലെ മുഖ്യസൂത്രധാരൻ കണ്ണൂർ സ്വദേശി മജീദിന്റെ ബിസിനസ് പങ്കാളിയാണെന്ന് സൂചനയുണ്ട്.
മനുഷ്യക്കടത്ത് സംഘത്തിന്റെ കൈയിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ തൃക്കാക്കര സ്വദേശിനി സൗത്ത് പൊലീസിൽ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരൻ സമീറിനെക്കുറിച്ചും ഇവരിൽനിന്ന് കണ്ണൂർ പൊലീസ് വിവരങ്ങൾ ശേഖരിച്ചു. മജീദിന് നാട്ടിലേക്ക് വിസ അയച്ചുകൊടുക്കാൻ സഹായിച്ച കുവൈത്തുകാരന്റെ പങ്കും അന്വേഷിക്കുന്നുണ്ട്. കുവൈത്തിലെ റിക്രൂട്ടിങ് ഏജൻസിയിൽ ഇയാളുടെ കീഴിലാണ് മജീദ് പ്രവർത്തിച്ചിരുന്നത്.
കേസിന്റെ എഫ്‌ഐആർ അടക്കമുള്ള വിവരങ്ങൾ കേരള പൊലീസ് കുവൈത്തിലെ ഇന്ത്യൻ എംബസിയെ അറിയിച്ചതോടെ, മജീദിനെ ഉപേക്ഷിച്ച് കുവൈത്തുകാരൻ തടിയൂരിയതായാണ് വിവരം. തുടർന്ന് മജീദ് എംബസിയിൽ ഹാജരായതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇയാൾ ഹാജരായിട്ടില്ലെന്നാണ് എംബസി അധികൃതർ അവകാശപ്പെടുന്നത്. എംബസിയിൽ ഇയാൾക്ക് പരിചയക്കാരുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മജീദിനെ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമം. സ്ത്രീകളെ വിദേശത്തേക്ക് അയച്ച് മജീദ് വൻതോതിൽ സ്വത്ത് സമ്പാദിച്ചതായാണ് വിവരം. ഇതേക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചേക്കും. എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഇയാൾക്ക് ബിനാമി പേരുകളിൽ നിക്ഷേപമുള്ളതായി അന്വേഷകസംഘത്തിന് വിവരം ലഭിച്ചു.
മജീദ് കേരള പൊലീസിനുമുന്നിൽ കീഴടങ്ങാൻ സന്നദ്ധത അറിയിച്ചതായി സൂചനയുണ്ട്. അതേസമയം, മജീദിന്റെ സംഘം കേരളത്തിനു പുറത്തുനിന്ന് കൊണ്ടുപോയ മൂന്ന് സ്ത്രീകളെ കാണാനില്ലെന്നും വിവരമുണ്ട്. ഇവർ കുവൈത്തിലെ വീടുകളിൽ അടിമജോലി ചെയ്യുകയാണോയെന്നും പൊലീസ് സംശയിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..