13 August Saturday

കുവൈത്ത്‌ മനുഷ്യക്കടത്ത്‌ : സഹായം അഭ്യർഥിച്ച്‌ 
കൂടുതൽ മലയാളിസ്ത്രീകൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022


കൊച്ചി
മനുഷ്യക്കടത്ത്‌ കേസിൽപ്പെട്ട്‌ മടങ്ങിയെത്തിയവരോട്‌ സഹായം അഭ്യർഥിച്ച്‌ കുവൈത്തിൽ കുടുങ്ങിയ മലയാളിസ്ത്രീകൾ. നാട്ടിൽ തിരിച്ചെത്തിയ തൃക്കാക്കര സ്വദേശിനിയെ വിളിച്ച്‌ രണ്ടുപേർ സഹായം അഭ്യർഥിച്ചു. സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും വീട്ടിലെ സാമ്പത്തികസ്ഥിതി മോശമാണെന്നുകൂടി ഇവർ അറിയിച്ചു. എത്ര ബുദ്ധിമുട്ടിയാലും ഇപ്പോൾ തിരിച്ചുവരുന്നില്ല. തങ്ങളും തട്ടിപ്പിനിരയായി രാപകലില്ലാതെ ജോലി ചെയ്യുകയാണെന്നും പേടികൊണ്ടാണ്‌ പരാതിപ്പെടാനോ തിരിച്ചുവരാനോ ശ്രമിക്കാത്തതെന്നും ഇവർ തൃക്കാക്കര സ്വദേശിനിയോട്‌ പറഞ്ഞു.

ഇവർ ജോലി ചെയ്യുന്ന വീടുകളിൽ കൃത്യമായി ശമ്പളം തരുന്നുണ്ട്‌. എന്നാൽ, അടിമകളെപ്പോലെയാണ്‌ ജോലി. കുട്ടികളെ നോക്കാനെന്ന പേരിലാണ്‌ കൊണ്ടുപോയതെങ്കിലും വീട്ടുജോലിയാണ്‌ ലഭിച്ചതെന്നും ഇവർ പറയുന്നു. തൃക്കാക്കര സ്വദേശിനിയോടൊപ്പം ഒരേവിമാനത്തിലാണ്‌ ഇവരും കുവൈത്തിൽ പോയത്‌.

കേസിൽ രണ്ടാംപ്രതിയും മുഖ്യസൂത്രധാരനുമായ കണ്ണൂർ തളിപ്പറമ്പ്‌ സ്വദേശി മജീദാണ്‌ ഇവരുടെയും ഏജന്റ്‌. സംഭവം വിവാദമായതോടെ മജീദ്‌ വിളിച്ചിരുന്നെങ്കിലും ഇവർ സംസാരിക്കാൻ തയ്യാറായില്ല. സാമ്പത്തികപ്രയാസമുള്ളതിനാൽ രണ്ടുവർഷമെങ്കിലും കുവൈത്തിൽ തുടരാനാണ്‌ ശ്രമിക്കുന്നതെന്നും ഇവർ തൃക്കാക്കര സ്വദേശിനിയോട്‌ പറഞ്ഞു. മജീദ്‌ കുവൈത്ത്‌ എംബസിയിൽ കീഴടങ്ങിയേക്കുമെന്നാണ്‌ വിവരം. ഇയാൾക്കായി പൊലീസ്‌ സംഘം കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. അന്വേഷണം വ്യാപകമാക്കിയതോടെ കീഴടങ്ങാൻ മജീദ്‌ സന്നദ്ധത അറിയിച്ചതായാണ്‌ വിവരം.


സ്‌ത്രീകുടിയേറ്റത്തിന്‌ 
അനുകൂലസാഹചര്യം 
ഒരുക്കണമെന്ന്‌ പഠനം
വീട്ടുജോലിക്കായി വിദേശരാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന സ്ത്രീത്തൊഴിലാളികൾക്കായി പ്രീ -ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകൾ നടത്തണമെന്ന് സെന്റർ ഫോർ സോഷ്യോഎക്കണോമിക് ആൻഡ്‌ എൻവയൺമെന്റൽ സ്റ്റഡീസ് (സിഎസ്‌ഇഎസ്‌) പഠനം. ജോലി ഫലപ്രദമായും തൊഴിൽദായകർക്ക് തൃപ്തികരമായും ചെയ്യാനും മെച്ചപ്പെട്ട വരുമാനം നേടാനും ഇത്‌ സഹായിക്കും. ഫിലിപ്പീൻസും ശ്രീലങ്കയുംപോലുള്ള രാജ്യങ്ങൾ ഇത്തരം ഓറിയന്റേഷൻ നൽകുന്നതിനാൽ അവിടങ്ങളിൽനിന്നുള്ള തൊഴിലാളികൾക്ക്‌ ഗൾഫ്‌നാടുകളിൽ കൂടുതൽ സ്വീകാര്യതയുണ്ടെന്നും പഠനം പറയുന്നു. സിഎസ്‌ഇഎസ്‌ ഫെലോ ഡോ. രാഖി തിമോത്തിയുടെ നേതൃത്വത്തിലാണ്‌ ‘കേരളത്തിൽനിന്ന്‌ ഗൾഫിലേക്കുള്ള സ്ത്രീ ഗാർഹികത്തൊഴിലാളികളുടെ കുടിയേറ്റം: വെല്ലുവിളികളും നയങ്ങളും’ എന്ന പഠനം തയ്യാറാക്കിയത്‌. 

സ്ത്രീ ഗാർഹികത്തൊഴിലാളികളുടെ കുടിയേറ്റനിയമത്തിലെ കർശനവ്യവസ്ഥകളും നിയന്ത്രണങ്ങളും മെച്ചപ്പെട്ട തൊഴിൽ നേടാൻ തടസ്സമാണ്‌. പല വിദേശരാജ്യങ്ങളിലും ഗാർഹികത്തൊഴിലാളികൾക്ക്‌ നിയമപരിരക്ഷയില്ല. പലയിടത്തും കുടിയേറ്റസൗഹൃദ സേവനങ്ങളുണ്ട്‌. എന്നാൽ, അതേക്കുറിച്ച്‌ പലരും ബോധവാന്മാരല്ല. കുടിയേറാൻ ആഗ്രഹിക്കുന്നവരെ ബോധവൽക്കരിക്കുന്നതിനുപകരം അപകടമുന്നറിയിപ്പ്‌ നൽകി ഭയപ്പെടുത്തുകയാണ്‌. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം ഇന്ത്യയിൽ ഫലപ്രദമല്ല.

പ്രീ ഡിപ്പാർച്ചർ പ്രോഗ്രാമുകൾ ഇത്തരം അവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടാക്കും. കുടിയേറ്റനിയമങ്ങളും നിയന്ത്രണങ്ങളും കൂടുതൽ ലിംഗസൗഹൃദമാകണം. സ്‌ത്രീകുടിയേറ്റത്തിനുള്ള അമിതനിയന്ത്രണം ഈ മേഖലയെ തകർക്കും. വിദേശസർക്കാരുകളും റിക്രൂട്ടിങ് ഏജൻസികളും തൊഴിലുടമകളും സാമൂഹ്യസംഘടനകളുമായി ഭരണതലത്തിൽ നല്ല ബന്ധം സ്ഥാപിക്കണം. മടങ്ങിയെത്തുന്ന പ്രവാസികൾക്ക്‌ നാട്ടിൽ തൊഴിലെടുക്കാൻ സർക്കാരുകൾ പദ്ധതി തയ്യാറാക്കണം. കുടിയേറ്റക്കാരുടെ ബോധവൽക്കരണം, പുനരധിവാസം എന്നിവയിൽ തദ്ദേശഭരണസ്ഥാപനങ്ങൾക്ക്‌ ഫലപ്രദമായി ഇടപെടാനാകുമെന്നും പഠനത്തിൽ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top