31 March Friday

ചരിത്രവിജ്ഞാനശാഖയെ സംരക്ഷിക്കണം ; കേരള ചരിത്ര കോൺഗ്രസ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023


ധർമടം
ചരിത്രവിജ്ഞാനശാഖയെ സംരക്ഷിക്കണമെന്ന ആഹ്വാനവുമായി കേരള ചരിത്ര കോൺഗ്രസ്‌ ഏഴാമത്‌ അന്താരാഷ്‌ട്ര സമ്മേളനത്തിന്‌ തുടക്കം.  തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ ചരിത്രകാരി പ്രൊഫ. മൃദുല മുഖർജി  ഉദ്‌ഘാടനംചെയ്‌തു. പ്രൊഫ. കേശവൻ വെളുത്താട്ട്‌ അധ്യക്ഷനായി. ഡോ. വി ശിവദാസൻ എംപി മുഖ്യാതിഥിയായി. കണ്ണൂർ സർവകലാശാല വൈസ്‌ചാൻസലർ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ സംസാരിച്ചു. ഡോ. സെബാസ്‌റ്റ്യൻ ജോസഫ്‌ വാർഷിക റിപ്പോർട്ടും മുഖ്യമന്ത്രിയുടെ സന്ദേശവും  വായിച്ചു.

ധർമടം പഞ്ചായത്ത്‌ പ്രസിഡൻറ്‌ എൻ കെ രവി, ബ്രണ്ണൻ കോളേജ്‌ പ്രിൻസിപ്പൽ ഇൻ ചാർജ്‌ ഡോ. ജിസ ജോസ്‌, സിൻഡിക്കറ്റ്‌ അംഗം ഡോ. കെ ടി ചന്ദ്രമോഹനൻ, ഡോ. കെ വി ഉണ്ണികൃഷ്‌ണൻ, സി രജത്ത്‌ എന്നിവർ സംസാരിച്ചു. ഡോ. വിനോദ്‌ നാവത്ത്‌ സ്വാഗതവും എ ആർ ബിജേഷ്‌ നന്ദിയും പറഞ്ഞു. സാഹിത്യഅക്കാദമി പുരസ്കാര ജേതാവ്‌ ഡോ. ആർ രാജശ്രീയെ ആദരിച്ചു.

ഡോ. ഗോപകുമാരൻനായരുടെ  ‘ഹിസ്‌റ്ററി ഓഫ്‌ സ്‌കൂൾ എഡ്യൂക്കേഷൻ ഇൻ കേരള സിൻസ്‌ ഇൻഡിപെൻഡൻസ്‌’, ഡോ. അശോകൻ മുണ്ടോന്റെ ‘തലശേരി ചരിത്രവും സംസ്‌കാരവും’, ഡോ. മീന കന്ദസ്വാമി, ഡോ. എം നിസാർ എന്നിവരുടെ ‘അയ്യങ്കാളി: ദളിത്‌ ലീഡർ ഓഫ്‌ ഓർഗാനിക്‌ പ്രൊട്ടസ്‌റ്റ്‌’, ഡോ. എൻ  ശ്രീവിദ്യയുടെ ‘വടക്കേ മലബാറിലെ കർഷകസമരങ്ങളും സ്‌ത്രീകളും’ എന്നീ പുസ്‌തകങ്ങൾ പ്രകാശിപ്പിച്ചു.
ഒന്നാംദിവസം പ്രൊഫ. ആദിത്യ മുഖർജി, പ്രൊഫ. കെ എൻ ഗണേഷ്‌, പ്രൊഫ. പയസ്‌ മാലേക്കണ്ടത്തിൽ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ച സെഷനുകളിൽ ഡോ. ടി മുഹമ്മദലി, പി എസ്‌ ജിനീഷ്‌, ഡോ. കെ എസ്‌ മഹാദേവൻ എന്നിവർ അധ്യക്ഷരായി.

മാളിയേക്കൽ മറിയുമ്മ ശനി രാവിലെ ഇ കെ ജാനകിയമ്മാൾ അനുസ്‌മരണ പ്രഭാഷണം നടത്തും. സർക്കസിനെക്കുറിച്ച്‌ ചർച്ചയുമുണ്ടാകും. ഞായർ വൈകിട്ട്‌ സമാപിക്കും. 800 പ്രതിനിധികൾ പങ്കെടുക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top