22 June Tuesday

കക്ഷിയുടെ വ്യക്തിഗതവിവരം മറച്ചുവയ്‌ക്കാൻ 
അനുവദിക്കണമെന്ന ഹർജി ഡിവിഷൻ ബെഞ്ചിന്‌

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021


കൊച്ചി
കോടതിയെ സമീപിക്കുന്ന വ്യക്തിക്ക് തന്റെ പേരും വിശദാംശങ്ങളും മറച്ചുവയ്ക്കാൻ അവകാശമുണ്ടോയെന്ന നിയമപ്രശ്നം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. അമേരിക്കൻ പൗരനുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാൻ അനുകൂല ഉത്തരവ് നേടിയ യുവതിയുടെ വിവാഹം മുടങ്ങി. പിന്നീട് ഹൈക്കോടതി വെബ്സൈറ്റിലും ഓൺലൈൻ ജേർണലുകളിലും വിധിന്യായത്തിലുള്ള തന്റെ പേര്‌ പൊതുജനമധ്യത്തിൽ വരുന്നതുകൊണ്ട് വിവാഹം മുടങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ പരിഗണിച്ചത്. ഗൂഗിൾ സേർച്ചിൽ തന്റെ പേര് നൽകിയാൽ കേസിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ വെളിവാകുമെന്നും ഇത് തന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും യുവതി ബോധിപ്പിച്ചു. ജീവിക്കാനുള്ള പൗരന്റെ അവകാശംപോലെ പൗരന്റെ സ്വകാര്യത സംരക്ഷിക്കാനും ഭരണഘടനാപരമായ അവകാശമുണ്ടെന്നും ഹർജിക്കാരി ബോധിപ്പിച്ചു.

എന്നാൽ, പോക്സോ കേസിലും ബലാത്സംഗ കേസിലും മറ്റും ഇരകളുടെ വിശദാംശങ്ങൾ മറച്ചുവയ്ക്കണമെന്ന വ്യവസ്ഥമാത്രമാണ് നിലവിലുള്ളതെന്ന് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചു. ഹിന്ദുവിവാഹ നിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും കക്ഷിയുടെ വിശദാംശങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കണമെങ്കിൽ ബന്ധപ്പെട്ട കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോടതിവിധി ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാൽ പേരും വിശദാംശങ്ങളും ഗൂഗിൾ സെർച്ചിൽ പുറത്തുവരുന്നത് തടയാനാകില്ലെന്ന് ഗൂഗിളും കോടതിയെ അറിയിച്ചു.

പാർലമെന്റിൽ അവതരിപ്പിച്ച 2019ലെ വ്യക്തിവിവര സംരക്ഷണനിയമത്തിലെ വ്യവസ്ഥകൾ പരിശോധിച്ചാൽ പൗരന്റെ വ്യക്തിപരമായ വിവരങ്ങൾ മറച്ചുവയ്ക്കാൻ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹം, കുടുംബജീവിതം എന്നിങ്ങനെ പൊതുതാൽപ്പര്യമില്ലാത്ത തികച്ചും വ്യക്തിപരമായ വിവരങ്ങൾ മറച്ചുവയ്ക്കാനോ വെളിപ്പെടാതിരിക്കാനോ ഉള്ള അവകാശം പൗരനുണ്ടെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. ഹർജിക്കാരിയുടെ കേസ് പൊതുതാൽപ്പര്യമുള്ള വിഷയമല്ലെന്ന് പറയാനാകില്ല. കാരണം വിദേശ പൗരത്വമുള്ള വ്യക്തിയുമായി വിവാഹം നടത്താൻ സബ് രജിസ്ട്രാർക്ക് നിർദേശം നൽകിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലെ പേരും വിശദാംശങ്ങളും മറച്ചുവയ്ക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഹർജിക്കാരിക്ക് ഇക്കാര്യത്തിൽ സ്വകാര്യത ആവശ്യപ്പെടാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്. സമാനമായ നിയമപ്രശ്നങ്ങൾ ഉൾപ്പെടുന്ന കേസുകൾ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളതിനാൽ യുവതിയുടെ ഹർജിയും ഡിവിഷൻ ബെഞ്ചിന്‌ അയക്കാൻ ചീഫ് ജസ്റ്റിസിന് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top