14 September Saturday

കാർഷിക സർവകലാശാല വിസി നിയമനം: ഹൈക്കോടതി നോട്ടീസ്‌ അയച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

കൊച്ചി> കേരള കാർഷിക സർവകലാശാല വൈസ്‌ ചാൻസലറായി ഐഎഎസ്‌ ഉദ്യോഗസ്ഥനും കൃഷിവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ഡോ. ബി അശോകിനെ നിയമിച്ചത്‌ ചോദ്യംചെയ്‌തുള്ള ഹർജിയിൽ ഹൈക്കോടതി നോട്ടീസ്‌ അയച്ചു. ചാൻസലർ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ, പ്രോ ചാൻസലർ മന്ത്രി പി പ്രസാദ്‌, സർവകലാശാല രജിസ്ട്രാർ, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കാണ്‌ നോട്ടീസ്‌ അയച്ചത്‌.

2018ലെ യുജിസി ചട്ടമനുസരിച്ച്‌ ഡോ. ബി അശോകിന്‌ വിസി ആയിരിക്കാൻ യോഗ്യതയില്ലെന്നും സ്ഥാനത്ത്‌ തുടരാൻ അർഹതയില്ലെന്നും കാണിച്ച്‌ സർവകലാശാല ജനറൽ കൗൺസിൽ അംഗം ഡോ. ടി രജുലാണ്‌ ഹർജി നൽകിയത്‌. വൈസ്‌ ചാൻസലർ ചെയർമാനായ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടെ തീരുമാനപ്രകാരം നടത്താനിരുന്ന അസിസ്‌റ്റന്റ്‌ പ്രൊഫസർ നിയമനത്തിന്റെ തുടർനടപടികളും കോടതി ഒരുമാസത്തേക്ക്‌ തടഞ്ഞു.

ഡോ. ബി അശോകിന്‌ 2023 മാർച്ച്‌ ഒന്നുമുതലാണ്‌ വിസിയായി പൂർണചുമതല നൽകിയത്‌. കെഎയു ആക്ട്‌, യുജിസി ആക്ട്‌ എന്നിവയനുസരിച്ച്‌ ചാൻസലറാണ്‌ വിസിയെ നിയമിക്കേണ്ടത്‌. അശോകിന്റെ നിയമനം ഇത്തരത്തിലായിരുന്നില്ല. വിസി ആകാൻ 10 വർഷത്തെ അധ്യാപനപരിചയം ഉൾപ്പെടെ യോഗ്യത വേണമെന്നിരിക്കെ, അതില്ലാത്ത അശോകിനെ തൽസ്ഥാനത്ത്‌ തുടരാൻ അനുവദിക്കരുതെന്നാണ്‌ ഹർജിക്കാരന്റെ വാദം. 

അസിസ്‌റ്റന്റ്‌ പ്രൊഫസർ നിയമനത്തിന്‌ 2020ൽ സർവകലാശാല അപേക്ഷ ക്ഷണിച്ചെങ്കിലും തുടർനടപടി സ്വീകരിച്ചിരുന്നില്ല. എന്നാൽ, അപേക്ഷിച്ചവരിൽനിന്ന്‌ നിയമനം നടത്താൻ ബി അശോക്‌ ചെയർമാനായ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി തീരുമാനിച്ചു. ഉദ്യോഗാർഥികളുടെ വിഷയപരിജ്ഞാനം അളക്കാൻ എഴുത്തുപരീക്ഷ നടത്താതെ അഭിമുഖംമാത്രം നടത്തി നിയമിക്കാനായിരുന്നു നീക്കം. ഇത്‌ 2017ലെ അക്കാദമിക്‌ കൗൺസിൽ തീരുമാനത്തിന്‌ വിരുദ്ധമാണെന്നും ബ്യൂറോക്രാറ്റ്‌ മാത്രമായ ബി അശോകിന്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ചെയർമാനോ വിസിയോ ആയിരിക്കാൻ യോഗ്യതയില്ലെന്നും ഹർജിയിൽ പറഞ്ഞു. ഇത്‌ പരിഗണിച്ചാണ്‌ അസിസ്‌റ്റന്റ്‌  പ്രൊഫസർ നിയമന നടപടി തടഞ്ഞ്‌ കോടതി ഉത്തരവിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top