05 December Thursday

ഹൈക്കോടതിയിൽ 
5 പുതിയ ജഡ്‌ജിമാർ

സ്വന്തം ലേഖകൻUpdated: Tuesday Oct 29, 2024


ന്യൂഡൽഹി
കൊളീജിയം നേരത്തെ നിർദേശിച്ചിട്ടും കേന്ദ്രസർക്കാർ തടഞ്ഞുവച്ച  ഹൈക്കോടതി രജിസ്ട്രാർ ജനറലടക്കം അഞ്ച്‌ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ  അഡീഷണൽ ജഡ്‌ജിമാരായി  നിയമിച്ചു.  ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി കൃഷ്‌ണകുമാർ, ഹൈ ക്കോടതി വിജിലൻസ്‌ രജിസ്‌ട്രാർ കെ വി ജയകുമാർ,  ഹൈക്കോടതി ജില്ലാ ജുഡീഷ്യറി രജിസ്‌ട്രാർ ജോബിൻ സെബാസ്റ്റ്യൻ, കോഴിക്കോട്‌ ജില്ലാ ആൻഡ്‌  സെഷൻസ്‌ ജഡ്‌ജ്‌ എസ്‌ മുരളീകൃഷ്‌ണ, തിരുവനന്തപുരം പ്രിൻസിപ്പൽ  ജില്ലാ ആൻഡ്‌ സെഷൻസ്‌ ജഡ്‌ജ്‌ പി വി ബാലകൃഷ്‌ണൻ എന്നിവരെ  അഡീഷണൽ ജഡ്‌ജിമാരായി നിയമിക്കാമെന്ന കൊളീജിയം ശുപാർശ അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രി അർജുൻറാം മേഘ്‌വാളാണ്‌ അറിയിച്ചത്‌.  അഞ്ചുപേരും ഉടൻ സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ ഹൈക്കോടതിയിലെ മൊത്തം ജഡ്‌ജിമാരുടെ എണ്ണം 45 ആകും.

ഒക്ടോബർ 15നാണ്‌  കെ വി ജയകുമാർ, ജോബിൻ സെബാസ്റ്റ്യൻ, എസ്‌ മുരളീകൃഷ്‌ണ, പി വി ബാലകൃഷ്‌ണൻ എന്നിവരെ അഡീഷണൽ ജഡ്‌ജിമാരായി നിയമിക്കാമെന്ന്‌  സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തത്‌.  പി  കൃഷ്‌ണകുമാറിനെ ജഡ്‌ജിയായി നിയമിക്കാമെന്ന്‌ 2023 ഒക്ടോബർ 10ന്‌ തന്നെ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തിരുന്നു.  ഒക്ടോബർ 15ന്‌ നൽകിയ ശുപാർശയിലും പി കൃഷ്‌ണകുമാറിനെ നിയമിക്കണമെന്ന്‌ ആവർത്തിച്ചു.

പി കൃഷ്‌ണകുമാറിനൊപ്പം ശുപാർശ ചെയ്‌ത നാല്‌ പേരെയും ജഡ്‌ജിമാരായി നിയമിച്ചിട്ടും, കൃഷ്‌ണകുമാറിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാട്‌ വ്യക്തമാക്കിയിട്ടില്ലെന്നും കൊളീജിയം ഓർമിപ്പിച്ചു. ഒക്ടോബർ 15ന്‌ ശുപാർശചെയ്യപ്പെട്ട നാല്‌ പേരും നിയമന ഉത്തരവിൽ സീനിയോറിട്ടിയിൽ കൃഷ്‌ണകുമാറിന്‌ താഴെയായിരിക്കണമെന്നും കൊളീജിയം നിർദേശിച്ചു. ഈ നിർദേശം പാലിച്ചുള്ള ഉത്തരവാണ്‌  പുറത്തിറക്കിയത്‌.


കൃഷ്‌ണകുമാറിന്‌ നിയമനം 
ലഭിച്ചത്‌ ഒരുവർഷത്തിനുശേഷം
നിലവിൽ  ഹൈക്കോടതി രജിസ്ട്രാറായ പി കൃഷ്ണകുമാറിനെ 2013 ഒക്‌ടോബറിലാണ്‌ ഹൈക്കോടതി ജഡ്‌ജിയായി കൊളീജിയം ശുപാർശചെയ്‌തത്‌. കേന്ദ്ര സർക്കാർ അംഗീകരിച്ചതാകട്ടെ 2014 ഒക്‌ടോബറിലും.   രജിസ്ട്രാർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. ജില്ലാ ജഡ്ജിയായി 2012 ഒക്‌ടോബറിൽ ഒന്നാം റാങ്കോടെ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട കൃഷ്‌ണകുമാർ കൊല്ലത്തും തിരുവനന്തപുരത്തും അഡീഷണൽ ജില്ലാ ജഡ്ജിയായും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും പ്രവർത്തിച്ചു. തദ്ദേശ സ്വയംഭരണ ട്രിബ്യൂണൽ ജഡ്ജിയായും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനുമായി.  ആലപ്പുഴ വണ്ടാനം പുത്തൻവീട്ടിൽ പരേതനായ ജി പരമേശ്വര പണിക്കരുടെയും  ഇന്ദിര പണിക്കരുടെയും മകനാണ്. ഭാര്യ: അഡ്വ. ശാലിനി. മക്കൾ: കെ ആകാശ്, നിരഞ്ജൻ,  നീലാഞ്ജന.

കെ വി ജയകുമാർ  
നിലവിൽ ഹൈക്കോടതിയിൽ വിജിലൻസ് രജിസ്‌ട്രാർ.  2012ൽ ജില്ലാ ജഡ്ജിയായി. തലശേരി, പാലക്കാട് എന്നിവിടങ്ങളിൽ അഡീഷണൽ ജില്ലാ ജഡ്ജിയായും കോഴിക്കോട് വിജിലൻസ് ജഡ്ജിയായും തലശേരി, കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ കണിമംഗലം മാളിയേക്കലിൽ പരേതനായ ഹരിദാസ് കർത്തായുടെയും കെ വി ഭാഗീരഥി തമ്പായിയുടെയും മകനാണ്.  ഭാര്യ: വിദ്യ കൃഷ്ണൻ. മക്കൾ: അമൃത, സ്നേഹ.

എസ് മുരളീകൃഷ്ണ
നിലവിൽ കോഴിക്കോട് ജില്ലാ ജഡ്ജി.  കോഴിക്കോട്, പാലക്കാട് അഡീഷണൽ ജില്ലാ ജഡ്ജിയായും മഞ്ചേരി പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചു.  കാഞ്ഞങ്ങാട്  നവചേതന വീട്ടിൽ പരേതനായ ഗംഗാധര ഭട്ടിന്റെയും ഉഷ ഭട്ടിന്റെയും മകനാണ്.  ഭാര്യ: അർച്ചന. മക്കൾ: അക്ഷരി, അവനീഷ്. സഹോദരി: എസ്‌ ഭാരതി ആലപ്പുഴ അഡീഷണൽ ജില്ലാ ജഡ്ജിയാണ്.

ജോബിൻ സെബാസ്റ്റ്യൻ
ഹൈക്കോടതിയിൽ രജിസ്ട്രാറാണ്‌ (ഡിസ്ട്രിക്ട് ജുഡീഷ്യറി).  2014ൽ നേരിട്ട് ജില്ലാ ജഡ്ജിയായി. തിരുവനന്തപുരം, മാവേലിക്കര അഡീഷണൽ ജില്ലാ ജഡ്ജിയായും മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജിയായും തലശേരി, ആലപ്പുഴ  പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും പ്രവർത്തിച്ചു. പാലാ നീലൂർ  മംഗലത്തിൽ എം ഡി സെബാസ്‌റ്റ്യന്റെയും ഗ്രേസിയുടെയും  മകനാണ്. ഭാര്യ: ഡാലിയ. മക്കൾ: തെരേസ, എലിസബത്ത്, ജോസഫ്.

പി വി ബാലകൃഷ്ണൻ
നിലവിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനുമാണ്‌.  നേരിട്ട് ജില്ലാ ജഡ്ജിയായി.
തിരുവനന്തപുരത്തും കോഴിക്കോടും മാവേലിക്കരയിലും അഡീഷണൽ ജില്ലാ ജഡ്ജിയായും കാസർകോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും പ്രവർത്തിച്ചു. തൃശൂർ പാവറട്ടി സ്വദേശി. റിട്ട. ജില്ലാ ജഡ്ജി വരദരാജ അയ്യരുടെയും പാപ്പയുടെയും മകനാണ്. ഭാര്യ: ഐശ്വര്യ. മക്കൾ: ഗായത്രി, തരുൺ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top