20 April Tuesday

ഹൈക്കോടതിയിൽ 
4‌ പുതിയ ജഡ്‌ജിമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021


കൊച്ചി
കേരള ഹൈക്കോടതിയിൽ നാലു പുതിയ ജഡ്‌ജിമാരെ നിയമിച്ച്‌ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ ഉത്തരവിറക്കി. ജില്ലാ ജഡ്‌ജിമാരായ ഡോ. കൗസർ ഇടപ്പഗത്ത്‌, കരുണാകര ബാബു, അഭിഭാഷകരായ മുരളി പുരുഷോത്തമൻ, എ എ സിയാദ്‌ റഹ്‌മാൻ എന്നിവരെയാണ്‌ ജഡ്‌ജിമാരായി നിയമിച്ചത്‌.

കൗസർ ഇടപ്പഗത്ത്‌ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ ജഡ്‌ജിയും കരുണാകര ബാബു തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ ജഡ്‌ജിയുമാണ്‌. മുരളി പുരുഷോത്തമനും എ എ സിയാദ്‌ റഹ്‌മാനും ഹൈക്കോടതിയിലെ അഭിഭാഷകരാണ്‌. സുപ്രീംകോടതി കൊളീജിയം 2020 ആഗസ്‌തിലാണ്‌ നിയമന ശുപാർശ നൽകിയത്‌.

കൗസർ ഇടപ്പഗത്ത്‌ 1991ൽ കണ്ണൂർ, തലശേരി കോടതികളിൽ അഭിഭാഷകനായി പ്രവർത്തിച്ചാണ്‌ ഔദ്യോഗികജീവിതം തുടങ്ങിയത്‌. 2002ൽ ഹൈക്കോടതി അഭിഭാഷകനായി. 2009ൽ ജില്ലാ സെഷൻസ്‌ ജഡ്‌ജിയായി. തിരുവനന്തപുരത്തും കോഴിക്കോട്ടും ജില്ലാ അഡീഷണൽ സെഷൻസ്‌ ജഡ്‌ജിയായി സേവനം അനുഷ്‌ഠിച്ചു. സിബിഐയുടെയും എൻഐഎയുടെയും പ്രത്യേക ജഡ്‌ജിയായി എറണാകുളത്തും സേവനം അനുഷ്‌ഠിച്ചു.


 

തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയായിരുന്നു കരുണാകര ബാബു. തലശ്ശേരി, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ അഡീഷണൽ ജില്ലാ ജഡ്‌ജിയായും ഹൈക്കോടതി രജിസ്‌ട്രാറായും പ്രവർത്തിച്ചിട്ടുണ്ട്‌. സുപ്രീം കോടതി നിയോഗിച്ച ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം  അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി ചെയർമാനായിരുന്നു. കൊട്ടാരക്കര സ്വദേശിയാണ്‌.
അഡ്വ. എ എ സിയാദ്‌ റഹ്‌മാൻ 1997 മുതൽ 2002 വരെ ജൂനിയർ അഭിഭാഷകനായി. 2002ൽ ഷെരീഫ്‌ അസോസിയറ്റ്‌സിൽ അസോസിയറ്റ്‌ അഭിഭാഷകനായി.

അഡ്വ. മുരളി പുരുഷോത്തമൻ എറണാകുളം ലോ കോളേജിൽനിന്ന്‌ നിയമബിരുദം നേടി. 2000ൽ സ്വതന്ത്ര അഭിഭാഷകനായി. കേന്ദ്ര–സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന്റെയടക്കം ഒട്ടേറെ സ്ഥാപനങ്ങളുടെ സ്‌റ്റാൻഡിങ്‌ കോൺസലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top