16 January Saturday
അനാവശ്യ ഹർജികളുമായി എത്തിയാൽ പിഴ ചുമത്തും

ഹൈക്കോടതി പറയുന്നു ; പിഎസ്‌സിക്ക്‌ എതിരെ മാഫിയാസംഘം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 18, 2020


പിഎസ്‌സിക്ക്‌ എതിരെ ഉദ്യോഗാർഥികളെ സംഘടിപ്പിക്കാനും ബാലിശമായ ആരോപണങ്ങൾ ഉയർത്താനും മാഫിയാ സമാനമായി സംഘങ്ങൾ  പ്രവർത്തിക്കുന്നുണ്ടെന്ന്‌ ഹൈക്കോടതി. ഇതുസംബന്ധിച്ച പിഎസ്‌സിയുടെ വാദമുഖങ്ങളിൽ കഴമ്പുണ്ടെന്ന്‌ വസ്തുതകൾ വ്യക്തമാക്കുന്നതായും ജസ്റ്റിസ്‌ എ എം ഷെഫീഖും ജസ്റ്റിസ്‌ പി ഗോപിനാഥും ഉൾപ്പെടുന്ന ബെഞ്ച്‌ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. മേലിൽ പിഎസ്‌സിക്കെതിരെ അനാവശ്യമായ ഹർജിയുമായി എത്തുന്നവർക്ക് പിഴ ചുമത്തുമെന്നും കോടതി വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പിൽ യുപി മലയാളം അധ്യാപക തസ്തികകളിലേക്ക്‌ കൃത്യമായി അപേക്ഷ സമർപ്പിക്കാത്തവർ പരീക്ഷ എഴുതാൻ അനുമതി തേടി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടുള്ള വിധിയിലാണ്‌‌ ഹൈക്കോടതി നിരീക്ഷണം. പിഎസ്‌സി വെബ്‌സൈറ്റിലെ സാങ്കേതികപ്രശ്‌നം കാരണമാണ്‌ അപേക്ഷ സ്വീകരിക്കപ്പെടാതെ പോയതെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. ഇക്കാര്യത്തിൽ പിഎസ്‌സിക്ക്‌ എതിരെ നീങ്ങാൻ ഒരുകൂട്ടം ആളുകൾ ഒത്തുചേർന്നിട്ടുണ്ടെന്ന്‌ സത്യമാണ്‌. പരാതി ലഭിച്ചയുടൻ സാങ്കേതിക വിദഗ്‌ധരുടെ സമിതിയെ പിഎസ്‌സി നിയോഗിച്ചു. സോഫ്‌റ്റ്‌വെയറിൽ പ്രശ്‌നമില്ലെന്ന്‌ പരിശോധനയിൽ കണ്ടെത്തി.തസ്തികയിലേക്ക്‌ 1,00,074  ഉദ്യോഗാർഥികൾ ഓൺലൈനായി അപേക്ഷിച്ചു‌. പിഎസ്‌സിയുടെ ഭാഗത്ത്‌ അപാകതയില്ലെന്ന്‌ ഇതിൽനിന്ന് വ്യക്തം‌. കൃത്യസമയത്ത്‌ അപേക്ഷ സമർപ്പിക്കാത്തവര്‍ പിന്തുടരുന്ന രീതിയാണിത്‌. ഇത്‌ ബാലിശവും ശല്യവുമാണ്‌. ഇക്കാര്യത്തിൽ പിഎസ്‌സി ഉയർത്തുന്ന വാദത്തില്‍ കഴമ്പുണ്ടെന്നും‌ വിധിന്യായത്തിൽ പറഞ്ഞു.

പിഎസ്‌സിയുടെ പ്രതിച്ഛായ തകർക്കാൻ ചില സംഘങ്ങൾ ആസൂത്രിതനീക്കം നടത്തുകയാണെന്ന്‌ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. വിവിധ ജില്ലയിൽനിന്നുള്ളവർ വാട്സാപ്‌ ഗ്രൂപ്പിലൂടെയും മറ്റും ഒത്തുചേർന്ന്‌ ആരോപണങ്ങളുയർത്തുകയും അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച്‌ കേസ്‌ നൽകുകയുമാണ്‌. ഇത്തരക്കാരിൽനിന്ന്‌ പിഴ ഈടാക്കാനും പിഎസ്‌സിക്ക്‌ എതിരായ തെറ്റായ പ്രചാരണം തടയാനും ഇടപെടൽ വേണമെന്ന്‌ അഭിഭാഷകൻ അഭ്യർഥിച്ചു. ഇത്‌ അംഗീകരിച്ചാണ്‌ കോടതിവിധി. പിഴ ഈടാക്കേണ്ടതാണെങ്കിലും ഹർജിക്കാർ തൊഴിൽരഹിതരായതിനാൽ താൽക്കാലം ഒഴിവാക്കുന്നുവെന്നും കോടതി വ്യക്തമാക്കി. കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലും നേരത്തേ പിഎസ്‌സിയുടെ വാദം അംഗീകരിച്ച്‌ ഉദ്യോഗാർഥികളുടെ പരാതി തള്ളിയിരുന്നു. തുടർന്നാണ്‌ ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top