29 October Friday

ഹർത്താൽ ; തൊഴിൽമേഖല സ്‌തംഭിച്ചു ; കർഷകരുടെ ഐക്യദാർഢ്യം

സ്വന്തം ലേഖകൻUpdated: Monday Sep 27, 2021

കേരള ഹർത്താലിന്റെ ഭാഗമായി രാജ്ഭവനുമുന്നിൽ സംയുക്ത കർഷകസമിതി സംഘടിപ്പിച്ച കർഷക കൂട്ടായ്മ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം
സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംസ്ഥാനത്ത്‌ നടന്ന ഹർത്താലിൽ തൊഴിൽ മേഖല നിശ്‌ചലമായി. 19 തൊഴിലാളി സംഘടന സംസ്ഥാനത്ത്‌ ഹർത്താലിൽ പങ്കെടുത്തു.

മോട്ടോർ മേഖലയിലെ തൊഴിലാളികൾ പൂർണമായും പണിമുടക്കി. വ്യവസായ തൊഴിലാളികൾ, ജീവനക്കാർ, ബാങ്ക്, ഇൻഷുറൻസ്, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, തുറമുഖ തൊഴിലാളികൾ, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ്‌ തൊഴിലാളികൾ, മീൻപിടിത്ത, വിതരണ തൊഴിലാളികൾ, തോട്ടംതൊഴിലാളികൾ എന്നിവരും പണിമുടക്കി. പരമ്പരാഗത മേഖലയിലെ തൊഴിലാളികളും ജോലിയിൽനിന്ന് വിട്ടുനിന്നു. കയറ്റിറക്ക്‌ മേഖലയിലും നിർമാണമേഖലയിലും പണിമുടക്ക്‌ പൂർണമായി. സ്കീം വർക്കർമാരും പണിമുടക്കി. മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാർ ഹർത്താലിന് പിന്തുണ അറിയിച്ച് മനുഷ്യശൃംഖലയിൽ അണിനിരന്നു. കിൻകോ, വല്ലാർപാടം, കണ്ടെയ്നർ ടെർമിനലുകൾ, സ്പെഷ്യൽ ഇക്കണോമിക് സോൺ, ലോജിസ്റ്റിക് മേഖലകളിലും തൊഴിലാളികൾ ജോലിക്ക് ഹാജരായില്ല.

സംസ്ഥാനത്ത്‌ അമ്പതിനായിരം കേന്ദ്രത്തിലായി എട്ടു ലക്ഷം തൊഴിലാളികൾ ഹർത്താൽ ദിവസം നടന്ന മനുഷ്യശൃംഖലയിൽ പങ്കെടുത്തു. തിരുവനന്തപുരം ജിപിഒയ്‌ക്കു മുന്നിലെ പ്രതിഷേധം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്‌തു. സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. എ കെ ബാലൻ, ആനാവൂർ നാഗപ്പൻ, കെ എൻ ഗോപിനാഥ്, കെ എസ് സുനിൽകുമാർ, സോണിയ ജോർജ്‌, സി ജയൻബാബു, സി പി ജോൺ, സോളമൻ വെട്ടുകാട്, ആർ രാമു, ടി എൻ പ്രതാപൻ, സദാനന്ദൻ, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ്‌ കെ പി റെജി എന്നിവർ സംസാരിച്ചു. ഗാന്ധിപാർക്കിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ടൗണിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. തൃശൂരിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും മലപ്പുറത്ത് എസ്‌ടിയു സംസ്ഥാന സെക്രട്ടറി അഡ്വ. പി റഹ്മത്തുള്ളയും കാസർകോട്‌ ടി കെ രാജനും വയനാട്ടിൽ പി പി ആലിയും പാലക്കാട് കെ കെ ദിവാകരനും എറണാകുളത്ത്‌ കെ ചന്ദ്രൻപിള്ളയും കോട്ടയത്ത്‌ അഡ്വ. വി ബി ബിനുവും ഇടുക്കിയിൽ മലയാലപ്പുഴ ജ്യോതിഷ്‌കുമാറും ആലപ്പുഴയിൽ ജി ബൈജുവും കൊല്ലത്ത്‌ ജെ ഉദയഭാനുവും പത്തനംതിട്ടയിൽ ബാബു ദിവാകരനും ഉദ്‌ഘാടനം ചെയ്‌തു. ഹർത്താൽ വൻവിജയമാക്കിയ തൊഴിലാളികളെ സംയുക്ത ട്രേഡ് യൂണിയൻ സമിതിക്കുവേണ്ടി എളമരം കരീമും ആർ ചന്ദ്രശേഖരനും കെ പി രാജേന്ദ്രനും അഭിവാദ്യം ചെയ്തു.

ഹർത്താലിന്‌ കർഷകരുടെ ഐക്യദാർഢ്യം
സംയുക്ത കർഷക മോർച്ച ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദിന്‌ കേരളത്തിലെ കർഷകരുടെ ഐക്യദാർഢ്യം. സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ കർഷകർ പ്രതിഷേധ ധർണകളും കർഷക കൂട്ടായ്‌മകളും സംഘടിപ്പിച്ചു. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ സംഘടിപ്പിച്ച പരിപാടികളിൽ ലക്ഷക്കണക്കിനു കർഷകർ അണിനിരന്നു.

തിരുവനന്തപുരത്ത്‌ രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച കർഷക കൂട്ടായ്‌മ എഐകെഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. സംയുക്ത കർഷകസമിതി ചെയർമാൻ സത്യൻ മൊകേരി അധ്യക്ഷനായി.

കർഷക സംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, ബിനോയ് വിശ്വം എംപി, കെ പി അനിൽ കുമാർ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, സഹായദാസൻ നാടാർ, ഉഴമലയ്‌ക്കൽ വേണുഗോപാൽ, സുദർശന കുമാർ, തമ്പാനൂർ രാജീവ്, എസ് കെ പ്രീജ, വി എസ് പത്മകുമാർ, കെ സി വിക്രമൻ, സന്തോഷ് യോഹന്നാൻ, വി അമ്പിളി, പി എസ്‌ പ്രശാന്ത്‌ എന്നിവർ സംസാരിച്ചു.

കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ സമാപന പ്രസംഗം നടത്തി. എഐടിയുസി, ഡിവൈഎഫ്ഐ, എൻജിഒ യൂണിയൻ, കെഎംസിഎസ്‌യു, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ കൂട്ടായ്‌മയെ അഭിവാദ്യം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top