03 December Friday
കെഎസ്‌ആർടിസി ബസുകൾ വിട്ടുനൽകി ,സേനാഹെലികോപ്ടറുകളും 
ദുരന്തമുഖങ്ങളിലെത്തി

ജാഗരൂകമായി സർക്കാർ വകുപ്പുകൾ ; ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

മുണ്ടക്കയം കാവാലിയിൽ ഉരുൾപൊട്ടിയ സ്ഥലം സന്ദർശിക്കുന്ന മന്ത്രിമാരായ റോഷി അഗസ്റ്റി-നും കെ രാജനും


തിരുവനന്തപുരം
കണക്കുകൂട്ടലുകൾക്കപ്പുറം പെയ്‌ത അതിതീവ്ര മഴയിലും മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിലും സർക്കാർ സംവിധാനങ്ങളാകെ അതിവേഗം ജാഗരൂകമായി. ദിവസങ്ങൾക്കു മുമ്പുതന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക യോഗംചേർന്ന്‌ മുന്നൊരുക്കം തുടങ്ങി. ശനിയാഴ്‌ച മഴ തീവ്രമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. അപകടസാധ്യതാ മേഖലകളിൽനിന്ന്‌ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശിച്ചു. ഏത്‌ അടിയന്തര സാഹചര്യം നേരിടാനും സംവിധാനങ്ങളെയാകെ തയ്യാറാക്കി.

മന്ത്രിമാരായ കെ രാജനും വി എൻ വാസവനും റോഷി അഗസ്റ്റിനും കോട്ടയത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. മന്ത്രിമാരായ സജി ചെറിയാൻ ആലപ്പുഴയിലും വീണാ ജോർജ്‌ പത്തനംതിട്ടയിലും ഞായറാഴ്‌ച പ്രവർത്തനങ്ങൾക്ക്‌ നേതൃത്വംനൽകി. രക്ഷാപ്രവർത്തനം വിലയിരുത്താൻ മുഖ്യമന്ത്രി പൂർണസമയം ചെലവഴിച്ചു.


 

ദുരിതാശ്വാസ ക്യാമ്പുകളിൽ മന്ത്രിമാർ നേരിട്ടെത്തി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 11 ടീമിനെ വിന്യസിച്ചു. കരസേന, ഡിഫൻസ് സെക്യൂരിറ്റി കോർ, നാവിക–-വ്യോമ സേനയെയും രംഗത്തിറക്കി.ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡിഎംഒമാരുടെ യോഗം ചേർന്ന്‌ ആശുപത്രികൾ സജ്ജമാക്കി. ജില്ലാ, തദ്ദേശ സ്ഥാപനതലങ്ങളിൽ കൺട്രോൾ റൂം തുറക്കാൻ തദ്ദേശമന്ത്രി എം വി ഗോവിന്ദൻ നിർദേശിച്ചു. പൊലീസും അഗ്നിശമനസേനയും മുന്നിട്ടിറങ്ങി. ശബരിമല തീർഥാടനം രണ്ടു ദിവസത്തേക്ക്‌ മാറ്റിവച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ കെഎസ്‌ആർടിസി ബസുകൾ വിട്ടുനൽകി. അണക്കെട്ടുകളിലെ സ്ഥിതി വിലയിരുത്താൻ കെഎസ്ഇബി, ജലസേചന, മോട്ടോർ വാഹന വകുപ്പ് പ്രതിനിധികളെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ വിന്യസിച്ചു.

ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തി ആരോഗ്യമന്ത്രി
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത്‌ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം ആരോഗ്യമന്ത്രി വീണാ ജോർജ് വിലയിരുത്തി. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കലക്ടർമാരുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും ചർച്ച നടത്തി. ദുരന്തമുണ്ടായ കൂട്ടിക്കലിലെയും കൊക്കയാറിലെയും പ്രവർത്തനങ്ങൾ പ്രത്യേകം ചർച്ച ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിലും പീരുമേട് ജനറൽ ആശുപത്രിയിലുമായി സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്‌. പോസ്റ്റ്‌മോർട്ടം നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ആശുപത്രികളിൽ മരുന്നുകൾ സ്‌റ്റോക്കുണ്ടെന്ന്‌ ഉറപ്പാക്കണം. മുമ്പ് പ്രളയക്കെടുതി നേരിട്ട ആശുപത്രികളിൽ മരുന്നുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും  സൂക്ഷിക്കണം. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരും വെള്ളത്തിൽ ഇറങ്ങുന്നവരും നിർബന്ധമായി എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണമെന്നും മന്ത്രി നിർദേശിച്ചു.

അടിയന്തര സഹായമെത്തിക്കും: മന്ത്രി കെ രാധാകൃഷ്‌ണൻ
മഴക്കെടുതി കൂടുതൽ അനുഭവിക്കുന്ന മലയോരപ്രദേശങ്ങളിലും കോളനികളിലും  അടിയന്തര സഹായമെത്തിക്കുമെന്ന്‌ മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.  
റവന്യൂ, തദ്ദേശ വകുപ്പുമായി സഹകരിച്ച് രക്ഷാപ്രവർത്തനം, പുനരധിവാസം തുടങ്ങിയവ അവധിദിനങ്ങളിലും വകുപ്പ് ഉദ്യോഗസ്ഥർ സജീവമായി പങ്കുചേരണമെന്നും  മന്ത്രി നിർദേശിച്ചു.

ദുരിതാശ്വാസ ക്യാമ്പിൽ 4713 പേർ  
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ  156 ദുരിതാശ്വാസ ക്യാമ്പിലായി 1253 കുടുംബത്തിലെ 4713 പേരെ മാറ്റിപാർപ്പിച്ചു.  വെള്ളി മുതൽ ഞായർ വരെയുണ്ടായ മഴയിൽ 4352 ഹെക്‌ടർ കൃഷി നശിച്ചു. 67.14 കോടിയുടെ നഷ്‌ടമുണ്ടായി. 24161 കർഷകരുടെ കൃഷി നശിച്ചു. ആലപ്പുഴ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ വെള്ളം കയറി. കുട്ടനാട്‌, ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്‌. ഈ മേഖലയിൽനിന്ന്‌ ജനങ്ങളെ ഒഴിപ്പിച്ചു.

കനത്തമഴയില്‍ നീരൊഴുക്ക്‌ വർധിച്ചതോടെ പാലക്കാട്‌ ജില്ലയിൽ വാളയാർ, മീൻകര ഒഴികെ ആറ്‌ അണക്കെട്ടും തുറന്നു. ഭാരതപ്പുഴ പലയിടത്തും കരകവിഞ്ഞു. കൊല്ലം അഞ്ചലിൽ വെള്ളക്കെട്ടിൽപ്പെട്ട തമിഴ്‌നാട്‌ തെങ്കാശി സ്വദേശി മുത്തു(42)വിനെ പൊലീസ്‌ രക്ഷിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top