20 October Tuesday

പാലാരിവട്ടം പാലം യുഡിഎഫ് അഴിമതിയുടെ ഓര്‍മപ്പെടുത്തല്‍; എല്‍ഡിഎഫ് ഗുണമേന്മ ഉറപ്പുവരുത്തിയും അഴിമതിരഹിതവുമായി മുന്നോട്ടുപോകുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

തിരുവനന്തപുരം> പാലാരിവട്ടം പാലത്തിന്റെ അനുഭവം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതിയുടെ ഓര്‍മപ്പെടുത്തലാണെങ്കില്‍ ഈ സര്‍ക്കാര്‍ ഓരോ പ്രവൃത്തിയും ഗുണമേന്മ ഉറപ്പുവരുത്തിയും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും അഴിമതിരഹിതവുമായാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് മുഖ്യമന്ത്രി.  രാഷ്ട്രീയ അഴിമതിയില്‍നിന്ന് പൊതുമരാമത്ത് മേഖലയെ മുക്തമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞുവെന്നത് വലിയ നേട്ടമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

സര്‍ക്കാരിന്റെ 100 ദിന പരിപാടികളില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പില്‍ ചില പ്രധാന പദ്ധതികള്‍ നടപ്പാക്കുകയാണ്. അതില്‍ പ്രധാനപ്പെട്ടത് കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്കുള്ള ബദല്‍ പാതയാണ്. ഇപ്പോള്‍ കോഴിക്കോട്ടുനിന്ന് താമരശ്ശേരി ചുരം വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങള്‍ പോകുന്നത്. പ്രകൃതിക്ഷോഭവും വാഹനങ്ങളുടെ തിരക്കും കാരണം ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്. അതിവര്‍ഷമുണ്ടാകുമ്പോള്‍ പലപ്പോഴും മാസങ്ങളോളം ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇതിനു പരിഹാരമായാണ് വയനാട്ടിലേക്ക് തുരങ്കപാത പണിയുന്നത്.

ബദല്‍പാത എന്നത് ഈ മേഖലയിലുള്ളവര്‍ ദശാബ്ദങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവിലുള്ള ചുരം പാത വനഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് ഈ പാത വീതി കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികള്‍ നടത്തുന്നതിനും ഒട്ടേറെ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ബദല്‍പാത മാത്രമാണ് ഇതിനെല്ലാം പരിഹാരം.

ആനക്കാംപൊയിലില്‍ നിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന പാതയ്ക്ക് 7.82 കിലോമീറ്റര്‍ നീളമുണ്ടാകും. തുരങ്കത്തിന്റെ നീളം 6.9 കിലോമീറ്റര്‍ വരും. തുരങ്ക നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ച കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷനെ ഈ പദ്ധതിയുടെ പ്രത്യേക ഉദ്ദേശ കമ്പനിയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി പദ്ധതിക്ക് നല്‍കിയിട്ടുണ്ട്. കിഫ്ബിയില്‍ നിന്നാണ് ആവശ്യമായ പണം ലഭ്യമാക്കുന്നത്. ആവശ്യമായ പഠനങ്ങള്‍ക്കു ശേഷം കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അത് ലഭിച്ചുകഴിഞ്ഞാല്‍ മറ്റ് നടപടികള്‍ ആരംഭിക്കും.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണം


ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് പ്രളയത്തെ അതിജീവിക്കുന്ന രീതിയില്‍ നവീകരിക്കുന്നതിന് 625 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കും.

ആലപ്പുഴ- കോട്ടയം ജില്ലകളെ കരമാര്‍ഗം ബന്ധിപ്പിക്കുന്ന എസി റോഡ് എല്ലാ വര്‍ഷവും മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയാണ്. കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളായ കൈനകരി, കാവാലം, എടത്വാ, മുട്ടാര്‍, നെടുമുടി, ചമ്പക്കുളം എന്നിവിടങ്ങളിലെ ജനങ്ങള്‍ വെള്ളപ്പൊക്ക കാലത്ത് ആശ്രയിക്കുന്നത് എസി റോഡാണ്. എസി റോഡിലെ വെള്ളപ്പൊക്കം കുട്ടനാട്ടിലെ ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലാക്കും. ഇതിന് പരിഹാരമായാണ് എസി റോഡ് നവീകരിക്കാന്‍ തീരുമാനിച്ചത്.

ഏറ്റവും കൂടുതല്‍ വെള്ളം കയറുന്ന അഞ്ച് സ്ഥലങ്ങളിലാണ് മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നത്. ഒമ്പത് സ്ഥലങ്ങളില്‍ കോസ് വേകള്‍ പണിയും. വീതി കുറഞ്ഞ പാലങ്ങള്‍ വീതി കൂട്ടും. 13 കള്‍വെര്‍ട്ടുകള്‍ പുനര്‍നിര്‍മിക്കും. രാത്രി യാത്ര സുരക്ഷിതമാക്കുന്നതിനുള്ള സംവിധാനങ്ങളും നിര്‍ദിഷ്ട പാതയിലുണ്ടാകും.

ശംഖുമുഖം റോഡ് പുനര്‍നിര്‍മാണം

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ശംഖുമുഖം റോഡിന്റെ പുനര്‍നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡിസൈന്‍ പ്രകാരം 260 മീറ്റര്‍ കോണ്‍ക്രീറ്റ് ഡയഫ്രം വാള്‍ ഒന്നാംഘട്ടമായി നിര്‍മിക്കും. ഇതിന് 4.29 കോടി രൂപയുടെയും റോഡ് നിര്‍മിക്കുന്നതിന് 1.1 കോടി രൂപയുടെയും പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.

ആലപ്പുഴ ബൈപാസ്

225 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആലപ്പുഴ ബൈപാസ് നവംബറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കൊമ്മാടിയില്‍ നിന്ന് ആരംഭിച്ച് കളര്‍കോട് എത്തുന്ന ബൈപാസിന് 6.8 കിലോമീറ്ററാണ് നീളം.

കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലങ്ങള്‍

എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിര്‍മിക്കുന്ന കുണ്ടന്നൂര്‍ (780 മീറ്റര്‍), വൈറ്റില (700 മീറ്റര്‍) മേല്‍പ്പാലങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഡിസംബറില്‍ രണ്ടു മേല്‍പ്പാലങ്ങളും ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയും. കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് 88.77 കോടി രൂപയും വൈറ്റില മേല്‍പ്പാലത്തിന് 113 കോടി രൂപയുമാണ് ചെലവ്.

ശബരിമല - പ്രധാന റോഡുകളും അനുബന്ധ റോഡുകളും


ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന റോഡുകളുടെയും അനുബന്ധ റോഡുകളുടെയും നവീകരണത്തിന് 225 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 62 പ്രവൃത്തികളാണ് ഈ പദ്ധതിയില്‍ വരുന്നത്. ഒക്ടോബറില്‍ എല്ലാ പ്രവൃത്തികളും ആരംഭിക്കും.

പെരുമണ്‍ പാലം

കൊല്ലം ജില്ലയില്‍ അഷ്ടമുടി കായലിന് കുറുകെയുള്ള പെരുമണ്‍ പാലത്തിന്റെ നിര്‍മാണം നവംബറില്‍ ആരംഭിക്കും. 42 കോടി രൂപയാണ് ഇതിന് ചെലവ്.

38 പാലങ്ങള്‍

പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 38 പാലങ്ങളുടെ നിര്‍മാണം നവംബറിനകം ആരംഭിക്കും. പ്രവൃത്തി തുടങ്ങിയ 28 പാലങ്ങള്‍ നവംബറിനു മുമ്പ് പൂര്‍ത്തിയാകും.

രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള താരതമ്യമാണ് ഇവിടെ കാണേണ്ടത്. നാടിനുവേണ്ട ഒരു പദ്ധതിയും പണമില്ല എന്ന കാരണത്താല്‍ മാറ്റിവെക്കാനോ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാനോ ഈ സര്‍ക്കാര്‍ തയ്യാറാവില്ല; അത് അനുവദിക്കുകയുമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു
.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top