19 September Saturday

സ്വർണക്കടത്ത്‌ കേസ് : വീണ്ടും ബ്രേക്കിങ് നുണയിൽ മെഴുകി ചാനലുകൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


സ്വന്തം ലേഖകൻ
സ്വർണക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസുമായി കൂട്ടിക്കെട്ടാനുള്ള മാധ്യമങ്ങളുടെ ശ്രമം ഒരിക്കൽക്കൂടി  അൽപ്പായുസായി പൊലിഞ്ഞു. സ്വപ്‌നയെ കേസിൽനിന്ന്‌ രക്ഷിക്കാൻ മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ ഇടപെട്ടില്ലെന്ന വിവരം എൻഐഎ കോടതിയിൽനിന്ന്‌ വന്നതിലെ ജാള്യം മറയ്‌ക്കാനാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കള്ളവാർത്ത ചമച്ചത്‌. പ്രതികരണങ്ങളും ചർച്ചയുമായി ചാനലുകൾ രംഗത്തുവന്നപ്പോഴേക്കും കോടതിയിലെ പരാമർശത്തിന്റെ യഥാർഥ വിവരങ്ങൾ പുറത്തുവന്നു. സ്വപ്‌നയുടെ അഭിഭാഷകൻ നേരിട്ട്‌ മാധ്യമങ്ങൾക്ക്‌ മുന്നിൽവന്ന്‌ കോടതിയിലുണ്ടായ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. അതോടെ പറഞ്ഞതുവിഴുങ്ങി ചാനലുകൾ മലക്കംമറിഞ്ഞു.

സ്വപ്‌നയ്‌ക്ക്‌ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം എന്നായിരുന്നു ആദ്യത്തെ ചാനൽ ബ്രേക്ക്‌. കുറച്ചു കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം എന്നായി, അൽപ്പം കഴിഞ്ഞപ്പോൾ ‘വലിയ സ്വാധീനം’ എന്നായിമാറി.  മുഖ്യമന്ത്രിയുമായി കാഷ്വൽ അസോസിയേഷൻ (സാധാരണ ബന്ധം) -മാത്രമാണ്‌ ഉണ്ടായിരുന്നത്‌ എന്നാണ്‌ സ്വപ്‌ന സമർപ്പിച്ച പ്രസ്‌താവനയെ ഉദ്ധരിച്ച്‌ എൻഐഎ കോടതിയിൽ പറഞ്ഞത്‌. അത്‌ വ്യക്തമായിരുന്നിട്ടും അടുത്ത ബന്ധം എന്ന നിലയിൽത്തന്നെ ചാനൽ വാർത്തകൾ ആവർത്തിച്ചു. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും എത്തി.

ഇതിനിടെ, കേസിലെ വാദം പൂർത്തിയാക്കി സ്വപ്‌നയുടെ അഭിഭാഷകൻ ജിയോ പോൾ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച്‌ കോടതിയിൽ യാതൊരു പരാമർശവും ഉണ്ടായില്ലെന്ന്‌ മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ അറിയാം എന്നാണ്‌ സ്വപ്‌നയുടെ പ്രസ്‌താവനയിലുള്ളത്‌. മുഖ്യമന്ത്രിയെ അറിയാത്ത ആരാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. പിന്നീട്‌ എൻഐഎയുടെ അഭിഭാഷകനും ഇക്കാര്യത്തിൽ വ്യക്തത വരുത്തി.

യുഎഇ കോൺസുലേറ്റിന്റെ പ്രതിനിധി എന്ന നിലയിൽ മുഖ്യമന്ത്രിയെ അറിയാമായിരുന്നെന്നാണ്‌ സ്വപ്‌ന പറഞ്ഞിട്ടുള്ളത്‌. യുഎഇയിലെ ഗതാഗത പരിഷ്‌കരണത്തിനുള്ള പരിശീലന പരിപാടിയുടെ ഭാഗമായി സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പരിചയമുള്ള കാര്യം അവർ പ്രസ്‌താവനയിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്രയുമായപ്പോൾ ചാനലുകൾ ബ്രേക്കിങ്‌ ന്യൂസുകൾ തിരുത്തി. വിശദീകരണവും വ്യാഖ്യാനങ്ങളുമായി പിന്നെ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top