06 June Saturday

മറക്കരുത‌്: പ്രളയത്തെ അതിജീവിച്ചത‌്

അഭിമുഖം: എം പി വീരേന്ദ്രകുമാർ / കെ പ്രേമനാഥ‌്Updated: Wednesday Apr 17, 2019

കോഴിക്കോട‌്
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വോട്ട‌് ചെയ്യാൻ പോകുന്നവർ മഹാപ്രളയത്തെ കേരളം എങ്ങനെ നേരിട്ടുവെന്ന‌് ഒരു നിമിഷമെങ്കിലും ഓർക്കണമെന്ന‌് എംപി വീരേന്ദ്രകുമാർ എംപി അഭ്യർഥിച്ചു. ദേശാഭിമാനിക്ക‌് നൽകിയ അഭിമുഖത്തിലാണ‌് രാഷ‌്ട്രീയരംഗത്തെ ഈ അതികായൻ വെള്ളപ്പൊക്കക്കാലത്തേക്ക‌് കേരളത്തെ കൊണ്ടുപോകുന്നത‌്.

ജാതിയും മതവുമെല്ലാം മറന്ന‌് അന്ന‌് മലയാളികൾ ലോകത്തിന‌ു മാതൃകയായി. മനുഷ്യർ മനുഷ്യരെ കണ്ടത‌് അന്നാണ‌്. കുത്തിയൊഴുകിവരുന്ന വെള്ളത്തിന‌ു മുന്നിൽ നാം എല്ലാ ചിന്തകളും മറന്നു. പരസ‌്പരം സഹായിച്ചു. ജാതി നോക്കാതെ മതം നോക്കാതെ ഷെൽട്ടറുകളിൽ ഒന്നിച്ച‌ുകിടന്നു. അവിടെയുണ്ടാക്കിയ ഭക്ഷണം ഒന്നിച്ചിരുന്ന‌് കഴിച്ചു.

അത‌് ഇന്ത്യയിലെ ഏറ്റവും വലിയ പ്രളയം മാത്രമല്ല; ലോകത്തിലെ നാലാമത്തെ വലിയ പ്രളയമായിരുന്നു. അന്ന‌് രക്ഷാപ്രവർത്തനത്തിന‌ു നേതൃത്വം കൊടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ച ആത്മാർഥതയും ത്യാഗവും അങ്ങേയറ്റം അഭിനന്ദനാർഹമാണ‌്. അദ്ദേഹം അസുഖബാധിതനായ നാളുകളാണത‌്. അമേരിക്കയിൽ പോകണമെന്ന‌് ഡോക്ടർമാർ നിർദേശിച്ചിട്ടും മുഖ്യമന്ത്രി യാത്ര മാറ്റി. അദ്ദേഹം സ്വന്തം ജീവൻ പണയപ്പെടുത്തി സംസ്ഥാനത്താകെ രക്ഷാപ്രവർത്തനത്തെ ഒന്നിപ്പിച്ചു. പട്ടാളത്തിനെത്താൻ കഴിയാത്തിടത്ത‌് മത്സ്യത്തൊഴിലാളികളെ വള്ളവുമായിറക്കി.

ഭക്ഷണം, കുടിവെള്ളം, ചികിത്സ തുടങ്ങി എല്ലാരംഗത്തും ആ ശ്രദ്ധയെത്തി. അതുകൊണ്ട‌് മരണസംഖ്യ വളരെ കുറഞ്ഞു. ഇത‌് ചെറിയ കാര്യമല്ല. മരണത്തെ മുഖാമഖം കണ്ടവർക്ക‌് ഇത‌് എങ്ങനെയാണ‌് മറക്കാനാകുക.
ലോക രാജ്യങ്ങൾ പോലും അത്ഭുതത്തോടെയാണ‌് ഈ രക്ഷാപ്രവർത്തനത്തെയും മലയാളികളുടെ കൂട്ടായ‌്മയെയും കണ്ടത‌്. അതുകൊണ്ടാണ‌് അവർ കോടികളുടെ സഹായം ഇങ്ങോട്ട‌് വാഗ‌്ദാനം ചെയ‌്തത‌്. എന്നാൽ, വിദേശസഹായം വാങ്ങുന്നത‌് കേന്ദ്രം തടഞ്ഞു. ഐക്യരാഷ‌്ട്ര സംഘടനയുടെ പോലും സഹകരണം വിലക്കി. കേന്ദ്ര സർക്കാരാകട്ടെ തുച്ഛമായ തുകയാണ‌് നൽകിയത‌്. വിദേശ മലയാളികളിൽനിന്ന‌് സഹായം തേടി പോകാനുള്ള മന്ത്രിമാരുടെ യാത്രകളും തടഞ്ഞു. ഇങ്ങനെ കേരളത്തോട‌് അനീതി കാട്ടിയ കേന്ദ്ര സർക്കാർ രോഹിൻഗ്യൻ അഭയാർഥികളെ തിരിച്ച‌ുകൊണ്ടുപോകാൻ ബംഗ്ലാദേശിന‌് പണം കൊടുത്തു. ഇതൊക്കെ ബൂത്തിലേക്ക‌ു പോകുന്ന മലയാളികൾ അത്രവേഗം മറക്കുമോ?
മൂന്ന‌ു വർഷമായി ഈ സർക്കാർ ചെയ‌്ത ക്ഷേമപ്രവർത്തനങ്ങളും ജനങ്ങൾക്ക‌ു മുന്നിലുണ്ട‌്. റോഡുകൾ, ക്ഷേമ പെൻഷനുകൾ, വിദ്യാഭ്യാസരംഗത്തെ ഇടപെടലുകൾ, കയർ–-കൈത്തറി മേഖലകളിലുണ്ടായ ഉണർവ‌് തുടങ്ങി എത്രയെത്ര ഉദാഹരണങ്ങൾ. കേരളത്തിലുണ്ടായ ഈ നേട്ടങ്ങൾ മറ്റ‌ു സംസ്ഥാനങ്ങൾക്കാകെ മാതൃകയാണെന്നും വീരേന്ദ്രകുമാർ പറഞ്ഞു.

എംഎൽഎയായും എംപിയായും വിവിധ തെരഞ്ഞെടുപ്പുകളെ നേരിട്ടയാളാണല്ലോ താങ്കൾ. ഈ ലോക‌്സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെയാണ‌് കാണുന്നത‌്?

കേരളത്തെ മാത്രം ബാധിക്കുന്നതോ നമ്മുടെ മാത്രം പ്രശ‌്നമോ അല്ല  ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത‌്. രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ‌്നങ്ങൾക്കാണ‌് ഇവിടെ പരിഹാരം തേടുന്നത‌്. ആ അർഥത്തിൽ ഈ തെരഞ്ഞെടുപ്പിന‌് അടിയന്തരാവസ്ഥയ‌്ക്ക‌ു പിന്നാലെ നടന്ന തെരഞ്ഞെടുപ്പ‌ു പോലെ പ്രാധാന്യമുണ്ട‌്‌. പരാജയഭീതി വന്നപ്പോഴേക്കും കൂടുതൽ ഫാസിസ‌്റ്റാകുകയാണ‌് മോഡി സർക്കാർ. അതിന്റെ സൂചനകളാണ‌് ഇന്ത്യയിലാകെ നാം കാണുന്നത‌്. അവരുടേതല്ലാത്ത എല്ലാ സർക്കാരുകളെയും തകർക്കുന്നു. ഫെഡറലിസത്തിൽ അവർക്ക‌് താൽപ്പര്യമേയില്ല. മധ്യപ്രദേശ‌് മുഖ്യമന്ത്രിയുടെ വീട‌് കേന്ദ്ര സംവിധാനത്തെ ഉപയോഗിച്ച‌് റെയ‌്ഡ‌് ചെയ്യുന്നു.
 
രാജ്യത്തെ പരമോന്നത നീതിപീഠത്തിലോ നിയമസംവിധാനത്തിലോ ബിജെപിക്ക‌് വിശ്വാസമില്ല. ശബരിമല വിധി തന്നെ ഉദാഹരണം. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണത‌്. അത‌് സംസ്ഥാനത്തിന‌് ബാധകമാകുമ്പോൾ കേന്ദ്രത്തിന‌ു ബാധകമല്ല എന്നുണ്ടോ. അതിനെയാണ‌് കേരളത്തിൽ വന്ന‌് അദ്ദേഹം വെല്ലുവിളിക്കുന്നത‌്. ശബരിമലയുടെ പേര‌് നേരിട്ട‌ു പറഞ്ഞില്ലെന്ന‌് മാത്രം.

വാട‌്സ‌ാപ‌് പോലുള്ള ഇലക‌്ട്രോണിക‌്സ‌് സംവിധാനങ്ങളിൽ  സൂക്ഷിച്ച‌ുവയ‌്ക്കുന്ന രേഖകൾ പോലും കണ്ടെത്തി  നമ്മെ കുറ്റക്കാരനാക്കാൻ ഇപ്പോൾ കേന്ദ്രം നിയമമുണ്ടാക്കിയിട്ടുണ്ട‌്. പൊലീസ‌് ഉദ്യോഗസ്ഥൻ പരിശോധിച്ച‌് അദ്ദേഹത്തിന‌് ‘ബോധ്യപ്പെട്ടാൽ’മതി. ഏഴരക്കൊല്ലംവരെ നമ്മെ ശിക്ഷിക്കാം. നാം എന്ത‌് ഭക്ഷിക്കണം, എങ്ങനെ ചിന്തിക്കണം എന്നെല്ലാം ഒരു സർക്കാർ തീരുമാനിക്കാൻ തുടങ്ങുന്നത‌് അപകടകരമായ അവസ്ഥയിലേക്ക‌് നാട‌് നീങ്ങുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ‌്. 

ബിജെപി അധ്യക്ഷൻ അമിത‌് ഷാ പറയുന്നത‌് വയനാട്ടിലേക്ക‌് പോകുന്നത‌് പാകിസ്ഥാനിലേക്ക‌് പോകുന്നത‌ു പോലെയാണെന്നാണ‌്. അദ്ദേഹത്തിന‌് കേരളത്തെക്കുറിച്ച‌് എന്തറിയാം? പഴശ്ശിരാജ ആരാണെന്നറിയോ ഈ അമിത‌് ഷായ‌്ക്ക‌് ? അദ്ദേഹം ആർക്കെതിരെ, എന്തിന‌ു വേണ്ടി പോരാടിയെന്നും  എവിടുന്നാണ‌് പേരാടിയതെന്നും മറന്നുപോകരുത‌്. ഇവിടെ പല  വൈവിധ്യങ്ങളുമുണ്ട‌്. കാഴ‌്ചപ്പാടുകളും വിഭിന്നങ്ങളാകും. അത‌് മനസ്സിലാക്കിയാൽ മാത്രമേ ഇന്ത്യയെ ഒരു രാഷ‌്ട്രമായി കാണാനൊക്കൂ. ഇത‌് മറന്ന‌് ഇന്ത്യയെ ഒരു ഹിന്ദു രാഷ‌്ട്രമാക്കുമെന്നാണ‌്  ഇപ്പോൾ ബിജെപി  പറയുന്നത‌്. അങ്ങേയറ്റം അപകടമാണിത‌്. ഇതൊക്കെ ചർച്ചയാകുന്ന ഈ തെരഞ്ഞെടുപ്പ‌് അതുകൊണ്ട‌ുതന്നെ പ്രാധാന്യമർഹിക്കുന്നു.

  സംഘപരിവാറിന്റെ ഫാസിസ്റ്റ‌് രാഷ‌്ട്രീയത്തെ  നേരിടുന്നതിൽ കോൺഗ്രസ‌് സമീപനം ഫലപ്രദമാണോ?

മോഡിക്കെതിരായ പോരാട്ടത്തിന‌്, ബദൽ ശക്തികൾക്ക‌് നേതൃത്വം കൊടുക്കേണ്ടയാളാണ‌് രാഹുൽ ഗാന്ധി. എന്നാൽ, അദ്ദേഹം മത്സരിക്കുന്നത‌് ബിജെപിക്കെതിരെ വിട്ടുവീഴ‌്ചയില്ലാതെ പോരാടുന്ന കേരളത്തിലെ ഇടതുപക്ഷത്തിനോടാണ‌്. അദ്ദേഹം മത്സരിക്കേണ്ടിയിരുന്നത‌് കർണാടകയിലോ തമിഴ‌്നാട്ടിലോ ആയിരുന്നു. ബിജെപിക്കും –-സംഘപരിവാറിനും എതിരായിട്ടുള്ള ശക്തികളെ ദുർബലപ്പെടുത്തിയിട്ട‌് രാഹുൽ ഗാന്ധിക്ക‌് എന്ത‌ു കിട്ടാനാണ‌്?  കോൺഗ്രസിന്റെ ഈ രാഷ‌്ട്രിയ കാഴ‌്ചപ്പാടില്ലായ‌്മ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. എന്നാൽ, കേരളത്തിലെ ഇടത‌്–-മതേതര പാർടികൾക്ക‌് ബിജെപിക്കെതിരായ പോരാട്ടത്തിൽ നല്ല തെളിമയുണ്ട‌്. തെരഞ്ഞെടുപ്പിന‌ു ശേഷം കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരാതിരിക്കാനുള്ള എന്ത‌് വിട്ടുവീഴ‌്ചയ‌്ക്കും ഞങ്ങൾ തയ്യാറാകും.

സർവേ ഫലങ്ങൾ കേരളം യുഡിഎഫിന‌് അനുകൂലമാണെന്ന‌് പറയുന്നുണ്ടല്ലോ?

അതിന‌് വലിയ വിശ്വാസ്യതയുണ്ടെന്ന‌് തോന്നുന്നില്ല. ഞാനും ഇത്തരമൊരു സർവേ എടുത്ത സ്ഥാപനത്തിന്റെ ഉടമയാണ‌്. സർവേ എടുത്ത ദിവസത്തെ സാഹചര്യമല്ല തൊട്ടടുത്ത ദിവസം രൂപപ്പെടുന്നത‌്. റഫേൽ ഇടപാടിൽ 1125 കോടി രൂപയുടെ നികുതിയിളവ‌് അനിൽ അംബാനിക്ക‌് ലഭിച്ചെന്നാണ‌് ഏറ്റവും പുതിയ വിവരം. 40 ശതമാനം വോട്ടിങ‌് മെഷീനിൽ കൃത്രിമം നടന്നെന്ന‌് ആന്ധ്രപ്രദേശ‌് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇലക‌്ഷൻ കമീഷനോട‌് പരാതി പറയുന്നു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പുതിയ വിവരങ്ങളാണ‌്  ഇതൊക്കെ. സർവേ ഇതൊന്നും കാണുന്നില്ല.

മോഡിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ഇന്ത്യയൊട്ടാകെ ഒറ്റ കൂട്ടായ‌്മ രൂപപ്പെട്ടുവരാത്തത‌് എന്തുകൊണ്ടാണ‌്?

ഒരു കാരണം കോൺഗ്രസ‌് നേതൃത്വത്തിന്റെ പരാജയമാണ‌്. രാഹുലിനെ കേരളത്തിലേക്കയക്കുന്നതുപോലെയുള്ള പാപ്പരത്തം പലയിടത്തും അവർ കാണിക്കുന്നു. മറ്റൊന്ന‌് സോഷ്യലിസ‌്റ്റ‌് സംഘടനകളുടെ ദുര്യോഗമാണ‌്. ഇന്ത്യയിലെ പല സംഘടനകളും ദേശീയമായി ചിന്തിക്കുകയും പ്രാദേശികമായി സംഘടനയുണ്ടാക്കുകയും ചെയ്യുന്നവരാണ‌്.

വർഷങ്ങൾക്ക‌ു ശേഷമാണല്ലോ താങ്കൾ  ഇടതുപക്ഷത്തേക്ക‌് എത്തിയത‌്. വീണ്ടും ജനങ്ങളിലേക്കിറങ്ങുമ്പോൾ എന്ത‌് തോന്നുന്നു?

കുറച്ചുകാലമേ ഞാൻ യുഡിഎഫ‌് പക്ഷത്തിരുന്നിട്ടുള്ളൂ. പക്ഷേ, സാധാരണ സഖാക്കൾക്കിടയിൽനിന്ന‌് കിട്ടിയ സ‌്നേഹവും ഊഷ‌്മളതയും നഷ്ടമായെന്ന‌് എനിക്ക‌് അനുഭവപ്പെട്ടത‌് എൽഡിഎഫ‌് വിട്ടപ്പോഴാണ‌്. തെരഞ്ഞെടുപ്പ‌ു രംഗത്ത‌് വീണ്ടും എത്തുമ്പോൾ  ആ വൈകാരികത ഞാൻ അനുഭവിക്കുന്നു.


പ്രധാന വാർത്തകൾ
 Top