22 March Friday

ജീവനോപാധി പുനസ്ഥാപിക്കാന്‍ ഉപജീവന വികസന പാക്കേജ് പരിഗണിക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018

തിരുവനന്തപുരം > പ്രളയബാധിത മേഖലയിലെ ജനങ്ങളുടെ ജീവനോപാധി പുനസ്ഥാപിക്കുന്നതിന് ആവശ്യമെങ്കില്‍ ഉപജീവന വികസന പാക്കേജ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി പട്ടികവര്‍ഗ്ഗം ഉള്‍പ്പെടെയുള്ള ഏറ്റവും ദുര്‍ബലവിഭാഗങ്ങള്‍ക്ക് ജീവനോപാധി പുനസ്ഥാപിക്കുന്നതിന് ആസൂത്രണബോര്‍ഡിന്റെ സഹായത്തോടെ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താന്‍ പറഞ്ഞിട്ടുണ്ട്. പത്തു ദിവസത്തിനകം ഉപജീവന വികസന പാക്കേജ് തയ്യാറാക്കി സമര്‍പ്പിക്കും. ഒക്ടോബര്‍ അവസാനത്തോടെ ജീവനോപാധി കോണ്‍ഫറന്‍സ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.മുന്‍ഗണനാ കാര്‍ഡുടമകള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ജോബ് കാര്‍ഡുള്ളവര്‍, അഗതികള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. ഇത്തരക്കാര്‍ക്ക് എല്ലാ ആഴ്ചയും ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണം.

പുനരധിവാസം അതിവേഗതയില്‍ പൂര്‍ത്തിയാക്കിയതിനുശേഷം പുനര്‍നിര്‍മ്മാണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.പുനരധിവാസവും പുനര്‍നിര്‍മ്മാണവും രണ്ടായി കണ്ടുകൊണ്ടുള്ള സമീപനമായിരിക്കും സ്വീകരിക്കുക. കുട്ടനാട്, ഇടുക്കി, വയനാട് എന്നീ സ്ഥലങ്ങളുടെ വികസനം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി കാണണം.കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനാവശ്യമായ സാധനങ്ങള്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വിലകുറച്ച് ലഭിക്കുമോയെന്ന് പരിശോധിക്കണം. നഷ്ടപ്പെട്ട ആസ്തികളുടെ പുനര്‍നിര്‍മാണത്തിന് പ്രാധാന്യം നല്‍കണം. പ്രീ ഫാബ്രിക്കേഷന്‍ ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ നിര്‍മ്മാണ മേഖലയില്‍ സ്വീകരിക്കും.

ക്യാമ്പുകളുടെ എണ്ണം കുറഞ്ഞു വരുന്നതായി ചീഫ് സെക്രട്ടറി ടോം ജോസ് യോഗത്തില്‍ അറിയിച്ചു. നിലവില്‍ 75 ക്യാമ്പുകളില്‍ 711 കുടുംബങ്ങളിലെ 2241 പേര്‍ കഴിയുന്നു. തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ ക്യാമ്പുകള്‍. ഇവിടെ 44 ക്യാമ്പുകളിലായി 1265 പേര്‍ കഴിയുന്നു. പതിനായിരം രൂപയുടെ സഹായം ഇതുവരെ 5,58,193 പേര്‍ക്ക് നല്‍കി. 29നകം അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും നല്‍കാനാണ് ശ്രമിക്കുന്നത്.

ദുരിതാശ്വാസ സഹായമെന്ന നിലയില്‍ ആഭ്യന്തരതലത്തില്‍ 18266 ടണ്‍ സാധനങ്ങളും അന്താരാഷ്ട്ര തലത്തില്‍ നിന്ന് 2071 ടണ്‍ സാധനങ്ങളും ലഭിച്ചു. പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. ഒരു ലക്ഷം രൂപയുടെ ബാങ്ക് വായ്പയ്ക്കായി 1,09,182 അപേക്ഷകള്‍ ശനിയാഴ്ച വരെ ബാങ്കുകളില്‍ ലഭിച്ചിട്ടുണ്ട്.സംസ്ഥാനത്തെ നാല് എല്‍. പി സ്‌കൂളുകള്‍ പൂര്‍ണമായി നശിച്ചു. ഇത് പുനര്‍നിര്‍മിക്കേണ്ടി വരും. വയനാട്ടില്‍ രണ്ടും പാലക്കാടും ഇടുക്കിയിലും ഓരോ എല്‍. പി സ്‌കൂളുമാണ് തകര്‍ന്നത്. 1,62,000 കിലോമീറ്റര്‍ സ്‌കൂള്‍ മതില്‍ തകര്‍ന്നിട്ടുണ്ട്. 506 ശുചിമുറികള്‍ നശിച്ചു. സ്‌കൂളുകളിലെ 1548 ലാപ്‌ടോപ്പുകള്‍/ ഡെസ്‌ക്ടോപ്പുകള്‍ നശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പാഠപുസ്തകം പൂര്‍ണമായി നല്‍കി. 18,000 പേര്‍ക്കുള്ള യൂണിഫോം തയ്യാറായിക്കൊണ്ടിരിക്കുന്നു.

3,20,000 കിണറുകളില്‍ 3,00,956 കിണറുകള്‍ വൃത്തിയാക്കി. 12,000 കിലോമീറ്റര്‍ റോഡ് നശിച്ചിട്ടുണ്ട്. ആയിരം കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെ പ്രവൃത്തികള്‍ ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും.റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി കോഓര്‍ഡിനേഷന്‍ വി. എസ്. സെന്തില്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top