25 April Thursday
ഒഡീഷയിലെ ഐടിഐ വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങിയ സന്നദ്ധ സംഘമാണ് പ്രളയത്തില്‍ മുങ്ങിയ വീടും നശിച്ച ഉപകരണങ്ങളും നന്നാക്കാനെത്തിയത്

കേരളം ഞങ്ങള്‍ക്ക് സ്വന്തം നാട്; ഇനിയുമെത്തുമെന്ന് ഒഡീഷ സംഘം

സ്വന്തം ലേഖകന്‍Updated: Thursday Sep 6, 2018

കൊച്ചി > മൈലുകള്‍ക്ക് അപ്പുറത്ത് നിന്നാണ് അവരെത്തിയത്. ഇതുവരെ നേരില്‍ കാണാത്തവര്‍. ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരുന്നില്ല. എന്നിട്ടും കേരളത്തിന്റെ കണ്ണീരൊപ്പാന്‍, പ്രളയ ജലത്തില്‍ തേങ്ങിയ സഹോദരങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ആ 25 അംഗ സംഘമെത്തി. ഒഡീഷയിലെ ഐടിഐ വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങിയ സന്നദ്ധ സംഘമാണ് പ്രളയത്തില്‍ മുങ്ങിയ വീടും നശിച്ച ഉപകരണങ്ങളും നന്നാക്കാനെത്തിയത്.

 വ്യവസായ പരിശീലന വകുപ്പിന്റെ  കീഴില്‍ രൂപീകരിച്ച നൈപുണ്യ കര്‍മ സേനയും ചേര്‍ന്ന് ഇതുവരെ 1041 വീടുകളിലാണ് സൗജന്യമായി അറ്റകുറ്റപണി നടത്തിയത്. ഇവരെ അഭിനന്ദിക്കാന്‍ മന്ത്രി ടി പി രാമകൃഷ്ണനുമെത്തി.''നാട്ടിലെ അപകടരമായ വെള്ളപൊക്കവും കെടുതിയും ഞങ്ങള്‍ക്ക് പരിചയമാണ്. എന്നാല്‍ കേരളത്തെ പ്രളയജലം കവര്‍ന്നെന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല. പിന്നീട് മറിച്ചൊരു ചിന്ത വന്നില്ല.

വീടുകളും ഉപകരണങ്ങളും തകര്‍ന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് കൈത്താങ്ങാന്‍ പുറപ്പെട്ടു''? ഒഡീഷയില്‍ നിന്നുള്ള ഐടിഐ വിദ്യാര്‍ഥികളുമായെത്തിയ സംഘത്തിന്റെ ചുമതലക്കാരനും ട്രെയിനിങ് ഓഫീസറുമായ  പ്രദീപ് കുമാര്‍ സാഹു പറഞ്ഞു. കേരളത്തില്‍ പ്രളയം കനത്ത നഷ്ടമുണ്ടാക്കിയപ്പോള്‍ വീടുകളില്‍ ഇലക്ട്രിക്കല്‍, പ്ലംബിങ്, കാര്‍പ്പന്റര്‍ അറ്റകുറ്റപ്പണികള്‍ക്കായി സഹായമഭ്യര്‍ഥിച്ച് വ്യവസായ പരിശീലന വകുപ്പ് മറ്റ് സംസ്ഥാനങ്ങളിലേക്ക് കത്തയച്ചിരുന്നു.

ഇതിന് മുന്നേതന്നെ കേരളത്തെ സഹായിക്കാന്‍ സന്നദ്ധമാണെന്ന് ഒഡീഷയിലെ ഒമ്പത് സര്‍ക്കാര്‍ ഐടിഐയില്‍ നിന്നുള്ള സംഘം കളമശേരി ഗവ. ഐടിഐയില്‍ അറിയിച്ചു. ആഗസ്ത് 31ന് സ്കില്‍ഡ് ഇന്‍ ഒഡീഷ എന്ന പേരിലുള്ള സംഘം നൈപുണ്യ കര്‍മസേനയുടെ ഭാഗമായി. ഒമ്പത് വരെ വിവിധ പഞ്ചായത്തുകളിലെ വീടുകളിലെത്തി ഉപകരണങ്ങളും വീടുകളും സംഘം നന്നാക്കും.

ഒഡീഷ സാങ്കേതിക വിദ്യാഭ്യാസ പരിശീലന ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണിവരെത്തിയിട്ടുള്ളത്. സംഘത്തിലെ 15 പേര്‍ ഇലക്ട്രിക്കല്‍, പ്ലംബിങ്, കാര്‍പ്പന്റര്‍ കോഴ്‌സുകള്‍ കഴിഞ്ഞ് വിവിധ കമ്പനികളില്‍ അപ്രന്റിഷിപിന് ചേര്‍ന്നവരാണ്. കേരളത്തിലെ പ്രവര്‍ത്തനം തങ്ങള്‍ക്ക് കരിയറില്‍ വലിയ പ്രചോദനമാകുമെന്നും പ്രളയദുരിതത്തിലായവരെ സഹായിക്കുന്നതിന് ലഭിച്ച അവസരം മറക്കില്ലെന്നും വിദ്യാര്‍ഥികളായ സിബ സുന്ദര്‍ സാഹു, പഞ്ചാനന്‍ ബഹ്‌റ എന്നിവര്‍ പറഞ്ഞു.

ഇവിടുത്തെ ജനങ്ങളുടെ സഹകരണവും അര്‍പ്പണബോധവും ഏറെ അനുഭവിക്കാനിടയായെന്നും ഇവര്‍ പറഞ്ഞു.സംഘത്തില്‍ പത്ത്‌പേര്‍ അധ്യാപകരാണ്. വടക്കേക്കര, കുന്നുകര, പാറക്കടവ് പഞ്ചായത്തുകളിലായി 130 വീടുകളാണ് ഒഡീഷ സംഘം പുതുക്കി നല്‍കിയത്. വയറിങ്ങ് , പ്ലംബിങ്, കാര്‍പെന്റര്‍ ജോലികള്‍ക്കു പുറമെ ടിവി, വാഷിങ്ങ് മെഷീന്‍, ഫ്രിഡ്ജ്, മിക്‌സി, ഗ്രൈന്‍ഡര്‍, ഫാന്‍ തുടങ്ങിയവ ഉപയോഗയോഗ്യമാക്കി.

ആഗസ്ത് 23 മുതലാണ് പ്രളയബാധിത മേഖലകളില്‍ നൈപുണ്യകര്‍മ്മ സേന സേവനം ആരംഭിച്ചത്. സേവന സന്നദ്ധരായി വീടുകളിലും സ്ഥാപനങ്ങളിലും എത്തിയതിനു പുറമെ കോഴിക്കോട് ജില്ലയിലെ കണ്ണാടിക്കലിലും വയനാട് കല്‍പ്പറ്റയിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചു. സര്‍ക്കാര്‍ ഐടിഐ കളിലെ ഇലക്ട്രീഷ്യന്‍, പ്ലംബര്‍, വയര്‍മാന്‍, വെല്‍ഡര്‍ റഫ്രിജറേഷന്‍ മെക്കാനിക് ഇലക്ട്രോണിക്‌സ് മെക്കാനിക് , കാര്‍പെന്റര്‍ ട്രേഡുകളിലെ ഇന്‍സ്‌ക്ടര്‍മാരും ട്രയിനികളുമാണ് കര്‍മ്മ സേനയിലുള്ളത്.

സംസ്ഥാനത്തെ സ്വകാര്യ ഐടിഐകളും പട്ടികജാതി വകുപ്പിനു കീഴിലുള്ള ഐടിഐകളും കര്‍മസേനയുടെ ഭാഗമായി. എറണാകുളം, കളമശ്ശേരി, വേങ്ങൂര്‍, മരട് ,ബാല നഗര്‍, ഐഡിയല്‍, ലിറ്റില്‍ ഫ്‌ളവര്‍ എന്നീ ഐ ടി ഐകളിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപകരുമടങ്ങുന്ന 75 പേരും  സേനയിലുണ്ട്. ചേരാനല്ലൂര്‍, നെടുമ്പാശ്ശേരി, കോട്ടുവള്ളി, ചെങ്ങമനാട്, എന്നീ പഞ്ചായത്തുകളിലും പറവൂര്‍, കളമശ്ശേരി, ഏലൂര്‍ എന്നീ മുനിസിപ്പാലിറ്റികളിലും ഇവര്‍ സേവനം നല്‍കി. 5300 പേര്‍ക്ക് ഇവരുടെ സേവനം ലഭിച്ചു.

 


പ്രധാന വാർത്തകൾ
 Top