16 September Monday

നിപാ കാലത്തെ ആദ്യമരണം നടന്നിട്ട‌് ഞായറാഴ‌്ച ഒരു വർഷം പൂർത്തിയാകുന്നു; ഇപ്പോഴും കാലൊച്ചയില്ല ആ വീട്ടിൽ

എം ജഷീനUpdated: Sunday May 5, 2019

ആൾതാമസമില്ലാതെ അടച്ചിട്ട സൂപ്പിക്കട വളച്ചുകെട്ടിയിലെ വീട‌്

കോഴിക്കോട് > പേരാമ്പ്ര സൂപ്പിക്കട വളച്ചുകെട്ടിയിൽ ആറംഗ കുടുംബം സന്തോഷത്തോടെ താമസിച്ച  ചെറിയ കോൺക്രീറ്റ‌് വീട‌് അടഞ്ഞുകിടക്കുകയാണ‌്. താമസക്കാരോ സന്ദർശകരോ ഇല്ല.  മുറ്റത്തും വഴികളിലുമെല്ലാം നിഴലിക്കുന്നത‌് തുടർമരണങ്ങളുടെ ഓർമയാണ‌്. കേരളത്തെയാകെ ഭീതിയിലാഴ‌്ത്തിയ നിപാ കാലത്തെ ആദ്യമരണം നടന്നിട്ട‌് ഞായറാഴ‌്ച ഒരു വർഷം പൂർത്തിയാകുന്നു. 

നിപാ  ബാധിച്ചുള്ള ആദ്യമരണമെന്ന‌്  കരുതുന്നത‌്  പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടി വീട്ടിൽ സാബിത്തിന്റേതാണ‌്.  2018 മെയ‌് അഞ്ചിനായിരുന്നു മരണം. സാബിത്തിന‌് പുറമെ സഹോദരൻ സാലിഹ‌്, ബാപ്പ മൂസ, മൂസയുടെ സഹോദരന്റെ ഭാര്യ മറിയം എന്നിവരും മരണത്തിന‌് കീഴടങ്ങി.  സാലിഹിനും സമാന ലക്ഷണം കണ്ടതോടെയാണ‌് വിശദ പരിശോധനയ‌്ക്ക‌് ശേഷം നിപാ സ്ഥിരീകരിക്കുന്നത‌്. മൂന്നുപേരുടെ മരണമുണ്ടാക്കിയ ആഘാതം വിട്ടുമാറാത്ത കുടുംബത്തിലിപ്പോൾ ശേഷിക്കുന്നത‌് ഉമ്മ മറിയവും ഇളയ മകൻ മുത്തലിബുമാണ‌്. ദുരന്തത്തിന‌് മുന്നേ തന്നെ  പന്തിരിക്കരയ‌്ക്ക‌് സമീപം ജാനകി വയലിനടുത്ത‌് ഇവർ  പുതിയ വീട‌് എടുത്തിരുന്നു. അവിടേക്ക‌് മാറാനുള്ള ഒരുക്കത്തിനിടയിലാണ‌് സാബിത്ത‌് രോഗബാധിതനാവുന്നത‌്.

ഓർമകൾ മരിക്കില്ല


സാബിത്ത‌് മരിച്ചിട്ട‌് ഒരുവർഷം ആവുമ്പോഴും ആ സമയം കുടുംബം താമസിച്ച സൂപ്പിക്കടയിലെ വീട‌്  അടച്ചിട്ടിരിക്കുകയാണ‌്. പുതിയ ഉടമ 
വാടകക്ക‌് താമസക്കാരെ നോക്കുന്നുണ്ടെങ്കിലും  ആരുംവരുന്നില്ല. മരണങ്ങൾ വേട്ടയാടിയ വീടാണെന്ന ഭീതിയാണ‌്  താൽപ്പര്യക്കുറവിന‌് പിന്നിലെന്ന‌് നാട്ടുകാർ. മൂവരുടെയും മരണശേഷം ഉമ്മയും മകനും ജാനകിവയലിലെ പുതിയ വീട്ടിലേക്ക‌് മാറി. എന്നാലും ഇവിടെ സ്ഥിരതാമസമില്ല.  പേരാമ്പ്രയിൽ ഓർഫനേജ‌് കോളേജ‌ിൽ ബിരുദ വിദ്യാർഥിയായ മുത്തലിബ‌്  അവധിക്ക‌് വരുമ്പോൾ മാത്രമാണ‌് ഇരുവരും പുതിയ വീട്ടിൽ താമസിക്കുക. അല്ലാത്ത സമയങ്ങളിൽ  മറിയം സഹോദരിയുടെ  കൂടെയാണ‌്.

രണ്ടുവർഷം മുമ്പ‌് മറ്റൊരു മകൻ അപകടത്തിൽ മരിച്ചതിന്റെ ആഘാതം മാറും മുമ്പാണ‌് മറിയത്തിന‌് രണ്ട‌് മക്കളെയും ഭർത്താവിനെയും നഷ്ടപ്പെടുന്നത‌്. ഈ വേദനയിൽനിന്ന‌് അൽപ്പമെങ്കിലും ആശ്വാസം കണ്ടുതുടങ്ങിയിട്ട‌് മൂന്ന‌് മാസമേ ആയിട്ടുള്ളൂവെന്ന‌്  മുത്തലിബ‌് പറയുന്നു. ‘ആദ്യകാലത്ത‌് ഉമ്മ തീരെ തളർന്നുപോയിരുന്നു. പുറത്തുപോലും ഇറങ്ങാതെ വീട്ടിൽ ആലോചിച്ചിരിക്കും. ഇപ്പോൾ അടുത്ത ബന്ധുക്കളുടെ വീട്ടിലേക്കെങ്കിലും ഇറങ്ങുന്നുണ്ട‌്’...ബാപ്പയെയും സഹോദരന്മാരെയും നഷ്ടപ്പെട്ടതിന്റെ ആഘാതം വിട്ടുമാറിയിട്ടില്ല, മുത്തലിബിന്റെ വാക്കുകളിലും.

പേരാമ്പ്ര താലൂക്ക‌് ആശുപത്രിയിൽ സാബിത്തിനെ പരിചരിച്ചതിലൂടെയാണ‌് നേഴ‌്സ‌് ലിനിയും രോഗം ബാധിച്ച‌് മരിക്കുന്നത‌്. ആരോഗ്യവകുപ്പിന്റെ ചിട്ടയാർന്ന പ്രവർത്തനങ്ങളിലൂടെ മരണസംഖ്യ അധികം ഉയരാതെ  ദിവസങ്ങൾക്കകം രോഗം തുടച്ചുനീക്കാനായി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top