17 September Tuesday
എൽനിനോയും സ്വാധീനിച്ചു

അതിതീവ്രമഴയ്‌ക്കു കാരണം പസഫിക്കിലെ ചുഴലിയും ന്യൂനമർദവും

എം ശ്രീനേഷ്‌Updated: Sunday Aug 11, 2019

പാലക്കാട്‌ > നൂറ്റാണ്ടിലൊരിക്കൽ സംഭവിച്ചതെന്നു കരുതിയ മഹാപ്രളയത്തിന്‌ ഒരാണ്ട്‌ തികയുന്ന ദിവസംതന്നെ സമാനമായ പ്രളയമുണ്ടായതിൽ ഞെട്ടിയിരിക്കുകയാണ്‌ കേരളം. അത്തരമൊരു ദുരന്തം ഇനിയും നേരിടേണ്ടിവരുമെന്ന്‌ പ്രതീക്ഷിച്ചതേയല്ല. കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിന്റെ കാരണങ്ങളിലേതിന്‌ സമാനമായവതന്നെയാണ്‌ ഇത്തവണയുമുണ്ടായതെന്ന്‌ കൊച്ചി ശാസ്‌ത്ര–-സാങ്കേതിക സർവകലാശാലയിലെ റിസർച്ച്‌ സയന്റിസ്‌റ്റ്‌ ഡോ. എം ജി മനോജ്‌ പറഞ്ഞു. അന്ന്‌ ഇടുക്കിക്ക്‌ മുകളിലൂടെയായിരുന്നു ചുഴലിക്കാറ്റിന്റെ(ടൈഫൂൺ)പ്രയാണം. ഇത്തവണ അത്‌ വയനാടിന്‌ മുകളിലൂടെയായി.

ഒറീസ, ജാർഖണ്ഡ്‌ സംസ്ഥാനങ്ങളുടെ സമീപത്തായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ്‌ അതിതീവ്രമഴയ്‌ക്ക് ഒരു കാരണം. ചൈനയുടെ കിഴക്കുഭാഗത്ത്‌ പടിഞ്ഞാറൻ പസഫിക്‌ സമുദ്രത്തിൽ രണ്ട്‌ ടൈഫൂണുകൾ രൂപപ്പെട്ടു. രണ്ടിന്റെയും സ്വാധീനം ഇതേ അക്ഷാംശരേഖയിൽ വരുന്ന കേരളത്തിലെ മൺസൂണിനെ വലിച്ചെടുത്തു. സാധാരണഗതിയിൽ തിരശ്ചീനമായി വീശുന്ന മൺസൂൺകാറ്റ്‌ പശ്‌ചിമഘട്ട മലനിരകളിൽ തട്ടി കുത്തനെ വീശും. വായു മുകളിലേക്ക്‌ സഞ്ചരിക്കുന്നതോടെ മഴമേഘങ്ങൾ രൂപപ്പെടും. ഇത്തവണ 12 കിലോമീറ്ററിലധികം കനമുള്ള മഴമേഘങ്ങളാണ്‌ രൂപപ്പെട്ടത്‌. പടിഞ്ഞാറൻ പസഫിക്‌ സമുദ്രത്തിൽ രൂപപ്പെടുന്ന ടൈഫൂണുകൾ മൺസൂണിനെ ബാധിക്കുമെന്ന്‌ തെളിഞ്ഞ സാഹചര്യത്തിൽ ഇതേ രീതിയിലുള്ള പ്രളയം ഇനിയുമുണ്ടായേക്കാം–-ഡോ. മനോജ്‌ പറയുന്നു.

സാധാരണ മൺസൂണിൽ ഇടിമിന്നൽ കുറവായിരിക്കും. ഇത്തവണ പൊതുവേ ഇടിമിന്നൽ കൂടുതലായിരുന്നു. വേനൽക്കാലങ്ങളിൽ മാത്രമുണ്ടാകുന്ന മിന്നൽച്ചുഴലി ഇത്തവണയുണ്ടായി. ഇവ രണ്ടും ടൈഫൂണിന്റെയും ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യൂനമർദത്തിന്റെയും സ്വാധീനത്താലാണ്.

പസഫിക്‌ സമുദ്രത്തിലെ ‘എൽനിനോ’ പ്രതിഭാസത്തിന്റെ സ്വാധീനം ജൂൺ, ജൂലൈ മാസങ്ങളിൽ ഇന്ത്യൻ മൺസൂണിനെ ദുർബലപ്പെടുത്തി.  ആഗസ്‌ത്‌ ആയതോടെ ഇത്‌ സുഷുപ്താവസ്ഥയിലായി. അതും മൺസൂൺ ശക്തിപ്പെടാന്‍ കാരണമായി. ഇന്ത്യൻ മഹാസമുദ്രത്തിലെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ തമ്മിലുള്ള താപനിലയിലെ വ്യത്യാസമായ ‘ഡൈപോൾ’ മാറുമ്പോൾ കാറ്റിന്റെ വേഗത്തിലും മാറ്റമുണ്ടാകും.  കിഴക്ക്‌ഭാഗത്ത്‌ ഉയർന്ന സമ്മർദവും പടിഞ്ഞാറുഭാഗത്ത്‌ താഴ്‌ന്ന സമ്മർദവും ഉണ്ടാകുമ്പോൾ കിഴക്കുനിന്ന്‌ പടിഞ്ഞാറുഭാഗത്തേക്ക്‌ ശക്തമായ കാറ്റുണ്ടാകുന്നു. ഭൂമധ്യരേഖയുടെ തെക്കുഭാഗത്ത്‌ രൂപംകൊണ്ട്‌ വടക്കുപടിഞ്ഞാറുദിശയിൽ വീശുന്ന കാറ്റ്‌ അതിതീവ്രമഴയ്‌ക്ക്‌ കാരണമാകുന്നു. ഇങ്ങനെ ഒട്ടേറെ കാരണങ്ങൾ ഒത്തുവന്നതാണ്‌ ഇപ്പോഴത്തെ അതിതീവ്രമഴയ്‌ക്ക്‌ കാരണം. ശനിയാഴ്‌ചയോടെ അൽപ്പം  ദുർബലപ്പെട്ട പ്രതിഭാസത്തിന്‌ ഞായറാഴ്‌ചയോടെ ശമനമുണ്ടാകുമെന്ന്‌ കരുതാം. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഡോ. മനോജ്‌ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top