കൊച്ചി> കേരള ഫിഷറീസ് സർവ്വകലാശാല (കുഫോസ്) വെെസ് ചാൻസലർ നിയമനം റദ്ദാക്കിയെങ്കിലും ഡോ. കെ റിജി ജോണിന് വിസിയായി നിയമിക്കപ്പെടാൻ യോഗ്യതയില്ലെന്ന ഹർജിക്കാരുടെ വാദം ഹൈക്കോടതി തള്ളി. നിയമിക്കപ്പെട്ടയാൾ യോഗ്യനാണെങ്കിലും നിയമിക്കാൻ കമ്മിറ്റി രൂപീകരിച്ചതിൽ യുജിസി നിബന്ധന പാലിച്ചില്ലെന്ന വാദം അംഗീകരിച്ചാണ് വിധി. പ്രഫസറായി 10 വർഷത്തെ സേവനകാലാവധി ഇല്ലാത്തതിനാൽ ഡോ. റിജി അയോഗ്യനാണ് എന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇതേപ്പറ്റി ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ഷാജി പി ചാലി എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ വിധിയുടെ തൊണ്ണൂറ്റി ഒന്നാം ഖണ്ഡികയിൽ ഇങ്ങനെ പറയുന്നു:
"ഈ വിധി അവസാനിപ്പിക്കും മുമ്പ് ഒരു കാര്യം ഞങ്ങൾ വ്യക്തമാക്കട്ടെ: പ്രഫസറായി ആവശ്യമായ യോഗ്യതയുണ്ടെന്ന് തമിഴ്നാട്ടിലെ ഡോ. ജെ ജയലളിത ഫിഷറീസ് സർവ്വകലാശാലയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് വ്യക്തമാക്കുന്ന നിലയ്ക്ക് പ്രഫസറായി പത്തുകൊല്ലത്തെ സേവനകാലാവധി ഇല്ലാത്തതിനാൽ ഡോ. കെ റിജി ജോൺ അയോഗ്യനാണെന്ന വാദം നിയമപരമായി നിലനിൽക്കുന്നതല്ല."
അയോഗ്യരായവരെ കേരളത്തിൽ വിസിമാരായി നിയമിച്ചു എന്ന ഗവർണറുടെ വാദം ശരിവെക്കുന്നതാണ് കുഫോസ് കേസിലെ ഹൈക്കോടതി വിധി എന്ന പ്രചാരണം തെറ്റെന്ന് തെളിയിക്കുന്നതാണ് വിധിയിൽ ഡോ. റിജിയുടെ യോഗ്യത സംബന്ധിച്ച വിലയിരുത്തൽ.
യുജിസി നോമിനി ഇല്ലാതെ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചതായും ഒന്നിലേറെ പേരുടെ പേരില്ലാതെ പാനൽ തയ്യാറാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. സംസ്ഥാന നിയമസഭ പാസാക്കിയ നിയമപ്രകാരമാണ് വി സി നിയമനത്തിൽ സർക്കാർ പ്രവർത്തിച്ചത്. എന്നാൽ നിയമത്തിനു മുകളിൽ യുജിസി നിബന്ധനകൾ നിലനിൽക്കും എന്ന നിലപാട് സ്വീകരിച്ചാണ് ഹൈക്കോടതി വിധി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..