30 March Thursday

നല്ല മീനിന് നിയമം ഉടന്‍;മത്സ്യലേലത്തിനും വില്‍പ്പനയ്ക്കും മാറ്റം വരും

ജി രാജേഷ് കുമാര്‍Updated: Thursday Nov 30, 2017


തിരുവനന്തപുരം > ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള മീനും മത്സ്യത്തൊഴിലാളികള്‍ക്ക് മാന്യമായ വരുമാനവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തും. മത്സ്യലേലത്തിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനൊപ്പം മീന്‍ സൂക്ഷിക്കുന്നതിലും വില്‍പ്പനയിലുമുള്ള അനാരോഗ്യ പ്രവണതകള്‍ ഒഴിവാക്കുകയുമാണ് ലക്ഷ്യം. ഇതിനായി കേരള മത്സ്യ ലേല, വിപണന, ഗുണമേന്മ പരിപാലന ബില്‍ (കേരള ഫിഷ് ഓക്ഷണിങ്, മാര്‍ക്കറ്റിങ് ആന്‍ഡ് ക്വാളിറ്റി മാനേജ്മെന്റ് ബില്‍) അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.

ശുചിത്വം ഉറപ്പാക്കാനുള്ള ശാസ്ത്രീയമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മത്സ്യബന്ധനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവയിലൂടെ സുരക്ഷിതമായ ഭക്ഷണം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് നിയമനിര്‍മാണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇടത്തട്ടുകാരുടെ ചൂഷണത്തില്‍നിന്ന് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനും അനധികൃത ലേലകേന്ദ്രങ്ങള്‍ ഒഴിവാക്കുന്നതിനും വ്യവസ്ഥകളുണ്ടാകും. നിയമലംഘനത്തിന് കനത്ത ശിക്ഷ ബില്ലില്‍ ഉറപ്പാക്കും.

സര്‍ക്കാര്‍ നിശ്ചയിച്ച ഫിഷ് ലാന്‍ഡിങ് സെന്ററുകളിലും തുറമുഖങ്ങളിലും മത്സ്യലേലം വിളിക്കുന്നവര്‍ പെര്‍മിറ്റ് എടുത്തിരിക്കണം. സര്‍ക്കാര്‍ അനുവാദമില്ലാതെ മറ്റൊരു സ്ഥലത്തും ലേലം പാടില്ല. ഇത് ലംഘിക്കപ്പെട്ടാല്‍ ആദ്യതവണ ഒരുലക്ഷം രൂപ പിഴ ഈടാക്കാന്‍ നിയമത്തില്‍ വ്യവസ്ഥചെയ്യും. രണ്ടാമതും ആവര്‍ത്തിച്ചാല്‍ മൂന്നുലക്ഷവും പിന്നീടുള്ള ഒരോ നിയമലംഘനത്തിനും അഞ്ചുലക്ഷം രൂപവീതവും പിഴയിടാം. പെര്‍മിറ്റ് നിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം.

മത്സ്യവില നിശ്ചയിക്കുന്നതിനുള്ള അധികാരവും സര്‍ക്കാരിനായിരിക്കുമെന്ന് കരട് ബില്ലില്‍ നിര്‍ദേശിക്കുന്നു. മിനിമം വിപണന വില നിശ്ചയിക്കുന്നതും സര്‍ക്കാരാണ്. ഈ വിലവിവര പട്ടിക ലംഘിക്കുകയോ മിനിമം വിലയില്‍ കുറഞ്ഞ ലേലവില നിശ്ചയിക്കുകയോ ചെയ്താല്‍ ആദ്യതവണ 50,000 രൂപയും രണ്ടാംതവണ ഒരുലക്ഷം രൂപയും മൂന്നാംതവണമുതല്‍ മൂന്നുലക്ഷം രൂപയും പിഴയിടാം. പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുകയുമാകാം. ഫിഷ് ലാന്‍ഡിങ് സെന്റര്‍, തുറമുഖം, വിപണനകേന്ദ്രം എന്നിവയുടെ പരിപാലനത്തിന് പ്രത്യേക സമിതികളുണ്ടാകും. ഈ സമിതികള്‍ നിശ്ചയിക്കുന്നതായിരിക്കും ലേല കമീഷന്‍. ഇത് ലേലത്തുകയുടെ അഞ്ചുശതമാനത്തില്‍ കവിയരുത്.

മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഐസ് പ്ളാന്റുകള്‍, ശീതീകൃത സംഭരണികള്‍, സംസ്കരണത്തിനുമുമ്പുള്ള സംഭരണകേന്ദ്രങ്ങള്‍, സംസ്കരണകേന്ദ്രങ്ങള്‍, മത്സ്യം വഹിക്കുന്ന വാഹനങ്ങള്‍ എന്നിവയ്ക്കെല്ലാം പെര്‍മിറ്റ് എടുക്കണം. ശുചിത്വവും ഉറപ്പാക്കണം. ഇല്ലെങ്കില്‍ ലേലവ്യവസ്ഥ ലംഘിക്കുന്നതിനുള്ള ശിക്ഷകള്‍ ബാധകമാകും. യാനങ്ങള്‍, ലാന്‍ഡിങ് സെന്ററുകള്‍, തുറമുഖങ്ങള്‍, വിപണനകേന്ദ്രങ്ങള്‍, വില്‍പ്പനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ശുചിത്വം ഉറപ്പാക്കിയില്ലെങ്കിലും ശിക്ഷയുണ്ടാകും.

ഹാനികരവും വിഷമയവും ഗുണമേന്മ ഇല്ലാത്തതുമായ മത്സ്യം വിതരണത്തിന് എത്തിക്കുകയോ വാഹനത്തില്‍ കടത്തുകയോ ചെയ്യുന്നവര്‍ക്കും നിരോധിക്കപ്പെട്ട വലുപ്പത്തിലുള്ള ചെറുമത്സ്യങ്ങളെ പിടിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കും. അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന മത്സ്യം ചെക്പോസ്റ്റുകളില്‍ വാഹനത്തില്‍ത്തന്നെ പരിശോധിക്കും. നിയമവ്യവസ്ഥകള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനതലത്തില്‍ ഫിഷറീസ് ഡയറക്ടര്‍ ചെയര്‍മാനായി നിരീക്ഷണസമിതിയെയും നിയോഗിക്കുമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top