27 September Sunday
നിയമ പോരാട്ടം ; കേരളം വീണ്ടും മാതൃക

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ

എം അഖിൽUpdated: Wednesday Jan 15, 2020


ന്യൂഡൽഹി
പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച്‌ അസാധുവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളം സുപ്രീംകോടതിയിൽ ഒറിജിനൽ സ്യൂട്ട്‌ ഫയൽ ചെയ്‌തു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കവിഷയത്തിൽ ഇടപെടാൻ സുപ്രീംകോടതിക്ക്‌  വിശേഷാധികാരം നൽകുന്ന ഭരണഘടനയുടെ 131–-ാം  അനുച്ഛേദപ്രകാരമാണിത്‌. രാജ്യമാകെ പ്രക്ഷോഭക്കൊടുങ്കാറ്റ്‌ ഉയർത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. വിദേശി നിയമഭേദഗതികളും 2015, 2016 വർഷങ്ങളിലെ പാസ്‌പോർട്ട്‌ ചട്ടഭേദഗതികളും റദ്ദാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

നിയമം നടപ്പാക്കരുതെന്നാവശ്യപ്പെട്ട് 2019 ഡിസംബർ 31ന്‌ കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി. ഭരണഘടനയുടെ 256‐ാം അനുച്ഛേദപ്രകാരം പാർലമെന്റ്‌ പാസാക്കിയ നിയമം നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരുകൾക്കുണ്ട്‌. എന്നാൽ, ഭരണഘടനാവിരുദ്ധവും മതനിരപേക്ഷതയെ തകർക്കുന്നതുമായ നിയമം നടപ്പാക്കാനുള്ള ബാധ്യതയും ജനങ്ങളുടെ മൗലികവും ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളും തമ്മിൽ വൈരുധ്യമുള്ളതിനാൽ സുപ്രീംകോടതി ഇടപെടണമെന്നാണ്‌ ആവശ്യം. 

നിയമം ചോദ്യം ചെയ്‌തുള്ള 60  റിട്ട്‌ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്‌.  22ന്‌ വാദംകേൾക്കാമെന്നാണ്‌ ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചിട്ടുള്ളത്‌. അന്നുതന്നെ  കേരളത്തിന്റെ സ്യൂട്ടും പരിഗണിക്കണമെന്ന്‌ കേരളം ആവശ്യപ്പെടും. മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ്‌ ഗുപ്‌ത, സ്‌റ്റാൻഡിങ്‌ കോൺസൽ ജി പ്രകാശ്‌ എന്നിവർ മുഖേനയാണ് സ്യൂട്ട് സമര്‍പ്പിച്ചത്.


 

മൗലികാവകാശ ലംഘനം
തുല്യത ഉറപ്പാക്കുന്ന 14‐ാം അനുച്ഛേദം, ജീവിതവും വ്യക്തിസ്വാതന്ത്ര്യവും വാഗ്‌ദാനം ചെയ്യുന്ന 21‐ാം അനുച്ഛേദം, മനഃസാക്ഷിക്ക്‌ തോന്നുന്ന മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ പിന്തുടരാനും അവകാശം നൽകുന്ന 25‐ാം അനുച്ഛേദം എന്നിവയുടെ ലംഘനമാണ്‌ നിയമമെന്ന് കേരളം ചൂണ്ടിക്കാട്ടി.  തുല്യതയ്‌ക്കുള്ള അവകാശം രാജ്യത്തെ പൗരൻമാർക്ക്‌ മാത്രമല്ല എല്ലാ വ്യക്തികൾക്കും അവകാശപ്പെട്ടതാണ്.

ഇസ്ലാംവിശ്വാസി ആയതിനാൽ  ഇന്ത്യൻ പൗരത്വം നിഷേധിക്കപ്പെടുന്നത്‌ ഭരണഘടനയുടെ മതനിരപേക്ഷസ്വഭാവത്തിന്‌ എതിരാണ്‌. പൗരത്വം ലഭിക്കാന്‍ സ്വന്തം മതം ഉപേക്ഷിക്കണമെന്നത്‌ ഭരണഘടനയുടെ 21, 25 അനുച്ഛേദങ്ങളുടെ ലംഘനമാണ്‌. മതം, ജാതി, നിറം, ലിംഗം, രാഷ്ട്രീയം തുടങ്ങിയവയുടെ പേരിൽ  വിവേചനം പാടില്ലെന്ന അന്താരാഷ്ട്ര ഉടമ്പടികളിലെ വ്യവസ്ഥയും ലംഘിക്കപ്പെടുന്നു.

ശ്രീലങ്കയിലെ തമിഴ്‌ വംശജരായ ഹിന്ദുക്കളെയോ നേപ്പാളിലെ മദേശി ഹിന്ദുക്കളെയോ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഭൂട്ടാനിലെയും ശ്രീലങ്കയിലെയും ക്രിസ്‌ത്യാനികൾക്കും നേപ്പാളിലെ ബുദ്ധമതവിശ്വാസികൾക്കും ആനുകൂല്യം ലഭിക്കില്ല. മതപീഡനം നേരിടുന്ന അഹമദിയാ, ഷിയാ, ഹസാര വിഭാഗങ്ങളെയും ഒഴിവാക്കി. മ്യാൻമറിലെ രോഹിൻഗ്യൻ വിഭാഗക്കാരുടെയും ശ്രീലങ്കയിലെ ഇസ്ലാംവിശ്വാസികൾക്കുംനേരെയും കണ്ണടച്ചു. അവിശ്വാസികളുടെ കാര്യത്തിലും നിയമത്തിൽ പരാമർശമില്ല. വംശത്തിന്റെയും ഭാഷയുടെയുംപേരിൽ പീഡനം  നേരിടുന്ന ന്യൂനപക്ഷങ്ങളെയും ഉൾപ്പെടുത്തിയിട്ടില്ല.

ഒറിജിനൽ സ്യൂട്ട്‌ -
സർക്കാരുകൾ തമ്മിൽ നിയമപരമായ തർക്കം ഉടലെടുക്കുകയും സുപ്രീംകോടതി അത്‌ തീർപ്പാക്കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്‌താൽ ഭരണഘടനയുടെ 131‐ാം അനുച്ഛേദപ്രകാരം ഫയൽചെയ്യുന്നതാണ്‌ ഒറിജിനൽ സ്യൂട്ട്‌.  കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിലും സംസ്ഥാന സർക്കാരുകൾ തമ്മിലും നിയമപരമോ വസ്‌തുതാപരമോ ആയ  തർക്കം  ഉണ്ടാകുമ്പോൾ അത്‌ പരിഹരിക്കാൻ സുപ്രീംകോടതിക്ക്‌ ഇതിലൂടെ വിശേഷാല്‍ അധികാരം ലഭിക്കുന്നു.

പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്‌ത്‌  സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഹർജികളെല്ലാം ഭരണഘടനയുടെ 32‐ാം അനുച്ഛേദപ്രകാരമുള്ള റിട്ട്‌ ഹർജികളാണ്‌. 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top