17 January Sunday

മുക്കത്ത്‌ 30 ലക്ഷം കോഴ വാങ്ങിയവരും സ്ഥാനാർഥി ; കോൺഗ്രസിൽ പൊട്ടിത്തെറി

വെബ് ഡെസ്‌ക്‌Updated: Sunday Nov 15, 2020


കോഴിക്കോട്‌
ബാർ ഉടമയിൽനിന്ന്‌ 30 ലക്ഷം രൂപ കോഴ വാങ്ങിയെന്ന്‌ പാർടി അന്വേഷണത്തിൽ തെളിഞ്ഞവർക്ക്‌ സ്ഥാനാർഥിത്വം നൽകിയതിൽ കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ മണ്ഡലം പ്രസിഡന്റടക്കം മൂന്നുപേരെ മുക്കം നഗരസഭാ ‌സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തിയതാണ്   കലാപത്തിന്‌ വഴി തുറന്നത്‌. ഇവരെ മാറ്റണമെന്നാവശ്യപ്പെട്ട്‌ പ്രവർത്തകർ കെപിസിസി പ്രസിഡന്റിന്‌ പരാതി നൽകി. അഴിമതിക്കാരെ സ്ഥാനാർഥികളാക്കിയതിൽ പ്രതിഷേധിച്ച്‌ മുക്കത്ത്‌ ജനകീയ മുന്നണി എന്ന പേരിൽ അസംതൃപ്‌ത കോൺഗ്രസുകാർ ബദൽ സ്ഥാനാർഥികളെ നിർത്തി പ്രചാരണം തുടങ്ങി.

ബാർ ലൈസൻസ്‌ അനുവദിക്കുന്നതിന്‌ മുൻ മണ്ഡലം പ്രസിഡന്റടക്കം മൂന്നുപേരും കോഴ വാങ്ങിയെന്ന്‌ പാർടി സമിതി അന്വേഷിച്ച്‌ ബോധ്യപ്പെട്ടതാണ്‌. വി എം സുധീരൻ കെപിസിസി പ്രസിഡന്റായിരിക്കെ ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ കോൺഗ്രസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. മണ്ഡലം പ്രസിഡന്റിനെ പദവിയിൽനിന്ന്‌ നീക്കിയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌.
കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥിപ്പട്ടികയിൽ ഇവരും ഉൾപ്പെട്ടു. ഇത്‌ ഡിസിസിയും അംഗീകരിച്ചു. ഇത് ജമാഅത്തുമായുണ്ടാക്കിയ സീറ്റ്‌ കച്ചവടത്തിന്റെ ഭാഗമായാണെന്നും‌  പരാതിയിൽ പറയുന്നു. അവർക്ക്‌ നൽകിയ നാലു സീറ്റുകൾ കോൺഗ്രസിന്റേതാണ്‌. ഇതിനു പകരം മുസ്ലിംലീഗ്‌ കോൺഗ്രസിന്‌ സീറ്റ്‌ വിട്ടുനൽകാത്തതിലും പ്രവർത്തകർക്ക്‌ അമർഷമുണ്ട്‌.

സ്ഥാനാർഥിത്വം ലഭിച്ച മുൻ  മണ്ഡലം പ്രസിഡന്റിനെതിരെ വേറെയും അഴിമതി ആരോപണങ്ങൾ പരാതിയിലുണ്ട്‌. ഓഫീസ്‌ നിർമാണ ഫണ്ടിൽ18 ലക്ഷം രൂപയുടെ വെട്ടിപ്പ്‌,  മുക്കം സർവീസ്‌ സഹകരണ ബാങ്ക്‌ നിയമനങ്ങളിൽ ഒന്നരക്കോടിയുടെ അഴിമതി എന്നിവയാണിവ. അഴിമതിക്കെതിരെ ഒരു വോട്ട്‌ എന്ന കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനത്തിലെ പൊള്ളത്തരം വെളിവാക്കുന്നതാണ്‌ ഇതെന്ന്‌ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top