03 February Friday
നേരിട്ടത്‌ കേന്ദ്രത്തിന്റെ അവഗണനയും

പാക്കേജുകൾ കരുത്തേകി 
സമ്പദ്‌ഘടന കുതിച്ചു ; കേരളത്തിന്റെ മികച്ച വളർച്ച നിരക്ക്‌ ശ്രദ്ധേയമാകുന്നു

ജി രാജേഷ്‌ കുമാർUpdated: Friday Nov 18, 2022തിരുവനന്തപുരം
ഇന്ത്യയും പല ലോകരാഷ്ട്രങ്ങളും സാമ്പത്തിക മുരടിപ്പിലായപ്പോൾ കേരളത്തിന്റെ മികച്ച വളർച്ച നിരക്ക്‌ ശ്രദ്ധേയമാകുന്നു. പ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും സംസ്ഥാന സർക്കാർ സ്വീകരിച്ച ഹ്രസ്വകാല, ദീർഘകാല സാമ്പത്തിക നടപടികളാണ്‌ മുന്നേറ്റത്തിന്റെ അടിസ്ഥാനം. കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 12.01 ശതമാനം വളർച്ചയുണ്ടായി. മുൻവർഷങ്ങളിലെ തളർച്ചയിൽനിന്നാണീ (ന്യൂന വളർച്ച) വീണ്ടെടുപ്പ്‌. പ്രകൃതിദുരന്തങ്ങളും കേന്ദ്ര സർക്കാരിന്റെ നിസ്സഹകരണവും മറികടന്ന നേട്ടം. രണ്ട്‌ കോവിഡ്‌ ഉത്തേജക പാക്കേജും തുടർനടപടികളും സംസ്ഥാനത്തിന്റെ സാമ്പത്തിക ചലനാത്മകത വീണ്ടെടുത്തു.

2018ലും 2019ലും വെള്ളപ്പൊക്കത്തിൽ മുങ്ങിയ സമ്പദ്‌ഘടന, കോവിഡിൽ സുസ്ഥിരവികസനത്തിന്‌ കനത്ത വെല്ലുവിളിയായി. തുടർന്നാണ്‌ 2020 മാർച്ചിലും 2021  ജൂണിലും 20,000 കോടി രൂപവീതമുള്ള സാമ്പത്തിക ഉത്തേജക പാക്കേജ്‌ പ്രഖ്യാപിച്ചത്‌. 2021 ജൂലൈയിൽ ചെറുകിട വ്യവസായങ്ങൾക്കായി 5650 കോടി രൂപയുടെ അനുബന്ധ പാക്കേജും പ്രഖ്യാപിച്ചു. വാങ്ങൽശേഷി ഉയർത്തിയത്‌ ഉൽപ്പാദന മേഖലകളുടെ മടങ്ങിവരവിൽ വലിയ പങ്കുവഹിച്ചു.അടച്ചുപൂട്ടലിൽ ഏഴുമാസത്തിൽ ക്ഷേമപെൻഷനായി 4406 കോടി രൂപ വിതരണം ചെയ്‌തു.

പ്രതിമാസം പെൻഷനും ഉറപ്പാക്കി. ക്ഷേമപെൻഷൻ ലഭിക്കാത്ത കുടുംബങ്ങൾക്ക്‌ 1000 രൂപവീതം 148 കോടി നൽകി. കുടുംബശ്രീ അംഗങ്ങൾക്ക്‌ 20,000 രൂപവരെ വായ്‌പ നൽകി. പലിശ സർക്കാർ ഏറ്റെടുത്തു. ആവശ്യ ഭക്ഷ്യവസ്‌തുക്കൾ ഉറപ്പാക്കാൻ 1150 കോടി രൂപ നീക്കിവച്ചു. ക്ഷേമനിധി ബോർഡ്‌ അംഗങ്ങൾക്ക്‌ 1000 രൂപവീതം 356 കോടി നൽകി. റബർ കർഷകർക്കുമാത്രം 500 കോടി നൽകി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2800 കോടിയും ഉപജീവനം പ്രതിസന്ധിയിലായവർക്ക്‌ 8900 കോടിയും നീക്കിവച്ചു.

സാമ്പത്തിക പുനരുജ്ജീവനത്തിന്‌ വായ്‌പകൾ, സബ്‌സിഡികൾ എന്നിവയിലൂടെ 8300 കോടി വിതരണംചെയ്‌തു.  പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബാങ്കുകളെയും ഉൾപ്പെടുത്തി വിപുല വായ്‌പാ പദ്ധതി നടപ്പാക്കി. എല്ലാവർക്കും തൊഴിൽ ഉറപ്പാക്കാൻ ബൃഹദ്‌ പദ്ധതി ഏറ്റെടുത്തു. തീരദേശ മേഖലയിൽ 11,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കും തുടക്കമിട്ടു. ഇതെല്ലാം വളർച്ച നിരക്ക്‌ ഉയർത്തി.
 

നേരിട്ടത്‌ കേന്ദ്രത്തിന്റെ അവഗണനയും
കോവിഡ്‌ സൃഷ്ടിച്ച സാമ്പത്തിക നിശ്ചലാവസ്ഥയിൽ സഹായിക്കേണ്ടതിനുപകരം സംസ്ഥാനത്തോട്‌ നിഷേധാത്മക നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. ധന കമീഷൻവഴിയും മറ്റും ഭരണഘടനാപരമായി ലഭിക്കേണ്ട സഹായങ്ങളെല്ലാം നിരസിക്കപ്പെട്ടു. സിഎജി, ആദായനികുതി വകുപ്പ്‌, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ സംസ്ഥാനത്തിനെ വരിഞ്ഞുമുറുക്കാൻ ശ്രമിച്ചു. ഇത്‌ സാമ്പത്തികപ്രവർത്തനങ്ങളെ ശ്വാസം മുട്ടിച്ചു.

വികസനപ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ സാമ്പത്തിക സമ്മർദവും അടിച്ചേൽപ്പിച്ചു. റവന്യു കമ്മി ഗ്രാന്റിൽ 7000 കോടി രൂപ കുറച്ചു. ജിഎസ്‌ടി നഷ്ടപരിഹാരത്തിൽ വർഷം 12,000 കോടിയോളം രൂപ നിഷേധിച്ചു. വായ്‌പാപരിധി മൂന്നര ശതമാനത്തിലേക്ക്‌ താഴ്‌ത്തി. കിഫ്‌ബിയുടെയും പെൻഷൻ കമ്പനിയുടെയും 14,000 കോടി രൂപ വായ്‌പ സംസ്ഥാനത്തിന്റെ വായ്‌പാ പരിധി ഭാഗമാക്കി. ഇതോടെ കടമെടുപ്പിൽ  3578 കോടി രൂപ കുറഞ്ഞു. ആകെ 23,000 കോടി രൂപ സാമ്പത്തികവർഷം കുറഞ്ഞു. പാവപ്പെട്ടവരുടെ വീട്‌, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമ പദ്ധതികളെല്ലാം അവതാളത്തിലാകുന്ന നിലയിലായി.

മൂലധനനിക്ഷേപ മേഖലയിൽ അർഹതപ്പെട്ട 3225 കോടി രൂപ പ്രത്യേക സഹായം ഇനിയും അനുവദിച്ചിട്ടില്ല. കടമെടുപ്പ്‌ പരിധി ഒരു ശതമാനം ഉയർത്തണമെന്നതിലും തീർപ്പില്ല. ഊർജമേഖലയിലെ നേട്ടങ്ങൾക്ക്‌, ഈവർഷം 4060 കോടി രൂപ അധിക കടമെടുപ്പിന്‌ അന്തിമ അനുമതിയിലും കാത്തിരിപ്പാണ്‌. ജിഎസ്‌ടി നഷ്ടപരിഹാരത്തിൽ 1548 കോടി രൂപ ജൂണിൽ കിട്ടേണ്ടതാണ്‌. നഷ്ടപരിഹാരം അഞ്ചുവർഷംകൂടി തുടരണമെന്നതിലും തീരുമാനമില്ല. നഗര തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ധനകമീഷൻ ശുപാർശ ചെയ്‌തതിലെ 1172 കോടിയും കുടിശ്ശികയായി. യുജിസി ശമ്പളപരിഷ്‌കരണ ഇനത്തിൽ അധ്യാപകർക്ക്‌ കുടിശ്ശിക തീർത്ത 751 കോടി മടക്കിനൽകുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top