26 May Sunday

കേരള ദിനേശ‌് ബീഡിക്ക‌് സുവർണജൂബിലി; സംഘബോധത്തിന്റെ നൂൽ കൊരുത്ത വിജയഗാഥ

സതീഷ‌് ഗോപിUpdated: Wednesday Feb 13, 2019

കണ്ണൂർ> മലനിരകൾക്കിടയിലെ സൂര്യബിംബം തെളിഞ്ഞ ജലാശയവും ചാഞ്ഞ തെങ്ങും നെൽക്കതിരും ചേർന്ന ദിനേശിന്റെ  മുദ്ര കേരളത്തിന്റെ ഹൃദയത്തിൽ പതിഞ്ഞിട്ട‌് അമ്പതാണ്ട‌്. തൊഴിലാളി കൂട്ടായ‌്മയുടെ കരുത്തിലൂടെ വിജയസോപാനങ്ങളിലേക്ക‌് ചുവടുവച്ച കേരള ദിനേശ‌് ബീഡിയുടെ സുവർണജൂബിലി ആഘോഷങ്ങൾക്ക‌് 15ന‌് തുടക്കമാകും.  വായനയും സാഹിത്യ ചർച്ചയും  തൊഴിലിടങ്ങളിലേക്ക‌് സമന്വയിപ്പിച്ച ദിനേശ‌് സാമൂഹ്യമുന്നേറ്റത്തിന്റെ കെട്ടുപോകാത്ത പ്രതീകമാണ‌്. ബീഡിയിൽനിന്ന‌് എ ടിഎം നിർമാണത്തിന്റെ സാങ്കേതിതിക വിദ്യയിലേക്കുള്ള വളർച്ച നവകേരള സൃഷ്ടിക്ക‌് പ്രചോദന പാഠമാണ‌്. 1966ൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ആക്ട് പാസാക്കിയതാണ് നിമിത്തമായത്. 68ൽ ഇ എം എസ് സർക്കാർ  ലക്ഷക്കണക്കിന് ബീഡിത്തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി നിയമം കേരളത്തിലും നടപ്പാക്കാൻ തീരുമാനിച്ചു.

നിയമം വന്നതോടെ കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീഡി മുതലാളിമാർ കേരളത്തിലെ  സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഉത്തര മലബാറിൽമാത്രം ആയിരങ്ങൾ വഴിയാധാരം. എ കെ ജി, അഴീക്കോടൻ രാഘവൻ എന്നിവരുടെ ഇടപെടലിനെ തുടർന്ന‌് സർക്കാർ അടിയന്തര പുനരധിവാസ പദ്ധതി തയ്യാറാക്കി. വ്യവസായ മന്ത്രി ടി വി തോമസ്, തൊഴിൽ മന്ത്രി മത്തായി മാഞ്ഞൂരാൻ, തൊഴിലാളി നേതാക്കളായ സി കണ്ണൻ, പി വി കുട്ടി തുടങ്ങിയവരുടെ ശ്രമഫലമായാണ‌് തൊഴിലാളി  സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചത്. കേരള ദിനേശ് ബീഡി വർക്കേഴ്സ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിലാരംഭിച്ച സ്ഥാപനം പിന്നീട‌് കുതിച്ചത‌് അതിജീവനത്തിന്റെ സമാനതകളില്ലാത്ത ചരിത്രത്തിലേക്ക‌്.

തൊഴിൽ നഷ്ടമായ പതിനായിരങ്ങളിൽനിന്ന് മൂവായിരം പേരെയാണ് ആദ്യഘട്ടത്തിൽ പുനരധിവസിപ്പിച്ചത്. വ്യവസായ വകുപ്പ‌് റീജണൽ ജോയിന്റ‌് ഡയറക്ടർ ജി കെ പണിക്കരായിരുന്നു എക്സിക്യൂട്ടീവ് ചെയർമാൻ. പിന്നീട് 20 പ്രഥമിക സഹകരണ സംഘങ്ങൾ അഫിലിയേറ്റ്ചെയ്ത കേന്ദ്രസംഘം പിറന്നു. 1980കളിൽ 22 പ്രാഥമിക സംഘങ്ങളും 42,000 തൊഴിലാളികളുമായി പുതിയ കുതിപ്പിലേക്ക‌്.

എൺപതുകളിൽ മലബാറിലെ   പ്രധാന സംഘടിത വ്യവസായമായിരുന്നു ബീഡി. മാന്യമായ വേതനവും ആനുകൂല്യങ്ങളുമായിരുന്നു  ആകർഷണം. തൊണ്ണൂറുകളിൽ ആരംഭിച്ച പ്രതിസന്ധിക്ക് കോടതിവിധികളും ആരോഗ്യരംഗത്തുണ്ടായ അവബോധവും സർക്കാർ നയങ്ങളും കാരണമായി. തൊണ്ണൂറുകളുടെ മധ്യത്തോടെ പതിനായിരക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. നല്ലൊരു ശതമാനം ബീഡി മേഖല ഉപേക്ഷിക്കാൻ നിർബന്ധിതരായി. ആശ്വാസ പെൻഷൻ പദ്ധതി പ്രയാജനപ്പെടുത്തി 4000 പേർ തൊഴിൽ ഉപേക്ഷിച്ചു. ബീഡിയുടെ വിപണിയിലുണ്ടായ ഇടിവ് പുനർവിചിന്തനത്തിന് ആധാരമായി. ഇതോടെയാണ‌് ബദലുകളിലേക്ക‌് ദിനേശ‌് ചുവടുവച്ചത‌്.  ജി കെ പണിക്കരുടെ കാലത്തായിരുന്നു ഈ അന്വേഷണങ്ങളുടെ തുടക്കം. വൈവിധ്യവൽക്കരണം  പരിഗണനയിൽ വന്നു. 1997ൽ ദിനേശ് ഫുഡ്സും ’99ൽ ദിനേശ് ഇൻഫർമേഷൻ ടെക‌്‌നോളജി സിസ്റ്റംസും 2000ൽ ദിനേശ് കുടയും 2007ൽ ദിനേശ് അപ്പാരൽസും സജ്ജമായി.

ഭക്ഷ്യസംസ‌്കരണത്തിൽ  കറിപ്പൊടികളും അച്ചാറും തേയിലയുമായിരുന്നു ആദ്യം. കണ്ണൂരിലെ കാഞ്ഞിരയിലെ കറിപൗഡർ യൂണിറ്റ്, തോട്ടടയിൽ ഭക്ഷ്യസംസ്കരണ ഫാക്ടറി, ചാലാട് തേയില ഫാക്ടറി എന്നിവ തുറന്നു. മൂന്നിടത്തുമായി നൂറിലധികം തൊഴിലാളികൾ. ഭക്ഷ്യയൂണിറ്റുകളിൽനിന്ന് ആറു കോടിയാണ് വാർഷിക വിറ്റുവരവ്.


സംശുദ്ധിയും വിശ്വാസ്യതയും മുഖമുദ്രയാക്കിയ ദിനേശിന‌് വർഷങ്ങളായി   അസോസിയേറ്റഡ് ചേമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ ഫെയർ ബിസിനസ് പ്രാക്ടീസ് അവാർഡ് ലഭിക്കുന്നുണ്ട‌്.  അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കേഷനായ എച്ച്എസിസിപി ഉൾപ്പെടെ അനേകം അംഗീകാര മുദ്രകളും സ്വന്തം.  നാളികേര സംസ‌്കരണവും ഇതിനിടെ ആരംഭിച്ചു.  യൂറോപ്യൻ രാജ്യങ്ങളിലേക്ക് തേങ്ങാപ്പാൽ കയറ്റുമതിചെയ്യുന്ന പ്രമുഖ സ്ഥാപനവുമാണ‌് ഇന്ന‌്. ബേബി ഓയിൽ, വെർജിൻ വെളിച്ചെണ്ണ, മുടികൊഴിച്ചിൽ തടയാനുള്ള ലോങ് ആൻഡ് സ്ട്രോങ് ഓയിൽ, തേങ്ങാപ്പൊടി, ലഡു, തേങ്ങാചിപ്സ് തുടങ്ങിയ ഉൽപന്നങ്ങളും വിപണിപ്രിയം.  ദിനേശ് ഐടി സോഫ്റ്റ് വെയർ  വലിയ സാധ്യതകളാണ് തുറന്നിടുന്നത്. കോർ ബാങ്കിങ് സോഫ്റ്റുവെയറുകളുടെയും എടിഎം മെഷീനുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയിലുടനീളം വിതരണംചെയ്യുന്നുണ്ട‌്. സർക്കാർ ഉദ്യോഗസ്ഥർക്ക‌് വിവരസാങ്കേതികവിദ്യാ രംഗത്തെ   പരിശീലനങ്ങൾ, ബാങ്കുകൾപോലുള്ള സ്ഥാപനങ്ങൾക്ക് ഡാറ്റ സൂക്ഷിക്കാനുള്ള ഡാറ്റാ സെന്റർ സേവനം എന്നിങ്ങനെ ഡിറ്റ‌്സും വിജയവഴിയിലാണ‌്. 

എട്ടു കോടി മുതൽമുടക്കിൽ നിർമിച്ച ഓഡിറ്റോറിയത്തിന്റെ  വായ‌്പ പൂർണമായും തിരിച്ചടച്ചു.  കുട നിർമാണത്തിലും ഇന്ന‌് ദിനേശിന്റെ വിജയമുദ്രയുണ്ട‌്. 32 മോഡലുകളിലായി ലക്ഷക്കണക്കിന‌്  കുടകളാണ്  വിപണിയിലെത്തിച്ചത്.

എൽഡിഎഫ് സർക്കാരിന്റെ പുനരധിവാസ പദ്ധതി പ്രകാരമാണ് ദിനേശ് അപ്പാരൽ പാർക്ക് ആരംഭിച്ചത്. ഏഴു കോടിയുടെ പദ്ധതിക്ക് നാലു കോടിയാണ് സർക്കാർ അനുവദിച്ചത്. കണ്ണൂരിലും ചാലയിലും ചെറുവത്തൂരിലും പ്രവർത്തിക്കുന്ന അപ്പാരൽ പാർക്കുകളിൽനിന്നായി വർഷം അഞ്ചുകോടിയുടെ ബ്രാൻഡഡ് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. അഭ്യന്തര വിപണിയിലും ദിനേശ് ബ്രാൻഡിന് വിപണിമൂല്യമുണ്ട്. 

ബീഡിത്തൊഴിലാളികളുടെ ആശ്രിതരാണ് ഈ യൂണിറ്റുകളിൽ തൊഴിലെടുക്കുന്നത്. 75 കോടി രൂപയാണ‌് പ്രതിവർഷ വിറ്റുവരവ‌്. ജീവനക്കാരിൽ തൊണ്ണൂറു ശതമാനവും സ‌്ത്രീകളാണ‌്. സി രാജൻ ചെയർമാനും കെ പ്രഭാകരൻ സെക്രട്ടറിയുമായ സമിതിയാണ‌് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത‌്. സുവർണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികളാണ‌് ആസൂത്രണംചെയ്യുന്നത‌്.
 


പ്രധാന വാർത്തകൾ
 Top