ഒല്ലൂർ എസ്എച്ച്ഒക്ക് കുത്തേറ്റ സംഭവം; കാപ്പ കേസ് പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
തൃശൂർ > ഒല്ലൂർ എസ്എച്ച്ഒക്ക് കുത്തേറ്റ സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള അനന്തു മാരിക്കെതിരെയാണ് കേസെടുത്തത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കത്തി ഉപയോഗിച്ച് കുത്തി എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ടായിരുന്നു അനന്തു പൊലീസിന് നേരെ കത്തിയാക്രമണം നടത്തിയത്.
വൈകിട്ട് നാലുമണിയോടെ തൃശൂർ കുട്ടനെല്ലൂരിലെ കള്ളുഷാപ്പിൽ അനന്തുവും മറ്റൊരാളുമായി തർക്കം ഉണ്ടാകുകയും ഇയാളെ അനന്തു ആക്രമിക്കുകയും ചെയ്തു. ഇതിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് അനന്തുവിനെ പിടികൂടാൻ പൊലീസ് സംഘം എത്തിയത്. അഞ്ചേരി അയ്യപ്പൻ കാവിന് അടുത്തുള്ള കോഴിഫാം പരിസരത്ത് ഇയാൾ ഉള്ളതായി വിവിരം ലഭിച്ചതിനെ തുടർന്ന് അവിടെ എത്തിയ പൊലീസ് സംഘത്തെ കണ്ടതോടെ അനന്തു കത്തി വീശുകയായിരുന്നു.
മൽപ്പിടിത്തത്തിനിടയിൽ എസ്എച്ച്ഒയുടെ നെഞ്ചിലും കൈയ്ക്കുമായി മൂന്ന് തവണ കുത്തേറ്റു. സിപിഒ വീനിതിനും പരുക്കേറ്റു. പ്രതിയെ കീഴടക്കി സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് ഹർഷാദ് ആശുപത്രിയിലേക്ക് പോയത്. ശസ്ത്രക്രിയ കഴിഞ്ഞുവെന്നും അദ്ദഹേം അപകടനില തരണം ചെയ്തെന്നും ഡോക്ടർമാർ അറിയിച്ചു. കത്തികുത്തിന് ശേഷം ആശുപത്രിയിൽ എത്തിച്ചപ്പോഴും അനന്തു അക്രമാസക്തനാകുകയും പൊലീസിന് നേരെ അസഭ്യവർഷവും നടത്തുകയും ചെയ്തു. ഇയാൾ മാരക ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. കാപ്പ പ്രകാരം ശിക്ഷയനുഭവിച്ചിട്ടുമുണ്ട്.
0 comments