26 January Tuesday

രണ്ടിലപ്പോരില്‍ മൂന്നാമന്‍

സ്വന്തം ലേഖകൻUpdated: Monday Sep 2, 2019

കോട്ടയം> പി ജെ ജോസഫിന്റെ കടുംപിടുത്തതിന്‌ മുന്നിൽ ജോസ്‌ കെ മാണിക്ക്‌ തിരിച്ചടി. പാലായിൽ ഭാര്യ നിഷ ജോസ്‌ കെ മാണിയെ മത്സരിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞത് അവസാന നിമിഷം. നിഷയെ അംഗീകരിക്കില്ലെന്നും രണ്ടില ചിഹ്നം നൽകില്ലെന്നുമുള്ള നിലപാടിൽജോസഫ്‌ ഉറച്ചുനിന്നതോടെയാണ്‌ യുഡിഎഫ്‌ നേതൃത്വത്തിന് ജോസ്‌ ടോം പുലിക്കുന്നേലിനെ സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടിവന്നത്. ഗത്യന്തരമില്ലാതെ ജോസ്‌ കെ മാണി  കീഴടങ്ങി.

സ്ഥാനാർഥി നിർണയം വഴിമുട്ടിയതോടെയാണ്‌ യുഡിഎഫ്‌ നേതൃത്വം ഇടപെട്ടത്‌. ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ്‌ കൺവീനർ ബെന്നി ബഹനാൻ എന്നിവരടക്കം പങ്കെടുത്ത സമവായ ചർച്ചകൾ ഫലം കണ്ടില്ല. നിഷ ജോസിനെ അംഗീകരിക്കില്ലെന്ന്‌ പി ജെ ജോസഫ്‌ ഞായറാഴ്‌ച രാവിലെ തൊടുപുഴയിൽ  പ്രഖ്യാപിച്ചതിനു പിന്നാലെ ‘രണ്ടില’ചിഹ്നമില്ലെങ്കിലും പാലായിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന്‌ ജോസ്‌ കെ മാണി തുറന്നടിച്ചു. ചിഹ്നം ആവശ്യപ്പെട്ട്‌ ജോസ്‌ കെ മാണി സമീപിക്കട്ടെ എന്നതായിരുന്നു  ജോസഫിന്റെ നിലപാട്‌. എന്നാൽ, ചിഹ്നം ആവശ്യപ്പെടുന്നത്‌ ജോസഫിനെ പാർടി ചെയർമാനായി അംഗീകരിക്കുന്നതിന്‌ തുല്യമാണെന്ന നിലപാടിലായിരുന്നു ജോസ്‌ പക്ഷം.
|
നിഷ മത്സരിക്കാൻ സാധ്യതയില്ലെന്നും ജയസാധ്യതയില്ലെന്നുമുള്ള പി ജെ ജോസഫിന്റെ പ്രതികരണം വന്നതോടെ, അനാവശ്യ വിവാദം തുടർന്നാൽ സ്വതന്ത്രചിഹ്നത്തിൽ മത്സരിക്കാൻ മടിക്കില്ലെന്ന്‌ ജോസ് കെ മാണി തിരിച്ചടിച്ചു‌.  സ്ഥാനാർഥിയെ ഞായറാഴ്‌ച തന്നെ പ്രഖ്യാപിക്കുമെന്ന്‌ ജോസ്‌ കെ മാണി പറഞ്ഞപ്പോൾ, തിടുക്കപ്പെട്ട്‌ പ്രഖ്യാപിക്കേണ്ടതില്ലെന്നും ആരെങ്കിലും ഏകപക്ഷീയമായി തീരുമാനമെടുത്താൽ അംഗീകരിക്കില്ലെന്നും ജോസഫും തിരിച്ചടിച്ചു. 

യുഡിഎഫ്‌ നേതൃത്വവുമായുള്ള കൂടിക്കാഴ്‌ചയിൽ നിഷ ഒഴികെയുള്ള പൊതുസമ്മതരായ ആരെയും അംഗീകരിക്കാമെന്നും ചിഹ്നം നൽകാമെന്നും ജോസഫ്‌ വ്യക്തമാക്കി. ഒത്തുതീർപ്പു സ്ഥാനാർഥിയെന്ന നിലയിൽ പ്രൊഫ. ലോപ്പസ്‌ മാത്യു അടക്കം ചില പേരുകൾ ഉയർന്നു. ഇതോടെ നിഷയുടെ സാധ്യത മങ്ങുകയായിരുന്നു. കെ എം മാണിയുടെ നിര്യാണത്തിനുശേഷം കേരള കോൺഗ്രസ്‌ എമ്മിൽ ഉയർന്ന അധികാരത്തർക്കം നാള്‍ക്കുനാള്‍ മൂര്‍ച്ഛിക്കുന്നതാണ് സ്ഥാനാര്‍ത്ഥിനിര്‍ണയത്തിലും തെളിയുന്നത്.

ജോസ് ടോമിന്റെ കാര്യത്തിലും ഉടക്ക് 

നിഷയ്‌ക്ക്‌ പകരം ജോസ് കെ മാണി വിഭാഗം നിർദേശിച്ച അഡ്വ. ജോസ് ടോമിന്റെ കാര്യത്തിലും ഉടക്കിട്ട് പി ജെ ജോസഫ്. ഇദ്ദേഹത്തെ മുമ്പ് താൻ പുറത്താക്കിയതാണെന്നും സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
പാർടി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ കൗൺസിൽ അംഗവുമാണ് അഡ്വ. ജോസ് ടോം.  ചർച്ചകൾ കീറാമുട്ടിയായതോടെ മാണി കുടുംബത്തിന് പുറത്തേക്ക് സ്ഥാനാർഥിത്വം നീങ്ങുകയായിരുന്നു.

രണ്ടില ചിഹ്നത്തിന്‌ വേണ്ടി തലകുനിക്കില്ല:
ജോസ‌് ടോം


രണ്ടില ചിഹ്നത്തിനുവേണ്ടി ആരുടെയും മുന്നിൽ തലകുനിക്കില്ലെന്ന‌് യുഡിഎഫ‌് സ്ഥാനാർഥി ജോസ‌് ടോം പുലിക്കുന്നേൽ. ചിഹ്നത്തിൽ പ്രസക്തിയില്ല, സ്ഥാനാർഥിയുടെ ചിത്രവും പേരുമുള്ളതിനാൽ പാലാക്കാർ തിരിച്ചറിയും. ജോസ‌് കെ മാണിയും യുഡിഎഫും പറയുന്ന ചിഹ്നത്തിൽ മത്സരിക്കും.

പി ജെ ജോസഫിന്റെ എതിർപ്പുകൊണ്ടല്ല നിഷ ജോസ‌് കെ മാണി മത്സരിക്കാത്തത‌്. കെ എം മാണിയുടെ കുടുംബത്തിൽ നിന്ന‌് ആരും വേണ്ടെന്ന‌് ജോസ‌് കെ മാണി തന്നെയാണ‌് ഉപസമിതിയെ അറിയിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാർഥിക്ക്‌  പോലും ചിഹ്നം വേണ്ട: പി ജെ ജോസഫ്
സ്ഥാനാർഥിക്കു പോലും രണ്ടില ചിഹ്നം വേണ്ടെന്ന് പി ജെ ജോസഫ് പറഞ്ഞു. അതു സംബന്ധിച്ച ചർച്ചയ്ക്ക് പ്രസക്തിയില്ല. യുഡിഎഫ് തീരുമാനം അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചിഹ്നത്തിൽ തീരുമാനമായില്ല: ചെന്നിത്തല


അഡ്വ. ജോസ് ടോം യുഡിഎഫ് സ്ഥാനാർഥിയാകുമെങ്കിലും ചിഹ്നത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്നും ഇതിന്റെ നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് തീരുമാനിക്കുംമെന്നും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. കേരള കോൺഗ്രസിലെ ഭിന്നതയെത്തുടർന്ന് കോടതിയിൽ കേസ് നിലവിലുണ്ട്. ഇതടക്കം പരിശോധിക്കണം.  സൂഷ്മ പരിശോധനയ്ക്കു മുമ്പ് ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top