23 July Tuesday
കേരള കോൺ. പിളർപ്പ‌് കോടതിയിൽ

കൂറുമാറ്റം, അയോഗ്യത നീക്കങ്ങളും തുടങ്ങി

പ്രത്യേക ലേഖകൻUpdated: Tuesday Jun 18, 2019

തിരുവനന്തപുരം> രണ്ടായി പിളർന്ന കേരള കോൺഗ്രസിൽ ഔദ്യോഗിക വിഭാഗം ഏതെന്ന‌് സ്ഥാപിക്കാനുള്ള നിയമയുദ്ധത്തിന‌് വഴിതുറന്നു. ഇരുവിഭാഗവും തുറന്ന ഏറ്റുമുട്ടലിലേക്ക‌് നീങ്ങിയതോടെ യുഡിഎഫ‌് നേതൃത്വത്തിന്റെ അനുരഞ‌്ജന പ്രതീക്ഷ മങ്ങി. യഥാർഥ കേരള കോൺഗ്രസ‌് ഏതെന്ന തർക്കം കോടതി കയറിയതോടൊപ്പം തെരഞ്ഞെടുപ്പ‌് കമീഷന്റെയും നിയമസഭാ സ‌്പീക്കറുടെയും തീരുമാനവും നിർണായകമായി. നിയമസഭയുടെ നടപ്പ‌് സമ്മേളനം പിരിയുംവരെ സഭയിൽ ഒറ്റക്കക്ഷിയെന്ന‌ മട്ടിൽ കഴിച്ചുകൂട്ടാനാണ‌് യുഡിഎഫ‌് നേതൃത്വം നൽകിയ രഹസ്യനിർദേശം. കൂറുമാറ്റ നടപടിയിൽനിന്ന‌് രക്ഷനേടാനുള്ള തന്ത്രംകൂടിയായിരുന്നു ഇത‌്.

എന്നാൽ, ചെയർമാൻ തെരഞ്ഞെടുപ്പ‌് കോടതി സ‌്റ്റേ ചെയ‌്തതിന‌ു പിന്നാലെ ജോസ‌് കെ മാണി വിളിച്ച യോഗത്തിൽ പങ്കെടുത്ത എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ ജയരാജും പാർടിവിട്ടെന്ന പി ജെ ജോസഫിന്റെ പ്രഖ്യാപനം യുഡിഎഫ‌ിനെയും വെട്ടിലാക്കി. പരസ‌്പരം കൂറുമാറ്റ ആരോപണങ്ങളുമായി ഇരുകൂട്ടരും രംഗത്ത‌് വരാനാണ‌് സാധ്യത.
സഭയ‌്ക്കുള്ളിലോ പുറത്തോ എംഎൽഎമാർ പാർടി വിരുദ്ധ പ്രവർത്തനം നടത്തുകയോ, വിപ്പ‌് ലംഘിക്കുകയോ ചെയ‌്താൽ മാത്രമേ കൂറുമാറ്റ നടപടി ഉണ്ടാകൂ.

ഏതെങ്കിലും അംഗം പാർടി വിട്ടെന്ന‌് കക്ഷി നേതാവിനോ അംഗങ്ങൾക്കോ സ‌്പീക്കർക്ക‌് പരാതി നൽകാം. നിയമസഭയിലെ കക്ഷിനേതാവ‌് പി ജെ ജോസഫാണ‌്. റോഷി അഗ‌സ്റ്റിനും ജയരാജിനും എതിരെ ജോസഫിന‌് പരാതി നൽകാം. അതേസമയം, ജോസഫിനും മറ്റ‌് രണ്ട‌ുപേർക്കുമെതിരെ മറുചേരിക്കും പരാതി നൽകാൻ അവകാശമുണ്ട‌്.

ആരോപണവിധേയർക്ക‌് സ‌്പീക്കർ ഒരാഴ‌്ചയ‌്ക്കുള്ളിൽ നോട്ടീസ‌് നൽകണം. പാർടിയുടെ പേരും ചിഹ‌്നവും സംബന്ധിച്ച‌് തർക്കത്തിന‌് തെരഞ്ഞെടുപ്പ‌് കമീഷനാണ‌് തീരുമാനം എടുക്കേണ്ടത‌്. ചിഹ്നം അനുവദിച്ച ആൾ എന്ന നിലയ‌്ക്ക‌് ചെയർമാനാണ‌് കമീഷന‌് പരാതി നൽകേണ്ടത‌്. ജോസിനെ ചെയർമാനാക്കിയ തെരഞ്ഞെടുപ്പ‌് കോടതി സ‌്റ്റേ ചെയ‌്ത പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ എന്ത‌് നടപടി എടുക്കാനാകുമെന്ന‌് കണ്ടറിയണം. സ‌്റ്റേ ഉത്തരവ‌ിന‌്  മേൽകോടതിയിൽനിന്ന‌് സ‌്റ്റേ സമ്പാദിച്ചാൽ കമീഷന‌ു മുമ്പിൽ പരാതിയുമായി ജോസിന‌് പോകാൻ കഴിയും.

കോട്ടയം യോഗത്തിൽ പങ്കെടുത്തവരെ അയോഗ്യരാക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകാൻ ജോസഫ‌് പക്ഷവും  വിട്ടുനിന്നവർക്കെതിരെ നടപടിക്ക‌് എതിർചേരിയും തീരുമാനിച്ചിട്ടുണ്ട‌്. ഇതിൽ യുഡിഎഫ‌് നേതൃത്വം എന്ത‌് നിലപാട‌് സ്വീകരിക്കും എന്നതാണ‌് കൗതുകകരം. അനുരഞ‌്ജന ശ്രമം തുടരുന്നതോടൊപ്പം ഇരുകൂട്ടരെയും മുന്നണിയിൽ പിടിച്ചുനിർത്താനാണ‌് യുഡിഎഫ‌് ധാരണ. അതിനിടെ ഇത‌് സുവർണാവസരമായി കണ്ട‌് പിടിമുറുക്കാനുള്ള ആലോചനയും കോൺഗ്രസ‌് തുടങ്ങി. ഭിന്നത മുതലെടുത്ത‌് പാലാ നിയമസഭാ സീറ്റ‌് കൈവശപ്പെടുത്തലാണ‌്  ലക്ഷ്യം.


പ്രധാന വാർത്തകൾ
 Top