12 July Sunday

അടിമൂത്ത്‌ കേരള കോൺഗ്രസ്‌ രാഷ്‌ട്രീയം; പി ജെ ജോസഫും സംഘവും തെരുവ്‌ നാടകം കളിക്കുകയാണെന്ന്‌ ജോസ്‌ വിഭാഗം

സ്വന്തം ലേഖകൻUpdated: Friday Jun 5, 2020

കോട്ടയം > ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് പി ജെ ജോസഫ് വിഭാഗവുമായി ഒരു കരാറും നിലവിലില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവിട്ട്‌ ജോസ് കെ മാണി വിഭാഗം. ഇല്ലാത്ത കരാറിന്റെപേരിൽ പി ജെ  ജോസഫും സംഘവും തെരുവ്‌ നാടകം കളിക്കുകയാണെന്നും ജോസ് വിഭാഗം പറയുന്നു. കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന ഇ ജെ ആഗസ്തി 2015 നവംബർ അഞ്ചിന് ഒപ്പിട്ട കരാറിൽ ആദ്യ ഒന്നര വർഷം സഖറിയാസ് കുതിരവേലിയെയും അവസാന ഒരുവർഷം സെബാസ്‌ററ്യൻ കുളത്തുങ്കല്ലിനെയും പ്രസിഡന്റാക്കാൻ തീരുമാനിച്ചതായുള്ള രേഖയാണ് പുറത്തുവിട്ടിരിക്കുന്നത്‌.

ഇതിൽ രണ്ടാമതായി ഒപ്പിട്ടിരിക്കുന്നത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ജോസഫ് ആവശ്യപ്പെടുന്ന അജിത് മുതിരമലയാണെന്നും ജോസ്‌വിഭാഗം വ്യക്തമാക്കുന്നു. പാലായിൽ കെ എം മാണിയുടെ വീട്ടിൽ 2019  ജൂൺ 29ന് ചേർന്ന ജില്ലാ പഞ്ചായത്ത് പാർലെമെന്ററി പാർടി യോഗത്തിന്റെ മിനിറ്റ്സിലും അജിത് മുതിരമല ഒപ്പുവച്ചിട്ടുണ്ട്. തീരുമാനം കോൺഗ്രസ് നേതൃത്വത്തെ അറിയിക്കാൻ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തെ ജോസ് കെ മാണി ചുമതലപ്പെടുത്തിയതായും പറയുന്നുണ്ട്‌.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തർക്കം യുഡിഎഫിന് കൈമാറാനാണ് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചത്. വെള്ളിയാഴ്ചക്ക് മുമ്പ് പ്രശ്നപരിഹാരം വേണമെന്ന ജോസഫിന്റെ ആവശ്യം നിലനിൽക്കേയാണീ തീരുമാനം. ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ വിഷമഘട്ടത്തിലായത്‌ കോൺഗ്രസാണ്‌. രാഷ്‌ട്രീയകാര്യസമിതിയിലും പ്രശ്‌നം പരിഹരിക്കാനാവാത്തതിനാലാണ്‌ യുഡിഎഫിന്‌ കൈമാറുന്നത്‌.

അവിശ്വാസ പ്രമേയം തള്ളി ജോസ്‌ കെ മാണി

അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന ജോസഫിന്റെ പ്രസ്‌താവന ജോസ് കെ മാണി വിഭാഗം തള്ളി. നോട്ടീസ് കൊടുക്കണമെങ്കിൽ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ വേണം. കോട്ടയം ജില്ലാ പഞ്ചായത്തിൽ അത് എട്ടാണ്. ജോസഫിന്റെ കൂടെയുള്ളത് രണ്ട് അംഗങ്ങൾ മാത്രം. കോൺഗ്രസ് ഇപ്പോൾ കാണിക്കുന്ന താൽപര്യം പാലാ ഉപ തെരഞ്ഞടുപ്പിൽ കാണിച്ചിരുന്നെങ്കിൽ പാർടി ചിഹ്നത്തിൽ മത്സരിച്ച് യുഡിഎഫ് സ്ഥാനാർഥിക്ക് ജയിക്കാൻ കഴിയുമായിരുന്നുവെന്ന് കേരള കോൺഗ്രസ് നേതാക്കൾ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top