07 July Tuesday

യോജിപ്പ് സാധ്യമല്ലെന്ന് വ്യക്തമാക്കി ജോസും ജോസഫും; ഒന്നും ചെയ്യാനാകാതെ കോണ്‍​ഗ്രസ്

കെ ടി രാജീവ്‌Updated: Sunday Nov 3, 2019

കോട്ടയം > കോടതിവിധികളും കോൺഗ്രസ്‌ നേതാക്കളുടെ ഇടപെടലും ഫലം കാണാതെ കേരള കോൺഗ്രസ്‌ ഇരുവിഭാഗങ്ങളും തമ്മിൽ പോർവിളി തുടരുന്നു. ഇനിയൊരു യോജിപ്പ്‌ സാധ്യമല്ലെന്ന സന്ദേശം നൽകിയാണ്‌ വർക്കിങ്‌ ചെയർമാൻ പി ജെ ജോസഫും സമാന്തരയോഗത്തിലൂടെ ചെയർമാനായ ജോസ്‌ കെ മാണിയും കരുക്കൾ നീക്കുന്നത്‌.  ഇരുവിഭാഗവും തെരുവ്‌ യുദ്ധത്തിലും കൈയാങ്കളിയിലുംവരെ എത്തിനിൽക്കുമ്പോൾ  ആശയക്കുഴപ്പത്തിലാണ്‌ കോൺഗ്രസും.

കട്ടപ്പന സബ്‌കോടതി വിധി തങ്ങൾക്കനുകൂലമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇരുവിഭാഗങ്ങളും പറയുന്നു. കഴിഞ്ഞദിവസം വർക്കിങ്‌ ചെയർമാൻ പി ജെ ജോസഫ്‌ വിളിച്ചുചേർത്ത യോഗത്തിൽനിന്ന്‌ ജോസ്‌ കെ മാണി പക്ഷത്തെ റോഷി അഗസ്‌റ്റിനും ഡോ. എൻ ജയരാജ്‌ എംഎൽഎയും വിട്ടുനിന്നു. എന്നാൽ ഇവരുടെ കത്തുകൂടി ലഭിച്ചിട്ടാണ്‌ രണ്ട്‌തവണ യോഗം മാറ്റിയതെന്ന്‌ ജോസഫും വ്യക്തമാക്കി. ജോസഫിന്റെ യോഗം കോടതിവിധിയുടെ ലംഘനമാണെന്ന്‌ ജോസ്‌ കെ മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആകെയുള്ള അഞ്ച്‌ എംഎൽഎമാരിൽ മൂന്ന്‌പേർ ജോസഫ്‌ പക്ഷത്താണ്‌. ആകെയുള്ള രണ്ട്‌ എംപിമാരും രണ്ട്‌ എംഎൽഎമാരും മറുചേരിയിലും. കേരള കോൺഗ്രസ്‌ ഭരണഘടന പ്രകാരം എംപിമാരും എംഎൽഎമാരും ചേർന്നതാണ്‌ പാർലമെന്ററി കമ്മിറ്റി. ഇത്‌ പരിഗണിക്കുമ്പോൾ ആർക്കും ഭൂരിപക്ഷമില്ല. 

യഥാർഥ കേരള കോൺഗ്രസായ മാണി വിഭാഗത്തെ ഹൈജാക്ക്‌ ചെയ്‌ത്‌ ജോസഫിന്റെ തൊഴുത്തിൽ കെട്ടാനാവില്ലെന്ന നിലപാടിലാണ്‌ ജോസ്‌ കെ മാണി പക്ഷം. ഇതിനിടെ പ്രത്യേകയോഗങ്ങളും സ്‌റ്റിയറിങ്‌ കമ്മിറ്റികളുമായി ഇരുവിഭാഗവും പോവുകയാണ്‌. തെരഞ്ഞെടുപ്പ്‌ കമീഷന്റെ തീരുമാനം നിർണായകമാവും. യാഥാർഥ കേരളാ കോൺഗ്രസ്‌ തങ്ങളാണെന്ന്‌ കാട്ടി ഇരുവിഭാഗവും തെരഞ്ഞെടുപ്പ്‌ കമീഷനെ സമീപിച്ചിട്ടുണ്ട്‌.

കോൺഗ്രസിനെ വിയോജിപ്പ്‌ അറിയിച്ചു

ഇനി ഒന്നിച്ചുപോവുക അസാധ്യമാണെന്ന്‌ കേരള കോൺഗ്രസ്‌ ഇരുവിഭാഗവും മധ്യസ്ഥതയ്‌ക്ക്‌ ശ്രമിച്ച കോൺഗ്രസ്‌ നേതാക്കളെ അറിയിച്ചു. പ്രത്യേകം വാർത്താസമ്മേളനങ്ങൾ വിളിച്ചുകൂട്ടി പോർവിളി തുടരുന്ന പശ്‌ചാത്തലത്തിൽ കഴിഞ്ഞദിവസമാണ്‌ കോൺഗ്രസിലെ ഉന്നത നേതാക്കൾ പി ജെ ജോസഫിനോടും ജോസ്‌ കെ മാണിയോടും യോജിച്ച്‌ പോകണമെന്ന്‌ ആവശ്യപ്പെട്ടത്‌. എന്നാൽ ഇരുവിഭാഗങ്ങളും എതിർത്ത്‌ തങ്ങളുടേതായ ന്യായവാദങ്ങൾ അറിയിച്ചു. കേരള കോൺഗ്രസിൽ പ്രബല വിഭാഗം ആരാകുമെന്ന്‌ കാത്തിരുന്ന്‌ ചരടുവലി നടത്തിയാൽ മതിയെന്ന നിലപാടിലാണ്‌  ചില മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ.

ജോസ് പറയിപ്പിച്ചേ അടങ്ങൂവെന്ന് ജോസഫ‌്

ജോസ‌് കെ മാണി സത്യത്തെ വളച്ചൊടിക്കുകയാണെന്ന‌് കേരള കോൺഗ്രസ‌് എം വർക്കിങ‌് ചെയർമാൻ പി ജെ ജോസഫ‌് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കട്ടപ്പന സബ‌്കോടതിയുടെ വിധി സംബന്ധിച്ച‌് ജോസ‌് കെ മാണി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്‌. പറയിപ്പിച്ചേ അടങ്ങൂവെന്ന വിധത്തിലാണ‌് ജോസിന്റെ പ്രവൃത്തികൾ‌. വാക്ക‌് പാലിക്കുന്ന നേതാവായിരുന്നു കെ എം മാണി. 

ജോസ‌് കെ മാണിയെപ്പോലെ കൃത്രിമം കാണിക്കില്ല. ചെയർമാൻ തർക്കത്തിൽ, വ്യാജസീലും കള്ളയൊപ്പുമിട്ട വ്യാജപ്രമാണമാണ‌് ഇടുക്കി കോടതിയിൽ നേരത്തെ ജോസ‌് കെ മാണി ഹാജരാക്കിയതെന്ന‌് തെളിഞ്ഞിരുന്നു. വ്യാജരേഖ ചമച്ചതിന‌് ജോസ‌് കെ മാണിക്കെതിരെ കോട്ടയം ചീഫ‌് ജുഡീഷ്യൽ മജിസ‌്ട്രേറ്റ‌് കോടതിയിൽ കേസുണ്ട‌്. ചുരുങ്ങിയത‌് ഒരുകൊല്ലം കഠിനതടവ‌് കിട്ടാവുന്ന കുറ്റമാണത‌്.

സംസ്ഥാന സമിതി വിളിച്ച‌് ചെയർമാനായതും ഇത്തരം പ്രവൃത്തികളിലൂടെയാണ‌്. ഉന്നതാധികാരസമിതിയംഗം മാത്രമായ കെ ഐ ആന്റണിയെ ജനറൽ സെക്രട്ടറി എന്ന വിലാസത്തിൽ അവതരിപ്പിച്ചാണ‌് ജോസ‌് കെ മാണി കമ്മിറ്റി വിളിച്ച‌് ചെയർമാനായത‌്.
സ്വന്തംപക്ഷത്തു നിന്നുള്ള കൊഴിഞ്ഞുപോക്കു തടയാനാണ‌് ജോസ‌് കെ മാണി  കോടതിവിധിയെ വളച്ചൊടിച്ചുള്ള അഭ്യാസങ്ങളുമായി വരുന്നത‌്. കേരള കോൺഗ്രസ‌് എം നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാത്തവർക്കെതിരെ നടപടി ഉണ്ടാകില്ല. അവർ സ്വയം ബോധ്യപ്പെട്ട‌് മടങ്ങിവരുമെന്നാണ‌് പ്രതീക്ഷ.

ജോസ‌് കെ മാണി വിഭാഗം തിരുവനന്തപുരം കോടതിയിൽ കേസ‌് നൽകിയിരിക്കുന്നതിനാൽ സംസ്ഥാന സമിതി വിളിച്ചുചേർക്കാനാവില്ല. ഈ കേസ‌് 23ന‌് പരിഗണിക്കാൻ മാറ്റി. എവിടെയെല്ലാം തടയിടാൻ പറ്റുമെന്നാണ‌് ജോസ‌് കെ മാണി നോക്കുന്നത‌്. കോടതിയിലാണ‌് പ്രതീക്ഷയെന്ന‌് ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന ജോസ‌് കെ മാണി ഇപ്പോൾ തെരഞ്ഞെടുപ്പു കമീഷനിലേക്ക്‌  പ്രതീക്ഷ മാറ്റി. എന്നാൽ, കമീഷനു മുന്നിൽ രേഖകളെല്ലാം ഉണ്ടെന്നും ജോസഫ‌് പറഞ്ഞു.

പ്രശ്‌നങ്ങൾക്ക്‌ കാരണം ജോസിന്റെ എടുത്തുചാട്ടം: മോൻസ്‌ 

കട്ടപ്പന കോടതിയിൽ നിന്ന്‌ പ്രതികൂല വിധി ഉണ്ടായിട്ടും ജോസ്‌ കെ മാണി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്‌ കേരള കോൺഗ്രസ്‌ എം പാർലമെന്ററി പാർടി സെക്രട്ടറി മോൻസ്‌ ജോസഫ്‌ എംഎൽഎ. തെറ്റായ നിലപാട്‌ തിരുത്തി ജോസ്‌ കെ മാണി ജനങ്ങളോട്‌ മാപ്പുപറയണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.  ജോസ്‌ കെ മാണിയെ ചെയർമാനാക്കിയ നടപടി കട്ടപ്പന കോടതി തള്ളി. ഈ കോടതിവിധി അദ്ദേഹം വായിച്ചുനോക്കണം.

കോടതിയലക്ഷ്യത്തിനാണ്‌ ജോസ്‌ കെ മാണിയുടെ ശ്രമം. പുതിയ ചെയർമാൻ വരുന്നതുവരെ ആക്ടിങ്‌ ചെയർമാന്‌ ചെയർമാന്റെ അധികാരമുണ്ടെന്ന്‌ കോടതി വ്യക്തമാക്കിയിരിക്കുന്നു. ജോസ്‌ കെ മാണിയുടെ എടുത്തുചാട്ടമാണ്‌ എല്ലാപ്രശ്‌നങ്ങൾക്കും കാരണം.

കെ എം മാണി ഉണ്ടായിരുന്നപ്പോൾ അഭിപ്രായസമന്വയത്തിലൂടെയാണ്‌ സ്ഥാനമാനങ്ങൾ തീരുമാനിച്ചിരുന്നത്‌.  യഥാർഥത്തിൽ തിരിച്ചടിയായത്‌ ജോസ്‌ കെ മാണിക്കാണ്‌. തെരഞ്ഞെടുപ്പ്‌ കമീഷന്‌ ആവശ്യമായ വിവരങ്ങളെല്ലാം പി ജെ ജോസഫ്‌ നൽകിയിട്ടുണ്ട്‌. ഭാവികാര്യങ്ങൾ തീരുമാനിക്കാൻ എട്ടിന്‌ കോട്ടയത്ത്‌ നേതൃയോഗം ചേരുമെന്നും  മോൻസ്‌ ജോസഫ്‌ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top