18 September Wednesday

കേരള കോൺ. ചെയർമാൻ തെരഞ്ഞെടുപ്പ‌്‌: ജോസ‌് കെ മാണിക്ക‌് തിരിച്ചടി; സ‌്റ്റേ നിലനിൽക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

തൊടുപുഴ> കേരള കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പു കേസിൽ ജോസ‌് കെ മാണിക്ക‌് തിരിച്ചടി.  ജോസ് കെ മാണിയെ  ചെയർമാനാക്കിയത‌് താൽക്കാലികമായി തടഞ്ഞ തൊടുപുഴ മുട്ടം മുൻസിഫ‌് കോടതിയുടെ വിധി ഇടുക്കി മുൻസിഫ് കോടതിയും ശരിവച്ചു. പി ജെ ജോസഫ് വിഭാഗം നൽകിയ ഹർജിയിലാണ് നേരത്തെ തൊടുപുഴ മുൻസിഫ‌് കോടതി ചെയർമാൻ തെരഞ്ഞെടുപ്പ‌് സ‌്റ്റേ ചെയ‌്തത‌്. ഇതു ചോദ്യം ചെയ‌്ത‌് ജോസ‌് കെ മാണി പക്ഷം മുൻസിഫ‌് കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി.

തൊടുപുഴ മുൻസിഫ‌് കോടതിയുടെ അധികാരപരിധിയിൽ ഈ വിഷയം വരില്ലെന്നും കേസിൽ വിധി പുറപ്പെടുവിക്കാൻ അവകാശമില്ലെന്നുമായിരുന്നു ജോസ‌് പക്ഷത്തിന്റെ വാദം.  പിന്നീട‌് പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ തൊടുപുഴ മുൻസിഫ‌് കേസ‌് കേൾക്കുന്നതിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു.  ഇതോടെയാണ‌് ഇടുക്കി മുൻസിഫിന്റെ പരിഗണയിലേയ‌്ക്ക‌് കേസ‌് മാറ്റിയത‌്.

ഇരുവിഭാഗത്തിന്റെയും വാദങ്ങൾ പൂർണമായി കേട്ട ശേഷമാണ‌് ഇടുക്കി മജിസ‌്ട്രേറ്റ‌് രശ‌്മി രവീന്ദ്രൻ സ‌്റ്റേ നിലനിൽക്കുമെന്ന‌് വ്യക്തമാക്കിയത‌്. ജൂൺ 16ന് കോട്ടയത്ത് വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു ജോസ് കെ മാണിയെ ഒരു വിഭാഗം ചെയർമാനാക്കിയത്. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്താണ‌് ചെയർമാനെ തെരഞ്ഞെടുത്തത‌് എന്നായിരുന്നു ജോസ‌് കെ മാണി പക്ഷത്തിന്റെ വാദം. എന്നാൽ, നടപടി ഭരണഘടനാനുസൃതമല്ലെന്ന വാദവുമായി ജോസഫ‌് വിഭാഗം കോടതിയെയും തെരഞ്ഞെടുപ്പു കമീഷനെയും സമീപിച്ചു. ചെയർമാൻ തെരഞ്ഞെടുപ്പ‌് റദ്ദാക്കണമെന്നതായിരുന്നു പി ജെ ജോസഫിന്റെ ആവശ്യം. തെരഞ്ഞെടുപ്പ‌് റദ്ദാക്കിയില്ലെങ്കിലും സ‌്റ്റേ തുടരാൻ തീരുമാനിച്ചത‌് ജോസഫ‌് പക്ഷത്തിന‌് ആശ്വാസമായി.

പാലാ ഉപതെരഞ്ഞെടുപ്പ‌് പടിവാതിൽക്കൽ എത്തിനിൽക്കെ, കോടതി വിധി ജോസ‌് കെ മാണിക്ക‌് തിരിച്ചടിയുമായി. കേരള കോൺഗ്രസ‌് എം ചെയർമാൻ എന്ന നിലയിൽ  ജോസ‌് കെ മാണി എന്തെങ്കിലും തീരുമാനങ്ങളെടുത്താൽ അത‌് കോടതി അലക്ഷ്യമായി എതിർവിഭാഗം ചൂണ്ടിക്കാട്ടും. നിലവിൽ ജോസ‌്-- ജോസഫ‌് പക്ഷങ്ങൾ രണ്ടു ചേരിയായി മാറിക്കഴിഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ സംബന്ധിച്ച‌് അവകാശവാദം ഉന്നയിക്കാനുള്ള നീക്കവും ജോസഫ‌് പക്ഷം നടത്തുന്നുണ്ട‌്. ഇതു സംബന്ധിച്ച‌് ജോസഫ‌് നേരത്തെ ചില സൂചനകളും നൽകിയിരുന്നു.

പാർടി ഭരണഘടനയെ വെല്ലുവിളിച്ചവർക്കുള്ള മറുപടിയാണ‌് കോടതിവിധിയെന്നായിരുന്നു ജോസഫ‌് വിഭാഗത്തിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ‌് പ്രൊഫ. എം ജെ ജേക്കബിന്റെ പ്രതികരണം. മേൽക്കോടതിയെ സമീപിക്കുമെന്ന് ജോസ് കെ മാണി വിഭാഗവും വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top