14 November Thursday

കേരള കോൺഗ്രസ് എമ്മിലെ ചെയർമാൻ തർക്കം: ബുധനാഴ‌്ച കോടതി വാദം കേൾക്കും

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

തൊടുപുഴ> കേരള കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പ‌് തർക്കത്തിൽ തൊടുപുഴ മുൻസിഫ‌് കോടതി ബുധനാഴ‌്ച വാദം കേൾക്കും. ചെയർമാൻ തെരഞ്ഞെടുപ്പ‌് സ‌്റ്റേ ചെയ‌്ത ഉത്തരവ‌് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട‌് ജോസ‌് വിഭാഗമാണ‌് കോടതിയിൽ ഹർജി നൽകിയിരുന്നത‌്. വാദത്തിന‌് ജോസഫ‌് പക്ഷം കൂടുതൽ സമയം ആവശ്യപ്പെട്ടത‌് പരിഗണിച്ചാണ‌് കേസ‌് ബുധനാഴ‌്ചത്തേക്ക‌് മാറ്റിയത‌്.

പി ജെ ജോസഫ് വിഭാഗം നൽകിയ ഹർജി പരിഗണിച്ചാണ‌് ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടി കോടതി സ‌്റ്റേ ചെയ്തത‌്. ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം പിന്നീട‌് എതിർ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി നടപടിയെന്നായിരുന്നു ജോസ് വിഭാഗത്തിന്റെ ആക്ഷേപം.

ജൂലൈ 17 ന‌് കേസ‌് പരിഗണിക്കുന്നതിനാണ‌് മുൻസിഫ‌് കോടതി നേരത്തെ തീരുമാനിച്ചിരുന്നത‌്. എന്നാൽ, കേസ‌് എത്രയും വേഗം പരിഗണിക്കണമെന്ന അഭ്യർഥന ജോസ‌് വിഭാഗം മുന്നോട്ടുവച്ചു. തുടർന്നാണ‌് പ്രതിഭാഗത്തെ എല്ലാ കക്ഷികൾക്കും നോട്ടീസ‌് അയച്ച‌് ജൂലൈ ഒന്നിന‌് പരിഗണിക്കാൻ കോടതി ഉത്തരവിട്ടത‌്. എന്നാൽ, തിങ്കളാഴ‌്ച കേസ‌് പരിഗണിക്കുന്നതിന‌് മുമ്പായി ജോസഫ‌്പക്ഷം കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെ, വ്യാജരേഖകൾ ഉണ്ടാക്കിയാണ് ചെയർമാനെ തെരഞ്ഞെടുത്തതെന്ന് കാണിച്ച് ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗം മറ്റൊരു പരാതി തൊടുപുഴ പൊലീസിനും നൽകിയിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top