21 July Sunday

കേരള കോണ്‍ഗ്രസ്: സംഘടന ജോസ‌ിൽ; അധികാരം ജോസഫിന‌്

സ്വന്തം ലേഖകൻUpdated: Monday Jun 17, 2019

കോട്ടയം > സംഘടന ജോസ‌് കെ മാണിയുടെ കൈയിൽ. ഭരണഘടനാപരമായ അധികാരങ്ങൾ പി ജെ ജോസഫിനും. മാണി വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്ത‌് പുതിയ ചെയർമാനെ തെരഞ്ഞെടുത്തുവെങ്കിലും യഥാർഥ കേരള കോൺഗ്രസ‌് എം ഏത‌്. പാർടി ഓഫീസുകളുടെ ഉടമസ്ഥത ആർക്ക‌് എന്നിവ നിയമപോരാട്ടത്തിലേക്ക‌് നീങ്ങുകയാണ‌്. തെരഞ്ഞെടുപ്പ‌് കമീഷന്റെ അംഗീകാരം ആർക്കെന്നതും നിർണായകമാകും.

സംസ്ഥാന കമ്മിറ്റിയോഗം അനധികൃതമാണെന്ന‌് പി ജെ ജോസഫ‌് വ്യക്തമാക്കി. തന്നെയുമല്ല സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കേണ്ടത‌് ചെയർമാനാണ‌്. അതുകൊണ്ടു തന്നെ ഇതു കാണിച്ച‌് തെരഞ്ഞെടുപ്പ‌് കമീഷന‌് അദ്ദേഹം കത്തുനൽകുമെന്ന‌് ഉറപ്പായി. കമീഷൻ പി ജെ ജോസഫിനെ അംഗീകരിച്ചിട്ടുണ്ട‌്. അത‌് ജോസഫ‌് പക്ഷത്തിന‌് ബലമാണ‌്.

എന്നാൽ ഭരണഘടനാ പ്രകാരം ചെയർമാനെ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന കമ്മിറ്റിക്കാണെന്ന‌് മാണി വിഭാഗം പറയുന്നു. മൂന്നിലൊന്ന‌് അംഗങ്ങൾ സംസ്ഥാന കമ്മിറ്റി വിളിക്കാൻ ആവശ്യപ്പെട്ടാൽ അതിന‌് ചെയർമാന്റെ പദവി വഹിക്കുന്നയാൾ തയ്യാറാകണം കഴിഞ്ഞ മൂന്നിന‌് 135 അംഗങ്ങൾ ഒപ്പിട്ട കത്ത‌് നൽകിയിട്ടും പി ജെ ജോസഫ‌് യോഗം വിളിച്ചു ചേർത്തില്ല. അതിനാലാണ‌് മുതിർന്ന അംഗം യോഗം വിളിച്ചത‌്. ഇതാണ‌് ഭരണഘടനാപരമായി ശരിയെന്നും മാണി വിഭാഗം പറയുന്നു. കേരള കോൺഗ്രസ‌് എം നിലനിൽക്കുമ്പോൾ പി ജെ ജോസഫ‌് വിഭാഗം അതിലേക്ക‌് വന്ന‌് ലയിക്കുകയായിരുന്നു. അതിനാൽ പാർടിയുടെ കൊടിയും ഓഫീസിന്റെ ഉടമസ്ഥതയും തർക്കത്തിന‌് ഇടയാകില്ലെന്നും മാണി വിഭാഗം പറയുന്നു.

എന്നാൽ കേരള കോൺഗ്രസ‌് എമ്മിന്റെ ചെയർമാനായി തെരഞ്ഞെടുപ്പ‌് കമീഷൻ ഏതു പക്ഷത്തെ അംഗീകരിച്ചാലും അത‌് കോടതിയിലേക്ക‌് നീങ്ങുമെന്നും ഉറപ്പ‌്. സംസ്ഥാന കമ്മിറ്റി വിളിച്ചു ചെയർമാനെ തെരഞ്ഞെടുക്കണമെന്ന‌് കോടതി നിർദേശിച്ചാലും അത‌് മാണി വിഭാഗത്തിന‌് വിജയമാകും. എന്നാൽ നിയമസഭാ പാർലമെന്ററി പാർടിയിൽ അഞ്ച‌് എംഎൽഎമാരിൽ രണ്ട‌് പേർ മാത്രമാണ‌് മാണി വിഭാഗത്തിനുള്ളത‌്. അവിടെ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞത‌് ജോസഫിന‌്  ബലമേകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top