Deshabhimani

കേരള ചിക്കന്റെ ബ്രാന്‍ഡഡ് മൂല്യവര്‍ധിത 
ഉല്‍പ്പന്നങ്ങൾ വിപണിയിലേക്ക്‌

വെബ് ഡെസ്ക്

Published on Dec 11, 2024, 02:17 AM | 0 min read


തിരുവനന്തപുരം
കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസൺ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിലെത്തി. "കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡിൽ ചിക്കൻ ഡ്രം സ്റ്റിക്സ്, ബോൺലെസ് ബ്രീസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നീ ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തിയത്. ആദ്യഘട്ടത്തിൽ തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാകും ഉൽപ്പന്നങ്ങൾ ലഭ്യമാകുക. മന്ത്രി എം ബി രാജേഷ് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ പി സതീദേവിക്ക് ഉൽപ്പന്നങ്ങൾ കൈമാറി വിപണിയിലിറക്കി.

കുടുംബശ്രീ കേരള ചിക്കൻ ബ്രോയ്‌ലർ ഫാർമേഴ്സ് കമ്പനിയുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ ഫാമിൽ വളർത്തുന്ന ഇറച്ചിക്കോഴികളെ കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന മീറ്റ് പ്രോഡ്കട്സ് ഓഫ് ഇൻഡ്യയുടെ പ്ലാന്റിൽ സംസ്കരിച്ച് പായ്ക്ക് ചെയ്യും. എല്ലാ ഉൽപ്പന്നവും  450, 900 ഗ്രാം അളവിലായിരിക്കും ലഭിക്കുക. നിലവിലെ വിപണന മാർഗങ്ങൾക്ക് പുറമെ ഭാവിയിൽ "ഓൺ വീൽ' എന്നപേരിൽ ഓരോ ജില്ലയിലും വാഹനങ്ങളിലും വിൽപ്പന നടത്തും. കുടുംബശ്രീ 2019ൽ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ. നിലവിൽ 11 ജില്ലയിലായി 431 ബ്രോയ്‌ലർ ഫാമും 139 ഔട്ട്‌ലെറ്റും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നു.

മൂല്യവർധിത ഉൽപ്പന്ന നിർമാണവും വിപണനവും ഊർജിതമാകുന്നതോടെ കൂടുതൽ വനിതകൾക്ക് തൊഴിൽ അവസരം കൈവരുമെന്നാണ് പ്രതീക്ഷ.
പരിപാടിയിൽ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി, തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, കുടുംബശ്രീ ഭരണ നിർവഹണ സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവരും പങ്കെടുത്തു.



deshabhimani section

Related News

0 comments
Sort by

Home