11 December Wednesday

വയനാട്ടിൽ കോൺഗ്രസ് താരനിരയെ ഇറക്കിയിട്ടും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്

സ്വന്തം ലേഖകൻUpdated: Thursday Nov 14, 2024
കല്പറ്റ> വയനാട്ടിൽ രാഹുൽഗാന്ധി രാജിവെച്ച് ഒഴിഞ്ഞുപോയ സീറ്റിൽ പകരം പ്രിയങ്കാ ഗാന്ധിയെ ഇറക്കിയിട്ടും വോട്ടർമാർക്ക് നിസ്സംഗത. മണ്ഡല രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. 64.72 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. 8.86 ശതമാനം കുറവ്.
 
2019 ൽ ഇത് 80.31 ശതമാനവും 2014 ൽ 73.25 ശതമാനവും ആയിരുന്നു. 2024 ഏപ്രിലിലെ തെരഞ്ഞെടുപ്പിൽ 73.57 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ നാൽപത് വർഷത്തോളമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മൊത്തം മണ്ഡലങ്ങളിലെ ശരാശരി പോളിങ് 70 ശതമാനത്തിന് മുകളിലാണ്.
 
ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് വയനാട് ലോക്സഭാ മണ്ഡലം. ഇവയിൽ മലപ്പുറം ജില്ലയുടെ ഭാഗമായുള്ള ഏറനാട് മണ്ഡലത്തിലാണ് കൂടുതൽ പോളിങ്. ഇതേ ജില്ലാ പരിധിയിലെ തന്നെ നിലമ്പൂർ മണ്ഡലത്തിലാണ് ഏറ്റവും കുറവ്. ഏറനാട് 69.42 ശതമാനം, നിലമ്പൂർ 61.91 ശതമാനം. കഴിഞ്ഞ വർഷം ഏറനാട്ടിൽ 77.76 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നതാണ്. നിലമ്പൂരിൽ കഴിഞ്ഞവർഷം 71.35 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇത്തവണ അതിൽ നിന്നും വീണ്ടും കുറയുകയായിരുന്നു.
 
മൊത്തം 14,71,742 സമ്മതിദായകരിൽ 66.67 ശതമാനം സ്ത്രീ വോട്ടർമാർ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ പുരുഷൻമാരുടെ പങ്കാളിത്തം 62.70 മാത്രമാണ്. ഏഴ് നിയസഭാ മണ്ഡല പരിധിയിലും വോട്ടിങ് ശതമാനം കുറഞ്ഞു.
 
ചേലക്കര നിയമസഭാ മണ്ഡലത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവ് വോട്ടർമാരാണ് സമ്മതി രേഖപ്പെടുത്താൻ എത്തിയത്. 72.77 ശതമാനം വോട്ടാണ് പോൾ ചെയ്തത്. 2021 ൽ ഇത് 77.28 ശതമാനമായിരുന്നു. ഇത്തവണ 2,13,103 വോട്ടർമാരാണ് ഉണ്ടായിരുന്നത്. 1,55,077 വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്. ചേലക്കരയിലെ യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് മണ്ഡലത്തിലെ വോട്ടർ അല്ല.
 
വയനാട്ടിൽ വോട്ടർമാരിൽ അഞ്ച് ലക്ഷത്തോളം പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതായാണ് കണക്കുകൾ കാണിക്കുന്നത്. 2019ൽ രാഹുൽ ഗാന്ധിയെത്തിയപ്പോൾ പോളിങ് 80.33 ശതമാനത്തിലേക്ക് ഉയർന്നെങ്കിലും കഴിഞ്ഞ ലോക്സഭാ പൊതുതിരഞ്ഞെടുപ്പിൽ 73.57 ശതമാനമായി കുറയുകയായിരുന്നു.
 
രാജ്യം തന്നെ നേരിട്ടതിൽ ഏറ്റവും വലിയ പ്രകൃതി ദുരത്തിന് ഇരയായ പ്രദേശമാണ്. ദുരിതാശ്വാസ ധന സഹായം നൽകാത്ത കേന്ദ്ര സർക്കാർ നിലപാടിന് എതിരെ കടുത്ത അമർഷം നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് രാഹുൽ ഗാന്ധി പാർലമെന്റിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താത്തത് വോട്ടർമാർക്കിടയിൽ വ്യപകമായ ചർച്ചയായിരുന്നു. ഈ മാസം 23നാണ് വോട്ടെണ്ണൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top