12 November Tuesday

വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ ; ആദ്യ ഫലസൂചന എട്ടരയോടെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019


തിരുവനന്തപുരം> സംസ്ഥാനത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്ന അഞ്ച്‌ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വ്യാഴാഴ്‌ച രാവിലെ എട്ടിനാരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന പുറത്തുവരും.വട്ടിയൂർക്കാവ്‌, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌.

മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്. പൈവളികെ നഗർ, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരിൽ ചേർത്തല പള്ളിപ്പുറം എൻ.എസ്.എസ്. കോളേജ്, കോന്നിയിൽ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂർക്കാവിൽ പട്ടം സെയ്ൻറ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണു വോട്ടെണ്ണൽ.

തപാൽ വോട്ടുകളാകും ആദ്യം എണ്ണുക. ലീഡ് നിലയും മറ്റു വിവരങ്ങളും www.trend.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ  ലഭിക്കും. 12 ഓടെ പൂർണചിത്രമറിയാം.

മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പ്‌ഫലവും മറ്റ്‌ ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്‌. മഹാരാഷ്ട്രയിൽ 288 അംഗ നിയമസഭയിലേക്കും ഹരിയാനയിൽ 90 അംഗ നിയമസഭയിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട്‌ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഫലവും ഇന്നറിയാം 

കേരളത്തിലെ അഞ്ചുമണ്ഡലങ്ങൾക്ക്‌  പുറമെ യുപിയിലെ 11 ഉം ഗുജറാത്തിലെ ആറും ബിഹാറിലെ അഞ്ചും അസം, പഞ്ചാബ്‌ എന്നിവിടങ്ങളിൽ നാലും സിക്കിമിലെ മൂന്നും ഹിമാചൽ, രാജസ്ഥാൻ, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽ രണ്ടും പുതുശേരി, ഒഡിഷ, മേഘാലയ, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, അരുണാചൽ എന്നിവിടങ്ങളിൽ ഒന്നുവീതവും നിയമസഭാ മണ്ഡലങ്ങളിലേക്കാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. ബിഹാറിലെ സമസ്‌തിപുർ, മഹാരാഷ്ട്രയിലെ സത്താറ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്‌ ഫലവും ഇന്നറിയാം
 

 


പ്രധാന വാർത്തകൾ
 Top