26 March Sunday

ആരോഗ്യമേഖലയ്ക്ക് 2828.33 കോടി; കേരളത്തെ ആഗോള ആരോഗ്യ ഹബ്ബാക്കി മാറ്റും

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

തിരുവനന്തപുരം> പൊതുജനാരോഗ്യമേഖലയിൽ ബജറ്റ് വിഹിതമായി 2828.33 കോടി രൂപ വകയിരുത്തി. മുൻവർഷത്തേക്കാൾ 196.50 കോടിരൂപയാണ് ഇത്തവണ നീക്കിവെച്ചിട്ടുള്ളത്. ആരോഗ്യപരിചരണം , ഹെൽത്ത് ടൂറിസം എന്നിവ ഉപയോഗപ്പെടുത്തി കേരള ആഗോള ആരോഗ്യ ഹബ്ബാക്കിമാറ്റുമെന്നും ധനമന്ത്രി പറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 574.50 കോടി രൂപയും ബജറ്റിൽ  വകയിരുത്തി. ഇത് മുൻവർഷത്തേക്കാൾ 74.50 കോടി രൂപ അധികമാണ് ഇത്.

സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ ചികിത്സയ്ക്കുളള കേന്ദ്രങ്ങൾ സ്ഥാപിക്കാനുദ്ദേശിക്കുന്നു. ആദ്യപടിയായി 2.50 കോടി രൂപ ഇതിനായി വകയിരുത്തി. കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ കെെകാര്യം ചെയ്യുന്നതിനായി 5കോടി രൂപ മാറ്റിവെച്ചു. പകർച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 11 കോടി രൂപ വകയിരുത്തി.

സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷൻ വികസിപ്പിച്ചെടുത്ത ഐ.റ്റി. ആപ്ലിക്കേഷൻ ഉപയോഗിച്ച് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതി (NCD) യാണ് 'ശൈലി' (SHAILI). സാധാരണമായി ഹൈപ്പർടെൻഷൻ, ഡയബറ്റീസ്, കാൻസർ തുടങ്ങിയവ സംബന്ധിച്ച് 70 ലക്ഷത്തിലധികം ആളുകളിൽ സർവ്വേയും രോഗനിർണയവും നടത്താൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.ഇതിനായുളള പോർട്ടൽ വലിയതോതിൽ വികസിപ്പിക്കുന്നതിനുമായി അടുത്തവർഷത്തേക്ക് 10 കോടി രൂപ വകയിരുത്തുന്നു
തലശ്ശേരി ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടിയും ഗോത്ര, തീരദേശ, വിദൂര മേഖലകളിലെ ആശുപത്രി കളിലെയും ആരോഗ്യ പരിചരണ സ്ഥാപനങ്ങളിലെയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 15 കോടിയും വകയിരുത്തി.

  "കനിവ് പദ്ധതിയിൽ, 315 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളുടെ പ്രവർത്തന ചെലവു കൾക്കായി 75 കോടി രൂപ വകയിരുത്തി.  കാസർഗോഡ് ടാറ്റാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യവും ചികിത്സാ സൗകര്യങ്ങളും വർദ്ധിപ്പി ക്കുന്നതിന് നടപടികൾ സ്വീകരിക്കും.

ഹെൽത്ത് കെയർ മേഖലയിലെ ആഗോള സാധ്യതകൾ


കേരളത്തിന് ആരോഗ്യപരിചരണ രംഗത്ത് വൈദഗ്ദ്ധ്യവും നൈപുണിയുമുള്ള വലിയൊരു തൊഴിൽസേനയുണ്ട്. ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരിൽ നല്ലൊരു ശതമാനം മലയാളികളാണ്. വികസിത രാജ്യങ്ങളിൽ ആരോഗ്യ പരിചരണത്തിന് ചെലവ് വളരെ കൂടുതലാണ്. ഇത് കേരളത്തിന് ഒരു സാധ്യതയായി പ്രയോജനപ്പെടുത്താൻ കഴിയണം. ലോകത്തിന്റെ ഹെൽത്ത് കെയർ ക്യാപിറ്റലായി കേരളത്തെ മാറ്റാൻ കഴിയുന്ന മനുഷ്യവിഭവ ശേഷിയും കൂടുതൽ വികസിപ്പിക്കാൻ കഴിയുന്ന ആരോഗ്യ ശൃംഖലയും നമുക്കുണ്ട്. ചെലവ് കുറഞ്ഞ ചികിത്സയ്ക്കും ആരോഗ്യ പരിചരണത്തിനുമായി വിദേശികളെ നമുക്ക്ഹെൽത്ത് ടറിസംനടപ്പിലാക്കാനും സൗകര്യങ്ങളൊരുക്കാനുമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി 30 കോടി രൂപ അനുവദിക്കുന്നു.

തദ്ദേശീയമായ ഓറൽ റാബീസ് വാക്സിൻ വികസിപ്പിക്കുന്നതിന് ഒരു സംരംഭം ആരംഭിക്കും. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയുടെയും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാകും വാക്സിൻ വികസിപ്പിക്കുക. ഈ പദ്ധതിയ്ക്കായി 5 കോടി രൂപ വകയിരുത്തി.

 നാഷണൽ ഹെൽത്ത് മിഷനു വേണ്ടി കുടുംബക്ഷേമ പരിപാടികൾക്കും അനുബന്ധ അടിസ്ഥാന സൗകര്യ പരിപാലനത്തിനുമുളള 134.80 കോടി രൂപയുൾപ്പെടെ 500 കോടി രൂപ സംസ്ഥാന വിഹിതമായി വകയിരുത്തി. ഭക്ഷ്യ സുരക്ഷാ ലബോട്ടറികൾ ശക്തിപ്പെടുത്തുന്നതിനായി 7.50 കോടി രൂപയും ഭക്ഷ്യവിഷബാധ തടയാനും ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉയർത്താനുമുളള വിവിധ ഇടപെടലുകൾക്കും രൂപ കൂടി  7 കോടി അനുവദിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top