തിരുവനന്തപുരം > തലസ്ഥാന ജില്ലയിലെ ആരോഗ്യ പരിചരണസ്ഥാപനങ്ങളിൽ മുൻപന്തിയിലുള്ള റീജിയണൽ ക്യാൻസർ സെന്ററിനെ സംസ്ഥാനത്തെതന്നെ മികച്ച അർബുദ ചികിത്സാ കേന്ദ്രമാക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് സംസ്ഥാന ബജറ്റ്. ബജറ്റിൽ ഇത്തവണ ആർസിസിക്കായി വകയിരുത്തിയത് 81 കോടി രൂപയാണ്. ആർസിസി-യെ സംസ്ഥാന കാൻസർ സെന്ററായി ഉയർത്തുന്നതിന് ആകെ 120 കോടി രൂപ ചെലവ് വരും. ഇതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകുകയും ആദ്യഗഡു അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി 13.80 കോടി രൂപ സംസ്ഥാന വിഹിതമായും വകയിരുത്തി.
കേരളത്തിൽ ഒരു മെഡിക്കൽ സംരംഭക സാധ്യത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള മെഡിക്കൽടെക്‌നോളജി കൺസോർഷ്യം (കെഎംടിസി) രൂപീകരിക്കുമെന്നും തിരുവനന്തപുരത്ത് ഒരു മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തെ ബയോ 360 ലൈഫ് സയൻസ് പാർക്കിന്റെ ക്യാമ്പസിൽ മെഡ്ടെക് സ്റ്റാർട്ടപ്പുകൾക്കും നിർമ്മാതാക്കൾക്കും വേണ്ടി മെഡ്സ് പാർക്ക് സജ്ജീകരിക്കുകയും ചെയ്തു. 2023–--24-ന്റെ രണ്ടാം പകുതിയോടെ മെഡ്സ് പാർക്ക് പൂർണമായും പ്രവർത്തനക്ഷമമാകും. ഇവിടേക്ക് മെഡ് ടെക് നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെഎംടിസി നടത്തും. ഇതിന് സഹായകരമെന്നൊണം ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തിന്റെ വികസനത്തിന് വേഗം കൂട്ടുന്നതാകും ഈ പദ്ധതികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..