27 May Monday

കേരളമെന്ന ആശ്ചര്യം കാണാതെ പോകരുത്: ലോകപ്രശസ്ത ബ്ലോഗര്‍മാര്‍

വെബ് ഡെസ്‌ക്‌Updated: Sunday Apr 7, 2019


തിരുവനന്തപുരം
പ്രകൃതിഭംഗിയും സാംസ്കാരികവൈവിധ്യവും സമ്മേളിക്കുന്ന കേരളം അവിസ്മരണീയ അനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് ലോകപ്രശസ്ത ബ്ലോഗർമാർ. സംസ്ഥാന വിനോദസഞ്ചാരവകുപ്പും മേഖലയിലെ പങ്കാളികളും സംയുക്തമായി സംഘടിപ്പിച്ച കേരള ബ്ലോഗ് എക്സ്പ്രസിലെ 26 ബ്ലോഗർമാരാണ് ഒരേ സ്വരത്തിൽ കേരളത്തെ പ്രകീർത്തിച്ചത്.

മാർച്ച് 21ന് കൊച്ചിയിൽ ആരംഭിച്ച കേരള ബ്ലോഗ് എക്സ്പ്രസിന്റെ ആറാം പതിപ്പിന്റെ ഭാഗമായി ഇരുപത്തിയൊന്ന‌് രാജ്യങ്ങളിൽ നിന്നെത്തിയ 26 ബ്ലോഗർമാർ കേരളത്തിലുടനീളം രണ്ടാഴ്ചത്തെ യാത്ര നടത്തി. ബ്ലോഗർമാരുടെ നേരിട്ടുള്ള അനുഭവങ്ങളിലൂടെ കേരളത്തിലെ തനതു വിനോദസഞ്ചാര വിഭവങ്ങളെക്കുറിച്ച് ആഗോള ശ്രദ്ധ നേടിയെടുക്കുന്നതിന് ലക്ഷ്യമിട്ട യാത്ര വെള്ളിയാഴ്ച കോവളത്ത് സമാപിച്ചു.വിനോദസഞ്ചാരികൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത സ്ഥലമാണ് കേരളമെന്ന് ഹോട്ടൽ ലീല റാവിസിൽ നടന്ന സമാപനചടങ്ങിൽ ഈ ബ്ലോഗർമാർ അഭിപ്രായപ്പെട്ടു.

ജീവിതത്തിൽ എന്നും ഓർമിക്കാനുള്ള അനുഭവങ്ങളാണ് ഈ യാത്രയിലൂടെ തനിക്കു ലഭിച്ചതെന്ന്  ജമൈക്കയിൽ നിന്നുള്ള ഷീയ പവൽ പറഞ്ഞു. തന്റെ ബ്ലോഗിലൂടെ കേരളത്തിലെ വ്യത്യസ്തമായ സമ്പൂർണ അനുഭവം ലോകത്തോട് പറയും.  സുഗന്ധവ്യഞ്ജന സമ്പുഷ്ടമായ ഭക്ഷണത്തിന്റെ വ്യത്യസ്ത രുചിയാൽ ആകൃഷ്ടയായ അവർ ലോകത്തിൽ താൻ കണ്ടിട്ടുള്ളതിൽ വച്ച് മികച്ച ഇടം ആലപ്പുഴയാണെന്ന് കൂട്ടിച്ചേർത്തു. കേരളത്തിന്റെ പ്രശാന്ത സൗന്ദര്യവും സൗഹൃദമുള്ള ജനങ്ങളുമാണ് തന്നെ സ്വാധീനിച്ചതെന്ന് അമേരിക്കയിലെ ബ്ലോഗറും വീഡിയോ പ്രൊഡ്യൂസറുമായ അലക്സ് ഷാക്കോൺ വ്യക്തമാക്കി.

കേരളം തനിക്കു സമ്മാനിച്ച അനുഭവങ്ങളും വീഡിയോയും ഫോട്ടോഗ്രാഫുകളും തന്റെ ബ്ലോഗായ www. conquertheworld.com–-ൽ പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം സെക്രട്ടറി  റാണി ജോർജ് നന്ദി പറഞ്ഞു.  ഡയറക്ടർ പി ബാലകിരൺ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top