21 June Monday
ഒരു സീറ്റുപോലും ജയിക്കാത്ത സംസ്ഥാനത്തിന്‌ മന്ത്രി സ്ഥാനം നൽകരുതെന്നും ആവശ്യം

മുരളിയും സുരേന്ദ്രനും മാറണം ; അമിത്‌ ഷായുടെ പേജിൽ 
സംഘികളുടെ ‘പൊങ്കാല’

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021


തിരുവനന്തപുരം
കേരളത്തിലെ കനത്ത തോൽവിക്ക്‌ ഉത്തരവാദികളായവരെ നീക്കി പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് അമിത്‌ഷായുടെ എഫ്‌ബി പേജിൽ സംഘപരിവാറുകാരുടെ‌ കൂട്ടപ്പരാതി. നൂറുകണക്കിന്‌ ബിജെപി പ്രവർത്തകരാണ്‌ മലയാളത്തിലും ഇംഗ്ലീഷിലുമായി അമിത്‌ ഷായുടെ എഫ്‌ബി പേജിലും അല്ലാതെയും പരാതി ഉന്നയിക്കുന്നത്‌. വോട്ട്‌ കച്ചവടത്തിനിരയായ ബിജെപി സ്ഥാനാർഥികളും പരാതിയുമായെത്തി.

‘ കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനുമാണ്‌ ഈ നിലയിലെത്തിച്ചത്‌, സുരേന്ദ്രന് പക്വതയില്ല, ഒരു സീറ്റുപോലും ജയിക്കാത്ത സംസ്ഥാനത്തിന്‌ മന്ത്രി സ്ഥാനം നൽകരുത്‌ തുടങ്ങിയവയാണ്‌ ആവശ്യം. ചിലയിടത്ത്‌ പത്രിക തള്ളിച്ചത്‌ സുരേന്ദ്രന്റെ കളിയാണെന്നും പരാതിയിൽ പറയുന്നു. സ്വാധീനമുള്ള നേതാക്കളെ മനഃപൂർവം മറ്റു മണ്ഡലങ്ങളിലേക്ക്‌ മാറ്റിയതെന്തിനെന്നും പ്രാദേശിക നേതാക്കൾ ചോദിക്കുന്നു. അമ്പലപ്പുഴ, തിരുവല്ല തുടങ്ങിയ മണ്ഡലങ്ങൾ ഉദാഹരണ സഹിതം ചൂണ്ടിക്കാണിച്ചാണ്‌ ഇവർ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുന്നത്‌. ദേശീയ പ്രസിഡന്റ്‌  ജെ പി നദ്ദയാണെങ്കിലും കാര്യങ്ങൾ തീരുമാനിക്കുന്നത്‌ അമിത്‌ഷായാണ്‌ എന്നതിനാലാണ്‌ പരാതികൾ അങ്ങോട്ടയക്കുന്നത്‌.

അതിനിടെ, കെ സുരേന്ദ്രന്റെ ഹെലികോപ്ടർ കളിക്കെതിരെ കൂടുതൽ നേതാക്കൾ രംഗത്തു വന്നു. 20 മണ്ഡലത്തിൽ 20 ശതമാനത്തിലധികം വോട്ട്‌ നേടിയ പാർടി ദയനീയ നിലയിലെത്തിയത്‌ പക്വതയില്ലാത്ത നേതൃത്വം കാരണമാണ്‌. കെ രാധാകൃഷ്ണമേനോനടക്കമുള്ള ബിജെപി നേതാക്കളും പാലായിലെ സ്ഥാനാർഥിയായിരുന്ന പ്രമീളദേവിയടക്കമുള്ളവരാണ്‌ ബുധനാഴ്‌ച രംഗത്തുവന്നത്‌.

തിരുവനന്തപുരം മണ്ഡലത്തിൽ ജി കൃഷ്ണകുമാറിനെ ഗ്രൂപ്പുകളിച്ച്‌ പരാജയപ്പെടുത്തിയതാണെന്ന്‌ മണ്ഡലത്തിലെ ചുമതലക്കാരും പ്രവർത്തകരും പറയുന്നു. 35 സീറ്റ്‌ കിട്ടുമെന്ന്‌ കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്‌ മുരളീധരനും സുരേന്ദ്രനും കൂടി ചെയ്തത് എന്നും പരിഹസിക്കുന്നുണ്ട്. അതേസമയം, വോട്ട്‌കച്ചവടം സംബന്ധിച്ച്‌ തനിക്കൊന്നും ചെയ്യാനില്ലെന്നാണ്‌ സുരേന്ദ്രൻ കാസർകോട്‌ പറഞ്ഞത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top