ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഞ്ചരിക്കുന്ന പുസ്തകശാല ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം > കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഞ്ചരിക്കുന്ന പുസ്തകശാലയുടെ ഉദ്ഘാടനം സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സെക്രട്ടറിയേറ്റ് അനക്സ് രണ്ടിന് മുന്നിൽ സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ കോബ്രഗഡെക്ക് ആദ്യ പുസ്തകവിൽപ്പന നടത്തിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ ചടങ്ങിൽ അധ്യക്ഷ്യത വഹിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കൽ, വില്പന വിഭാഗം അസി ഡയറക്ടർ എൻ ജയകൃഷ്ണൻ, പബ്ലിക്കേഷൻ വിഭാഗം അസി. ഡയറക്ടർ സുജാ ചന്ദ്ര പി തുടങ്ങിയവർ പങ്കെടുത്തു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വായനക്കാർക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സഞ്ചരിക്കുന്ന പുസ്തകശാല അവതരിപ്പിച്ചിരിക്കുന്നത്. സർവകലാശാലകൾ, കോളേജുകൾ, പൊതുജനങ്ങൾ ഒത്തുകൂടുന്ന ഇടങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന പുസ്തകശാലയിൽ നിന്നും വായനക്കാർക്ക് പുസ്തകങ്ങൾ വാങ്ങാനുള്ള അവസരമുണ്ടായിരിക്കും. വിപുലമായ സൗകര്യങ്ങൾ ഉള്ള ഭാരത് ബെൻസിന്റെ വാഹനത്തിൽ വായനക്കാർക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന രീതിയിൽ ഷെൽഫിലാണ് പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഫോൺ: 9400421968. https://www.keralabhashainstitute.org/ എന്ന വെബ്പോർട്ടൽ വഴി ഓൺലൈനായും പുസ്തകങ്ങൾ വാങ്ങാം.
0 comments