27 February Thursday

കേരള ബാങ്ക്‌: ദർശനരേഖ പൊതുയോഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020


ജി രാജേഷ‌്കുമാർ
സംസ്ഥാന ജനതയെ ഒന്നായി ഉൾക്കൊള്ളുന്ന സാമ്പത്തിക സ്ഥാപനമാകും കേരള ബാങ്ക്‌ എന്ന്‌ സാക്ഷ്യപ്പെടുത്തുന്ന ദർശനരേഖ ബാങ്ക്‌ പൊതുയോഗത്തിൽ  അവതരിപ്പിക്കും. സേവനങ്ങളിലും സൗകര്യങ്ങളിലും എല്ലാവർക്കും തുല്യഅവസരം ഉറപ്പാക്കുന്ന പ്രവർത്തന നയമാകും ദർശനരേഖ മുന്നോട്ടുവയ്‌ക്കുക. 20ന്‌ പകൽ 11.30ന്‌ തിരുവനന്തപുരം കവടിയാർ ഗോൾഫ്‌ ലിങ്ക്‌സ്‌ റോഡിലെ ഉദയ പാലസ്‌ കൺവൻഷൻ സെന്ററിൽ സംസ്ഥാന സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലായിരിക്കും പൊതുയോഗം. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെയും അർബൻ ബാങ്കുകളെയും പ്രതിനിധീകരിച്ച്‌ 1555 പേർ പങ്കെടുക്കും.

കാർഷിക–-വ്യാവസായിക രംഗത്ത്‌ നൂതന ആശയങ്ങൾക്കും പദ്ധതികൾക്കും കേരള ബാങ്ക്‌ ശക്തി പകരും. ഗ്രാമീണ സമ്പാദ്യം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിഭവങ്ങൾ പൂർണമായും സംസ്ഥാനത്ത്‌ വിനിയോഗിക്കാനാകും. കേരള സ്‌റ്റേറ്റ്‌ കോ ഓപ്പറേറ്റിവ്‌ ബാങ്കിന്റെ ബ്രാൻഡ്‌ പേരായ ‘കേരള ബാങ്ക്‌’ മുൻനിർത്തിയ ലോഗോ തയ്യാറായി. ഇതിനും പൊതുയോഗം അംഗീകാരം നൽകും. റിസർവ്‌ ബാങ്ക്‌ അനുമതി ലഭിക്കുന്നതോടെ ബാങ്ക്‌ ഓഫീസുകളുടെ ബോർഡ്‌ മാറ്റവുമുണ്ടാകും. പ്രവാസി ഇന്ത്യക്കാരിൽനിന്ന്‌ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുവാദ അപേക്ഷയിൽ ഉടൻ തീരുമാനമാകും. 

കൃഷി വായ്‌പ: പലിശ ഏഴിലും താഴും
നബാർഡിൽനിന്ന്‌ 4.5 ശതമാനം പലിശയ്‌ക്ക്‌ ലഭിക്കുന്ന കൃഷി വായ്‌പ നിലവിൽ ഏഴു ശതമാനത്തിനാണ്‌ കർഷകർക്ക്‌ ലഭിക്കുന്നത്‌. ജില്ലാ ബാങ്ക്‌ തട്ട്‌ ഒഴിവായതോടെ ഇതിലും താഴ്‌ന്ന പലിശനിരക്ക്‌ ഉറപ്പിക്കാനാകും.  ബാങ്കിന്‌ നബാർഡിൽനിന്ന്‌ കൂടുതൽ പുനർവായ്‌പ ലഭ്യമാക്കാനാകും. ഇത്‌ കാർഷിക വായ്‌പയുടെ അളവ്‌ വർധിപ്പിക്കും.


പ്രധാന വാർത്തകൾ
 Top