02 June Tuesday

കശ്‌മീർ ബാങ്ക്‌ പോലെ വികസനകുതിപ്പിൽ അഭിമാനമാകട്ടെ കേരള ബാങ്കും : തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

മുൻകാലങ്ങളിൽ  കേരളത്തിന്റെ വാണിജ്യ കൃഷി, വ്യാപാരം എന്നിവയുടെ വികാസത്തില്‍ തദ്ദേശ ബാങ്കുകള്‍ വഹിച്ച പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു . എന്നാല്‍ അത്തരത്തില്‍ പങ്ക് വഹിക്കാന്‍ കഴിയുന്ന കേരളത്തിന്റേതായ ഒരു ബാങ്ക് ഇന്നില്ല . എസ് ബി ടി, എസ് ബി ഐ യില്‍ ലയിച്ചു. മറ്റ് പല ബാങ്കുകളും പുറത്തുള്ളവര്‍ ഏറ്റെടുത്തു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ആ ബാങ്കുകളുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത് ദേശീയ തലത്തിലുമാണ്‌ . അതിനാലാണ്‌  കേരളത്തോട് താല്‍പര്യമുള്ള, കേരളത്തില്‍ വേരുകളുള്ള ഒരു ബാങ്കിന്‍റെ രൂപീകരണം പ്രാധാന്യമര്‍ഹിക്കുന്നതെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. കശ്‌മീരിന്റെ  വികനസത്തിൽ നിർണായമാണ്‌ കശ്‌മീർ ബാങ്ക്‌. അതുപോലെ അഭിമാനമാകാൻ കേരള ബാങ്കിനും കഴിയുമെന്ന്‌ ഐസക്‌ ഫേസ്‌ബുക്‌ പോസ്‌റ്റിൽ പറഞ്ഞു.

 പോസ്‌റ്റ്‌ ചുവടെ

കഴിഞ്ഞ തവണ മന്ത്രിയായിരുന്നപ്പോഴാണ് ജമ്മു കശ്മീര്‍ ബാങ്കിന്‍റെ ലോഗോ പ്രകാശനചടങ്ങിന് സി ഡി എസില്‍ സഹവിദ്യാര്‍ഥി ആയിരുന്ന ഹസീബ് ഡ്രാബു എന്നെ കശ്മീരിലേയ്ക്ക് ക്ഷണിച്ചത്. ഡ്രാബു അന്ന് ഈ ബാങ്കിന്‍റെ ചെയര്‍മാനായിരുന്നു. പിന്നീടദ്ദേഹം ജമ്മു കശ്മീര്‍ ധനമന്ത്രിയുമായി. അതിഗംഭീരമായിരുന്നു ആ ചടങ്ങ്. കശ്മീരിന്‍റെ വികസനത്തില്‍ നിര്‍ണായകമായ പങ്കാണ് ഈ ബാങ്ക് വഹിക്കുന്നത്. ലീവെടുത്ത് ഏതാനും വര്‍ഷം ബാങ്കില്‍ ജോലി ചെയ്യാന്‍ വിദേശത്തു നിന്നു വന്ന ഏതാനും കാശ്മീരികളെയും ഞാന്‍ നേരിട്ടു കണ്ടു. ഓരോ കാശ്മീരിയുടെയും അഭിമാനമാണ് ഈ ബാങ്ക് എന്നു എനിക്കു അനുഭവപ്പെട്ടു

ഇപ്പോള്‍ രൂപീകരിക്കാന്‍ പോകുന്ന കേരള ബാങ്കിന് സമാനമായൊരു ധര്‍മ്മം കേരളത്തിന്‍റെ വികസനത്തില്‍ നിര്‍വഹിക്കാനാകും. നമ്മള്‍ ഒത്തിരി നാള്‍ കേരളത്തിന്‍റെ കെ എഫ് സി . പോലെ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തെ രൂപാന്തരപ്പെടുത്തുന്നതിന്‍റെ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട് . അതൊന്നും പ്രായോഗികമായിരുന്നില്ല. പുതിയൊരു ബാങ്ക് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു റിസര്‍വ്വ് ബാങ്ക് അനുമതി നാല്‍കാനുള്ള സാധ്യത വിരളമാണ്. അങ്ങിനെയാണ് സഹകരണ ജില്ല ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും ചേര്‍ത്തു കേരളത്തിന്റേതായ ഒരു ഭീമന്‍ ബാങ്ക് രൂപീകരിക്കുന്നതിനുള്ള ആശയം സഖാവ് പിണറായി വിജയന്‍ മുന്നോട്ട് വച്ചത്. ഇത്തരത്തില്‍ കേരളത്തെ പോലുള്ള ചെറു സംസ്ഥാനങ്ങളില്‍ സഹകരണ പ്രസ്ഥാനത്തെ രണ്ട് തട്ടാക്കുന്നതാണ് അഭികാമ്യം എന്നു റിസര്‍വ് ബാങ്കിന്റെ ഒരു പഠന സമിതി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. കേരള പഠന കോണ്‍ഗ്രസ്സില്‍ ഈ ആശയം വിശദമായ ചര്‍ച്ചയ്ക്ക് വിധേയാമായി . അങ്ങിനെ അവസാനം ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോയില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.

ബാംഗ്ലൂര്‍ ഐ ഐ എമ്മി ലെ പ്രൊഫ ശ്രീറാമിനെ കൊണ്ട് ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ബാങ്ക് രൂപീകരണത്തിനായുള്ള ഒരു ടാസ്ക് ഫോഴ്സിനു രൂപം നല്കി. 2017 സെപ്തംബറില്‍ പദ്ധതി റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്നു എത്രയോ വട്ടം ചര്‍ച്ചകളും കത്തിടപാടുകളും നടന്നു. ജില്ല, സംസ്ഥാന സഹകരണ ബാങ്കുകളുടെ ഓഡിറ്റ് നടത്തി ബാലന്‍സ് ഷീറ്റ് ക്ലീന്‍ ആക്കി അങ്ങിനെ എല്ലാ തടസ്സങ്ങളും കടന്നു ഇപ്പോള്‍ അനുമതി നേടിയിരിക്കുകയാണ്

1. കേരള ബാങ്ക് എങ്ങിനെയാണ് നമ്മുടെ വികസനത്തെ സഹായിക്കുക?
കേരള വികസന ചരിത്രം പഠിച്ചാല്‍ 1930 മുതല്‍ ഇവിടുത്തെ വാണിജ്യ കൃഷി, വ്യാപാരം എന്നിവയുടെ വികാസത്തില്‍ തദ്ദേശ ബാങ്കുകള്‍ വഹിച്ച പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു എന്നു കാണാം. എന്നാല്‍ അത്തരത്തില്‍ പങ്ക് വഹിക്കാന്‍ കഴിയുന്ന കേരളത്തിന്റേതായ ഒരു ബാങ്ക് ഇന്നില്ല . എസ് ബി ടി, എസ് ബി ഐ യില്‍ ലയിച്ചു. മറ്റ് പല ബാങ്കുകളും പുറത്തുള്ളവര്‍ ഏറ്റെടുത്തു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ എല്ലാം തീരുമാനിക്കപ്പെടുന്നത് ദേശീയ തലത്തില്‍ ആണെന്ന് വന്നിരിക്കുകയാണ്. ഈ പശാചാത്തലില്‍ ആണ് കേരളത്തോട് താല്‍പര്യമുള്ള, കേരളത്തില്‍ വേരുകളുള്ള ഒരു ബാങ്കിന്‍റെ രൂപീകരണം പ്രാധാന്യമര്‍ഹിക്കുന്നത്. കേരളത്തില്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന വലിയ സംരഭങ്ങള്‍ക്ക് വായ്പ്പ നല്കാന്‍ കേരള ബാങ്കിന് കഴിയും.

2. ഇപ്പോള്‍ തന്നെ സഹകരണ ബാങ്കുകള്‍ അങ്ങിനെയൊരു പങ്ക് വഹിക്കുന്നുണ്ടല്ലോ? അപ്പോള്‍ പിന്നെ പുതിയ ബാങ്കിന്റെ പ്രസക്തി എന്തു?

തീര്‍ച്ചയായും, സഹകരണ ബാങ്കുകള്‍ സജീവമായി നാടിന്റെ വികസനത്തില്‍ ഇടപെടുന്നുണ്ട്. എന്നാല്‍ അതിനു പരിമിതികള്‍ ഉണ്ട്. പ്രാഥമീക സഹകരണ സംഘങ്ങളെ ഇന്നത്തേത് പോലെ തന്നെ നിലനിര്‍ത്തി കൊണ്ട് മേല്‍ത്തട്ടിലെ സംയോജനത്തിലൂടെ ഈ പരിമിതികളെ മറികടക്കാനാവും. സംയോജനത്തെ തുടര്‍ന്നുണ്ടാകുന്ന പുതിയ ബാങ്ക് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് ആയി മാരും. കേരളത്തിലേക്ക് വിദേശ മലയാളികള്‍ പ്രതിവര്‍ഷം 85000 കോടി രൂപയാണ് അയക്കുന്നത്. കേരള ബാങ്കുകളിലെ എന്‍ ആര്‍ ഐ ഡെപോസിറ്റ് ഒന്നേകാല്‍ ലക്ഷം കോടി രൂപ വരും. പ്രവാസി മലയാളികളുടെ ഡെപ്പോസിറ്റുകള്‍ വാങ്ങാന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുവാദം ഇല്ല . എന്നാല്‍ പുതിയ ബാങ്കിന്‍റെ രൂപീകരണത്തോടെ ഈ സ്ഥിതി വിശേഷം പാടേ മാറാന്‍ പോകുകയാണ്. നല്ലൊരു പങ്ക് എന്‍ ആര്‍ ഐ ഡെപ്പോസിറ്റ് ആകര്‍ഷിക്കാന്‍ പുതിയ ബാങ്കിന് കഴിയും. കേരളത്തിന്റെ വികസനത്തില്‍ പങ്കാളികള്‍ ആവാന്‍ പ്രവാസികള്‍ ഡെപോസിറ്റ് കേരള ബാങ്കില്‍ ആക്കിയാല്‍ മാത്രം മതി. ഒന്നോ രണ്ടോ വര്‍ഷത്തിനിടയില്‍ ഇത് കേരളത്തിലെ ഏറ്റവും വലിയ ബാങ്ക് ആയി മാറും.

3. ഈ ഡെപ്പോസിറ്റുകളുടെ സുരക്ഷിതത്വത്തിന് എന്താണ് ഉറപ്പ്? പഞ്ചാബ് മഹാരാഷ്ട്ര കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രതിസന്ധി ഇപ്പൊഴും മാറിയിട്ടില്ലല്ലോ?

പുതിയ ബാങ്ക് ഒരു ഷെഡ്യൂള്‍ഡ് ബാങ്ക് ആയിരിയ്ക്കും. റിസര്‍വ് ബാങ്കിന്റെ പൂര്‍ണ്ണ മേല്‍നോട്ടത്തിലും നിബന്ധനകള്‍ക്കും അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക . ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ട സഹകാരികള്‍ക്ക് പുറമെ സ്വതന്ത്ര വിദഗ്ദരും ഡയറക്ടര്‍മാര്‍ ആയി ഉണ്ടാകും. അത് കൊണ്ട് കേരള ബാങ്കില്‍ ഉള്ള നിക്ഷേപം മറ്റേത് വാണിജ്യ ബാങ്ക് പോലെയും സുരക്ഷിതമായിരിക്കും.

4. ഇത്തരമൊരു ഭീമന്‍ ബാങ്ക് സഹകരണ ജനാധിപത്യത്തിന്റെ മേല്‍ കത്തി വയ്ക്കുകയല്ലേ ? കേരളത്തിലെ പ്രാഥമീക സഹകരണ സംഘങ്ങള്‍ ദുര്‍ബലമാകില്ലെ?
ജില്ല ബാങ്കുകള്‍ സംയോജിക്കപ്പെടുന്നു എന്നല്ലാതെ കീഴ്ത്തട്ടിലെ പ്രാഥമീക സഹകരണ ബാങ്കുകളുടെ ജനാധിപത്യ രൂപത്തിന് ഒരു മാറ്റവും വരില്ല. മാത്രമല്ല ഇത് പോലൊരു സംവിധാനത്തിന്റെ സംരക്ഷണ കവചം ഉണ്ടെങ്കില്‍ മാത്രമേ പ്രാഥമീക സഹകരണ ബാങ്കുകള്‍ക്ക് നില നില്‍ക്കാനാവൂ. നമ്മുടെ പ്രാഥമീക സഹകരണ ബാങ്കുകള്‍ മറ്റ് ബാങ്കിങ്ങേതര സേവനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നാണല്ലോ വൈദ്യനാഥന്‍ കമ്മിറ്റിയും റിസര്‍വ് ബാങ്കുമെല്ലാം വാദിക്കുന്നത്. നമ്മള്‍ വഴങ്ങിയിട്ടില്ല . അത് കൊണ്ട് ഈ സ്ഥാപനങ്ങളെ അവര്‍ ബാങ്കുകളായി അംഗീകരിക്കുന്നില്ല . കോര്‍ ബാങ്കിങ്ങിലേക്ക് വരുന്നതിനോ ആധുനീക ബാങ്കിങ് സൌകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്നതിനോ കഴിയില്ല. ഇതിന്റെ കെടുതികള്‍ നോട്ട്നിരോധന കാലത്ത് നമ്മള്‍ അനുഭവിച്ചിരുന്നു. ആധുനീകവും ശക്തവുമായ ഒരു മേല്‍ത്തട്ട് ബാങ്കിങ് സംവിധാനത്തിന് മാത്രമേ നമ്മുടെ പ്രാഥമീക സഹകരണ ബാങ്കുകളെ ഇന്നത്തെ പോലെ നിലനിര്‍ത്തി കൊണ്ട് മുന്നോട്ട് പോകാനാവൂ

5. ശരി. പുതിയ ബാങ്ക് കേരളത്തിന്‍റെ വികസനത്തിന് നന്ന് .പക്ഷേ കേരളത്തിലെ സാധാരണക്കാരായ ബാങ്ക് ഇടപാടുകാര്‍ക്ക് ഇത് കൊണ്ടെന്ത് നേട്ടം?

വായ്പാ പലിശ കുറയും എന്നതാണ് പ്രധാന ആകര്‍ഷണം. കൃഷിക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വായ്പ ലഭ്യമാകും. ഏകോപനത്തിലൂടെ ശക്തമാകുന്ന കേരള ബാങ്കിന്റെ ധനസ്ഥിതിയില്‍ നബാര്‍ഡില്‍ നിന്നും കൂടുതല്‍ പുനര്‍വായ്പ ലഭിക്കും. നബാര്‍ഡില്‍ നിന്നും ലഭിക്കുന്ന പുനര്‍വായ്പ ജില്ലാ ബാങ്ക് എന്ന ഒരു തലം ഒഴിവായാല്‍ കര്‍ഷകര്‍ക്ക് നിലവിലെ 7 ശതമാനം എന്ന പലിശ നിരക്കില്‍ നിന്നും കുറച്ചു നല്‍കാനാകും. കാര്‍ഷികേതര വായ്പകളുടേയും പലിശ നിരക്ക് കുറയ്ക്കാന്‍ സാധിക്കും. കേരളത്തിന്‍റെ സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് രണ്ടു തട്ടുമതി എന്ന് റിസര്‍വ് ബാങ്കിന്‍റെ തന്നെ നിര്‍ദ്ദേശമുണ്ട്.

സ്വകാര്യ, ന്യൂജനറേഷന്‍, ദേശസാല്‍കൃത ബാങ്കുകള്‍ ഉപഭോക്താക്കളെ വിവിധ രീതികളില്‍ പിഴിയുകയാണ്. സേവന ചാര്‍ജുകള്‍, പിഴ എന്നീ ഇനങ്ങളില്‍ ആയിരക്കണക്കിന് കോടി രൂപയാണ് അവര്‍ പൊതുജനത്തില്‍ നിന്നു പിഴിഞ്ഞെടുക്കുന്നത്. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്ക് കഴി‍ഞ്ഞ 1 വര്‍ഷം അക്കൌണ്ടില്‍ മിനിമം ബാലന്‍സ് ഇല്ല എന്ന പേരില്‍ 1772 കോടി രൂപയാണ് ജനങ്ങളില്‍ നിന്നും കൈവശമാക്കിയത്. ഈ കൊടിയ ചൂഷണത്തിന് പുതിയ ബാങ്ക് അറുതി വരുത്തും

6. എങ്ങിനെയാണ് പുതിയ ബാങ്ക് നമ്മുടെ സഹകരണ ബാങ്കിങ് മേഖലയുടെ നവീകരണത്തിന് സഹായിക്കുക?

സംസ്ഥാന വ്യാപകമായി ഓണ്‍ ലൈന്‍ ബാങ്കിംഗ് സേവനങ്ങളും സാങ്കേതിക സൗകര്യങ്ങളുമൊരുക്കാന്‍ നിലവിലെ സ്ഥിതിയില്‍ സഹകരണ ബാങ്കുകള്‍ക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ കേരള ബാങ്കിന് ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ നിഷ്പ്രയാസം ഏര്‍പ്പെടുത്താനാകും. ഓണ്‍ലൈന്‍ ബാങ്കിംഗ്, എടിഎം, ഡെബിറ്റ് കാര്‍ഡ് എന്നിവയെല്ലാം കേരള ബാങ്കിലുണ്ടാകും. പ്രാഥമീക സഹകരണബാങ്കുകളിലെ അക്കൌണ്ടുകള്‍ക്ക് മിറര്‍ അക്കൌണ്ട് കേരള ബാങ്കില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അവിടെയുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും കോര്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാം. ഇത് വഴി പുതുതലമുറയെ സഹകരണബാങ്കുകളിലെക്കു ആകര്‍ഷിക്കാന്‍ കഴിയും. ഇപ്പോള്‍ സഹകരണ ബാങ്കുകളുടെ ഇടപാടുകാരില്‍ 46% പേരും 50 വയസ്സിന് മുകളിലുള്ളവരാണ്. 23.5% മാത്രമേ 35 വയസ്സില്‍ താഴെയുള്ളവരുള്ളൂ.

7. പ്രതിപക്ഷം എന്തുകൊണ്ട് എതിര്‍ക്കുന്നു?
കേരള ബാങ്ക് രൂപീകരണം എന്ത് വില കൊടുത്തും തടയുമെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹം ഇക്കാര്യം ഉന്നയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്തയക്കുക വരെ ചെയ്യുന്ന സ്ഥിതിയുണ്ടായി. വ്യാജ ആരോപണ കത്തുകള്‍ അയച്ചു , കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്തു, ജില്ലാ ബാങ്ക് ഭരണം നഷ്ടമാകുമെന്ന ആശങ്കയാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന് കാരണം. പക്ഷേ സംസ്ഥാനതല ബാങ്കിലും ജനാധിപത്യപരമായ പങ്കാളിത്തം ഉറപ്പ് വരുത്തിയിട്ടുണ്ടല്ലോ. മൂക്കിനപ്പുറം കാണാന്‍ കഴിയാത്ത രാഷ്ട്രീയം ആണവരെ നയിക്കുന്നത്. കിഫ്ബിയോടുള്ളത് പോലെ നിരര്‍ത്ഥകമായ എതിര്‍പ്പ്.

ഏറ്റവും പ്രൊഫഷണലായി, ആര്‍ബിഐയുടെ പൂര്‍ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കും എന്നതാകും കേരള ബാങ്കിന്‍റെ മുഖമുദ്ര. അതോടൊപ്പം കേരളത്തോടുള്ള പ്രതിബദ്ധതയും അതു നിറവേറ്റും. കേരളവികസനത്തില്‍ ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്ന വഴിത്തിരിവാണ് കേരള ബാങ്കിന്‍റെ രൂപീകരണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top