01 June Thursday

വനിതകള്‍ക്ക്‌ വായ്പ 
പദ്ധതി ; മാതൃകാപരമായ ഇടപെടലുമായി കേരള ബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023


പാലക്കാട്
വനിതാദിനാഘോഷത്തിൽ മാതൃകാപരമായ ഇടപെടലുമായി കേരള ബാങ്ക്. വനിതകളെ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാ​ഗമായി രണ്ട് വായ്പ പദ്ധതികളാണ് ബാങ്ക് പ്രഖ്യാപിച്ചത്. ടൂ വീലർ വായ്പ, വനിത പ്ലസ് ബിസിനസ് വായ്പകളുടെ സംസ്ഥാന വിതരണോദ്ഘാടനം ഭരണസമിതി അംഗം അഡ്വ. പുഷ്പദാസ് നിർവഹിച്ചു. ബാങ്ക് ഡയറക്ടർ കെ ജി വത്സലകുമാരി അധ്യക്ഷയായി.

ഷീ ടു വീലർ വായ്പ
ഇരുചക്ര വാഹനങ്ങൾ‍ വാങ്ങാൻ രണ്ട് ലക്ഷം രൂപവരെയാണ് വനിതകൾക്ക് വായ്പ അനുവദിക്കുന്നത്. വിദ്യാർഥിനികൾ, ​ഗവേഷണ വിദ്യാർഥികൾ, സർക്കാർ, അർധസർക്കാർ, സഹകരണ, പൊതുമേഖല, സ്വകാര്യ മേഖല എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കാണ് വായ്പ നൽകുന്നത്. 9.75 ശതമാനം നിരക്കിൽ ഏഴ് വർഷക്കാലയളവിലാണ് വായ്പ നൽകുന്നത്.

ജോലി സ്ഥലത്ത് പോകാനും വരാനും കൂടുതൽ സ്വതന്ത്രരായി പെരുമാറാൻ വാഹനം സഹായിക്കുമെന്ന ചിന്തയിലാണ് വാഹനത്തിന് വായ്പ നൽകാൻ ബാങ്ക് തീരുമാനിച്ചത്. 18 മുതൽ 65 വയസ് വരെയുള്ളവർക്ക് വായ്പ നൽകും.

വനിത പ്ലസ് ബിസിനസ് വായ്പ
വനിതകൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ അഞ്ച് ലക്ഷം നൽകുന്ന പദ്ധതി. ഫുഡ് കേറ്ററിങ്, ബ്യൂട്ടി പാർലർ, തയ്യൽ, ട്യൂഷൻ, ഡേ കെയർ എന്നിവ തുടങ്ങാൻ വായ്പ അനുവദിക്കും. 9.75 ശതമാനം നിരക്കിൽ ഏഴ് വർഷക്കാലയളവിലാണ് വായ്പ നൽകുന്നത്. 18 മുതൽ 65 വയസ് വരെയുള്ളവർക്ക് വായ്പ നൽകും. കുടുംബ വരുമാനം 45,000 രൂപയിൽ കുറഞ്ഞവരെയാണ് വായ്പയ്ക്കായി പരി​ഗണിക്കുന്നത്.

സാധാരണ വായ്പകൾക്ക് 12 ശതമാനം വരെ പലിശ ഈടാക്കുമ്പോഴാണ് ഈ രണ്ട് വായ്പയ്ക്കും പലിശ കുറച്ചിരിക്കുന്നത്. കേരള ബാങ്കിന് കീഴിലെ എല്ലാ സഹകരണ ബാങ്കുകളിലൂടെയും വായ്പ ലഭിക്കും. കേരള ബാങ്ക് ഡയറക്ടർ നിർമലാദേവി മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ എ പ്രഭാകരൻ എംഎൽഎ, മാനേജ്മെന്റ് അംഗം പി എ ഉമ്മർ, ചീഫ് ജനറൽ മാനേജർ കെ സി സഹദേവൻ, നബാർഡ് ഡിഡിഎം കവിത റാം, കേരള ബാങ്ക് പാലക്കാട് റീജണൽ ജനറൽ മാനേജർ പി കെ മേനോൻ, ദീപ് ജോസ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അകത്തേത്തറ പഞ്ചായത്ത് അം​ഗം കെ കെ നസീമ, ആർഡിഒ ഡി അമൃതവല്ലി, ​ഡോ. സുനിത ​ഗണേഷ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top