16 January Saturday

കേരള ബാങ്ക്‌ ആദ്യ ഭരണസമിതി ചുമതലയേറ്റു; പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ, വൈസ്‌ പ്രസിഡന്റ്‌ എം കെ കണ്ണൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

കേരള ബാങ്ക്‌ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഗോപി കോട്ടമുറിക്കലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിക്കുന്നു


തിരുവനന്തപുരം> കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ആദ്യ  ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനേയും വൈസ്‌ പ്രസിഡന്റായി എം കെ കണ്ണനേയും തെരഞ്ഞെടുത്തു.

കേരളാബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയിൽ മുഖ്യമന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകൾ കേരളം ബാങ്കിനുണ്ടെന്നും ഒരു ജില്ല മാത്രം അതിൽനിന്നും മാറി നിൽക്കുന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലതാമസം ഇല്ലാതെ കേരള ബാങ്കിന്റെ ഭാഗമായി മാറാൻ മലപ്പുറം തയാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് കേരള ബാങ്ക് വഴി സംവിധാനം ഒരുക്കും. കേരള ബാങ്കിന്റെ അനുകൂല്യങ്ങൾ ഒരു ജില്ലക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ല. വിട്ടു നിൽക്കാനുള്ള തീരുമാനത്തിന് നേതൃത്വം നൽകിയവർ പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗോപി കോട്ടമുറിക്കലും എം കെ കണ്ണനും

ഗോപി കോട്ടമുറിക്കലും എം കെ കണ്ണനും

കോവിഡ്‌ മാനദണ്ഡം പാലിച്ച് രാവിലെ  ബാങ്ക്‌ ആസ്ഥാനത്താണ്‌ ചുമതലയേറ്റത്‌. മന്ത്രിമാരായ ടി എം തോമസ്‌ ഐസക്‌, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു.

കേരളത്തിന്റെ നമ്പർ വൺ ബാങ്കായി കേരളാ ബാങ്ക് മാറുമെന്നും ഷെഡ്യൂൾഡ് ബാങ്കുകളുടെ കാര്യത്തിലും കേരളാ ബാങ്ക് ഒന്നാമത് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌  ഉജ്വല വിജയം നേടിയിരുന്നു. എൽഡിഎഫിന്റെ മുഴുവൻ സ്ഥാനാർഥികളും തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ, മുൻ ജില്ലാ സഹകരണ ബാങ്ക്‌ ആസ്ഥാനങ്ങളിലായിരുന്നു (നിലവിൽ കേരള ബാങ്കിന്റെ ക്രെഡിറ്റ്‌ പ്രോസസിങ്‌ സെന്ററുകൾ) വോട്ടെടുപ്പ്‌. മലപ്പുറം ജില്ലാ ബാങ്ക്‌ കേരള ബാങ്കിൽ ലയിച്ചിട്ടില്ലാത്തതിനാൽ, ഈ ജില്ലയിൽനിന്ന്‌ പ്രതിനിധിയില്ല.

എൽഡിഎഫ്‌ പ്രതിനിധികളായി അഡ്വ. എസ്‌ ഷാജഹാൻ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എം സത്യപാലൻ (ആലപ്പുഴ), കെ ജെ ഫിലിപ്പ്‌ (കോട്ടയം), കെ വി ശശി (ഇടുക്കി), എം കെ കണ്ണൻ (തൃശൂർ), എ പ്രഭാകരൻ (പാലക്കാട്‌), പി ഗഗാറിൻ (വയനാട്‌), സാബു എബ്രഹാം (കാസർകോട്‌), കെ ജി വത്സലകുമാരി (കണ്ണൂർ), ഗോപി കോട്ടമുറിക്കൽ (അർബൻ ബാങ്ക്‌ പ്രതിനിധി) എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

എൽഡിഎഫ്‌ പ്രതിനിധികളായ മൂന്നുപേരെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. കോഴിക്കോട്‌ ജില്ലയിൽനിന്ന്‌ രമേശ്‌ ബാബു (പട്ടികജാതി വിഭാഗം), വനിതാ സംവരണ വിഭാഗത്തിൽ നിർമലാ ദേവി (പത്തനംതിട്ട), പുഷ്‌പ ദാസ്‌ (എറണാകുളം) എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

തെരഞ്ഞെടുക്കപ്പെടുന്നവർക്കുപുറമെ ആറുപേർകൂടി ചേരുന്നതാണ്‌ കേരള ബാങ്ക്‌ ഭരണസമിതി. രണ്ട്‌ സ്വതന്ത്ര പ്രൊഫഷണൽ ഡയറക്ടർമാരെ സർക്കാർ നാമനിർദേശം ചെയ്യും. സഹകരണ സെക്രട്ടറി, സഹകരണ സംഘം രജിസ്‌ട്രാർ, നബാർഡ്‌ കേരള റീജ്യണൽ ചീഫ്‌ ജനറൽ മാനേജർ, കേരള സംസ്ഥാന സഹകരണ ബാങ്ക്‌ സിഇഒ എന്നിവരും ബോർഡിൽ അംഗങ്ങളായിരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top