14 December Saturday

നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

തിരുവനന്തപുരം> നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറിയുള്ള  പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്‌  സഭ അലങ്കോലമായി. ഇതോടെ സഭ നിർത്തിവെച്ച്‌ സ്പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ ഡയസില്‍ നിന്ന് ഇറങ്ങിപ്പോയി.

അഞ്ച് എംഎല്‍എമാരാണ് സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചത്. സഭയുടെ ചരിത്രത്തില്‍ അസാധാരണമായ സംഭവങ്ങളാണ് ഇന്ന് സഭയില്‍ നടന്നത്.ഇന്നലെ കെഎസ്‌യു നടത്തിയ മാര്‍ച്ചിനിടെ ഷാഫി പറമ്പിൽ എംഎൽഎയെ പൊലീസ്‌ മർദ്ദിച്ചുവെന്നാരോപിച്ചാണ്‌ സഭ ഇന്ന്‌ അലങ്കോലമാക്കിയത്‌.  പ്രതിപക്ഷ പ്രതിഷേധത്തെ ത്തുടര്‍ന്ന് സ്പീക്കര്‍ ഡയസില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറിയ ൃഎംഎല്‍എമാര്‍ക്കെതിരെ നടപടി കൂടിയാലോചനയ്ക്ക് ശേഷമെന്ന് സ്പീക്കര്‍ അറിയിച്ചു. റോജി ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ സാമാന്യ മര്യാദ ലംഘിച്ചാണ് ഡയസില്‍ കയറിയതെന്നും സ്പീക്കര്‍ പറഞ്ഞു.

എംഎല്‍എയ്ക്ക് മര്‍ദ്ദനനേറ്റ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും വിഷയത്തില്‍ മ്യൂസിയം പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി അടിയന്തിര പ്രമേയത്തിന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി ഇപി ജയരാജന്‍ സഭയെ അറിയിച്ചു. സംഭവത്തില്‍ തെറ്റുണ്ടെങ്കില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇപി ജയരാജന്‍ സഭയെ അറിയിച്ചു.എന്നിട്ടും പ്രതിപക്ഷം ബഹളം തുടർന്നു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സഭയില്‍ അസാധാരണ പ്രതിഷേധങ്ങള്‍ നടന്നത്‌. വി ടി ബലറാം എംഎൽഎയാണ്‌ അടിയന്തരപ്രമേയ നോട്ടീസിന്‌ അനുമതി തേടിയത്‌.


പ്രധാന വാർത്തകൾ
 Top