07 July Tuesday

പൊലീസ്‌ ഡാറ്റാബേസ്‌ പുറത്തുപോകുമെന്ന ആശങ്കവേണ്ട; അത് ഭദ്രമായിരിക്കാന്‍ എല്ലാ നടപടിയുമെടുക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

തിരുവനന്തപുരം>പൊലീസ്‌ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുളള സോഫ്‌റ്റ്‌ വെയർ നിർമ്മിക്കുന്നതിന്‌ ആവശ്യമായ ഡാററാബേസ്‌ ഊരാളുങ്കൽ സൊസൈറ്റിക്ക്‌ നൽകുന്നതിൽ സുരക്ഷാവീഴ്‌ചയില്ലെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.ഡാറ്റാ വിവരങ്ങള്‍ ഏതെങ്കിലും തരത്തില്‍ പുറത്തുപോകുമെന്ന ആശങ്ക വേണ്ട. അത് ഭദ്രമായിരിക്കാന്‍ എല്ലാ നടപടികളുമെടുക്കും. അനാവശ്യ ഭീതി പരത്തുകയാണിവിടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 പാസ്‌പോർട്ട്‌ അപേക്ഷകന്റെ പേര്, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പോലീസ് സ്റ്റേഷന്‍ എന്നിവ രേഖപ്പെടുത്തുമ്പോള്‍ ആ വ്യക്തി ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള സൗകര്യം മാത്രമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്‌. ഇതില്‍ ഒരു ഡാറ്റാബേസിന്റേയും ഉടമസ്ഥത സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിന് ആവശ്യമുള്ളതല്ല. ആ ഡാറ്റാബേസില്‍ എന്തൊക്കെയാണ് ഉള്ളതെന്നതിന്റെ വിശദാംശങ്ങളും ലഭ്യമാക്കേണ്ടതില്ല. അതുകൊണ്ടുതന്നെ യാതൊരു രീതിയിലുള്ള സുരക്ഷാപ്രശ്‌നങ്ങളും ഇക്കാര്യത്തിൽ  ഇല്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കെ എസ്‌ ശബരീനാഥനാണ്‌ നോട്ടീസിന്‌ അനുമതി തേടിയത്‌.

പോലീസ് വകുപ്പിനെ സംബന്ധിച്ചിടത്തോളം  പാസ്‌പോര്‍ട്ട് സംബന്ധമായ പോലീസ് വെരിഫിക്കേഷനാണ് സോഫ്‌റ്റ്‌വെയർ ആവശ്യമുള്ളത്‌.  കേന്ദ്രസര്‍ക്കാര്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ വഴി നല്‍കിവന്നിരുന്നത് ഇപ്പോള്‍ സ്വകാര്യ പങ്കാളിത്തത്തോടുകൂടി പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ വഴിയാണ്. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെ സോഫ്റ്റ്‌വെയറും അതിലെ ജീവനക്കാരേയും ഒക്കെത്തന്നെ സ്വകാര്യസംരംഭകരാണ് ലഭ്യമാക്കിയിരിക്കുന്നത്.ഈ സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് പോലീസ് വെരിഫിക്കേഷന്‍ പൂര്‍ണ്ണമായും സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിച്ചത്‌. ഇടപാടിൽ എല്ലാ സുരക്ഷയും സർക്കാർ ഉറപ്പുവരുത്തും.

പുതിയ സാങ്കേതികത ഉപയോഗിക്കുമ്പോൾ ഡാറ്റാബേസിന്റെ സുരക്ഷയെ ബാധിക്കുന്നില്ല എന്നും എ.പി.ഐ. വഴി വിവരങ്ങള്‍ ചോരുന്നില്ല എന്നും ഉറപ്പുവരുത്തും. പോലീസിന്റെ രഹസ്യങ്ങള്‍ ആ രീതിയില്‍ തന്നെ സംരക്ഷിക്കപ്പെടണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.ആവശ്യമായ വിവരങ്ങള്‍ ഡാറ്റാ ആക്‌സസ് വഴി ഉപയോഗിക്കാന്‍ ഒരു സംവിധാനം ഒരുക്കുക എന്ന രീതിയില്‍ ഡാറ്റകളുടെ  സുരക്ഷിതത്വം ഉറപ്പാക്കും.ഈ ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കാനും ഉപയോഗിക്കാനുമുള്ള അധികാരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ.

ഊരാളുങ്കലിനെ നേരത്തെ അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകളും വകുപ്പുകളും ഊരാളുങ്കലിനോട് മമത കാണിക്കുന്നതഅവരുടെ കാര്യക്ഷമത കാരണമാണ്. നല്ലൊരു സ്ഥാപനത്തെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തരുത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതിഫലമൊന്നും നല്‍കിയിട്ടില്ല. ഈ ആപ്ലിക്കേഷന്‍ പൂര്‍ണ്ണമായി വികസിപ്പിച്ച ശേഷം ഈ സ്ഥാപനം അത് കേരളാ പോലീസിന് കൈമാറുന്നതും തുടര്‍ന്നുള്ള പ്രവര്‍ത്തനം കേരള പോലീസിന്റെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് കൈകാര്യം ചെയ്യുന്നതുമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top